വർക്കല: വൃദ്ധയുടെ മരണത്തിൽ മക്കൾ സംശയം ഉന്നയിച്ചതിനെത്തുടർന്ന് കബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ഇടവ തെരുമുക്ക് ഐഷാസിൽ പരേതനായ അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുഹമ്മദ് ബഷീറിന്റെ ഭാര്യ ഹലീമാ ബീവിയുടെ (68) മരണത്തിലാണ് മക്കളും മറ്റ് ബന്ധുക്കളും ഹോംനഴ്സിനെതിരെ സംശയമുന്നയിച്ച് അയിരൂർ പൊലീസിൽ പരാതി നൽകിയത്. മേയ് ഒന്നിനാണ് ഹലീമാബീവി മരിച്ചത്.
അഞ്ചുവർഷം മുൻപ് ശ്വാസകോശം ചുരുങ്ങുന്ന രോഗം ബാധിച്ച ഹലീമാബീവി
കൃത്രിമ ഓക്സിജന്റെ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വാർദ്ധക്യസഹജമായ അവശതകൾ കൂടിയപ്പോഴാണ് മക്കൾ ഏജൻസി മുഖേന ഹോംനഴ്സിനെ നിയമിച്ചത്.കൊല്ലം ചവറ സ്വദേശിയായ ഹോം നഴ്സ് ഏപ്രിൽ 16 മുതൽ ഇടവയിലെ ഹലീമാബീവിയുടെ വീട്ടിൽ താമസിച്ച് പരിചരിച്ചു വരികയായിരുന്നു. ഇവർ രണ്ടുപേരും മാത്രമായിരുന്നു വീട്ടിൽ. ഹലീമാബീവിയുടെ രണ്ടു പെൺമക്കൾ ഭർത്തൃവീട്ടിലും മകനും മറ്റൊരു മകളും വിദേശത്തുമാണ്.
മരണവിവരം ഹോംനഴ്സാണ് ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്.മരണാനന്തരച്ചടങ്ങുകൾക്കുശേഷം വൃദ്ധയുടെ രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ് ബന്ധുക്കൾ പരിശോധിച്ചപ്പോൾ ഇതിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, കമ്മൽ, വള, മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ഹോംനഴ്സിന്റെ ബാഗിൽ നിന്ന് ഹലീമാബീവിയുടെ മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ബന്ധുക്കൾ കണ്ടെടുത്തു. ഇതാണ് ഹോംനഴ്സിനെ സംശയിക്കാനിടയാക്കിയത്.വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും മകൻ കണ്ടെത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് സംശയാസ്പദമായ മരണത്തിന് കേസെടുക്കുകയുമായിരുന്നു.ഇന്നലെ ആലുംമൂട് വലിയ പള്ളിയിലെ കബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് വൈകിട്ടോടെ വീണ്ടും കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |