തൃശൂർ: ലഹരി വിരുദ്ധ പ്രചാരണത്തിനായി വ്യത്യസ്ത മാർഗവുമായി എക്സൈസ് വിമുക്തി മിഷൻ. സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായാണ് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഗാനമേള തൃശൂർ പൂരം എക്സിബിഷനിൽ അരങ്ങേറിയത്. പാട്ടുകൾക്കിടയിലെ ഇടവേളകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി ഹെൽപ് ലൈൻ നമ്പർ അടങ്ങിയ കാർഡുകളുടെ വിതരണം, ഡി അഡിക്ഷൻ ചികിത്സയെ ക്കുറിച്ചുള്ള വിവരണം എന്നിവ നടത്തി.
എക്സൈസ് ഉദ്യോഗസ്ഥരായ സി.ബിനോജ് , കെ.കെ.വത്സൻ, ടി.കെ.കണ്ണൻ, എ.മണികണ്ഠൻ, ഇ.ടി.രാജേഷ്, കെ.എം.വിനോദ് എന്നിവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ കേരളവർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നീ കോളേജുകളിലെ എൻ.എസ്.എസ്, നേർക്കൂട്ടം ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശമടങ്ങിയ തെരുവ് നാടകം, ഫ്ളാഷ് മോബ്, നാടൻ പാട്ട് , മ്യൂസിക് ഡ്രാമയും നടന്നു.
സിവിൽ എക്സൈസ് ഓഫീസർ കെ.എം.കണ്ണൻ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും നടന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മാനേജർ പി.കെ.സതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി . അസി. എക്സൈസ് കമ്മിഷണർ പി.കെ.സതീഷ് കുമാർ , എക്സൈസ് ഓഫീസർമാരായ എം.ബി.വത്സരാജ്, കെ.എൻ.ജയേഷ് , കെ.കെ.രാജു, വിമുക്തി കോ ഓർഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |