ഐ.പി.എൽ ഒന്നാം ക്വാളിഫയർ ഇന്ന്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - സൺറൈസേഴ്സ് ഹൈദരാബാദ്
ജയിക്കുന്ന ടീം ഫൈനലിൽ
അഹമ്മദാബാദ്: ഐ.പി.എൽ പതിനേഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് രാത്രി അറിയാം. രാത്രി 7.30ന് തുടങ്ങുന്ന ക്വാളിഫയർ 1ൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദിസ്റ്റേഡിയത്തിലാണ് മത്സരം.
ബാറ്റിംഗ്
പവർഹൗസുകൾ
ഈ സീസണിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ടീമുകളാണ് കൊൽക്കത്തയും ഹൈദരാബാദും. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ കുറിച്ച ടീമുകളുടെ ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഹൈദരാബാദാണ്. മൂന്നാമത് കൊൽക്കത്തയും. എല്ലാം ഈ സീസണിലെ പ്രകടനങ്ങൾ. ആർ.സി.ബിക്കെതിരെ കഴിഞ്ഞ ഏപ്രിൽ 15ന് ഹൈദരാബാദ് നേടിയ 287/3 ആണ് ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ടോട്ടൽ.
കൊലമാസ്
കൊൽക്കത്ത
സീസണിലെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തിയ കൊൽക്കത്ത 14 മത്സരങ്ങളിൽ നിന്ന് 9 വജയവുമായി 20 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അവസാനം കളത്തിലിറങ്ങിയ 4 മത്സരത്തിലും അവർ ജയിച്ചുകയറി. എന്നാൽ അവരുടെ അവസാന രണ്ട് മത്സരങ്ങളും മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു.
കഴിഞ്ഞ 11ന് മുംബയ്ക്കെതിരായ മത്സരത്തിന് ശേഷം കൊൽക്കത്ത കളത്തിലിറങ്ങിയിട്ടില്ല. പത്ത്ദിവസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നത് ഏതെങ്കിലും രീതിയിൽ ടീമിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. വെടിക്കെട്ട് ഇംഗ്ലീഷ് ഓപ്പണർ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയാണ്. അഫ്ഗാൻ താരം ഗുർബാസായിരിക്കും സാൾട്ടിന് പകരക്കാരൻ. സുനിൽ നരെയ്ൻ, റസ്സൽ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി തുടങ്ങിയ മാച്ച് വിന്നർമാർ അവർക്ക് മുതൽക്കൂട്ടാണ്.
ഹൈപവർ ഹൈദരാബാദ്
14 മത്സരങ്ങളിൽ നിന്ന് 8 ജയമുൾപ്പെടെ 17 പോയിന്റുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ കീഴടക്കിയതോടെയാണ് അവർ രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.തുടർന്ന് രാജസ്ഥാനും കൊൽക്കത്തയും തമ്മിലുള്ള ലീഗിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഹൈദരാബാദ് രണ്ടാം സ്ഥാനവും ക്വാളിഫയർ 1ലേക്ക് യോഗ്യതയും ഉറപ്പിക്കുകയായിരുന്നു.
അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ ത്രിപാതി മൂന്നാം നമ്പറിലെ അവരുടെ തലവേദനയ്ക്ക് പരിഹാരമായി. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്,ക്ലാസ്സൻ, നടരാജൻ തുടങ്ങി കളിയുടെ ഗതിഒറ്റയ്ക്ക് മാറ്റാൻ കഴിവുള്ളവരുടെ സംഘമാണ് എസ്.ആർ.എച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |