വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിരുന്ന വെഞ്ഞാറമൂടിനെ ശ്വാസം മുട്ടിച്ച വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ കുഴികൾ മൂടിത്തുടങ്ങി. വെഞ്ഞാറമൂട് ജംഗ്ഷനിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനിനായി കുഴിയെടുത്തിട്ടിരിക്കുകയാണ്. ആവശ്യം കഴിഞ്ഞിട്ടും ഇത് മൂടാത്ത നിലയിലായിരുന്നു. ഇതേത്തുടർന്ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുകയും എത്രയും വേഗം കുഴികൾ മൂടാൻ നിർദ്ദേശം നൽകുകയുമായിരുന്നു. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കും വാട്ടർ അതോറിട്ടി കുഴിച്ച കുഴികൾ മൂടാത്തതിനെ കുറിച്ചും കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയതിനു പിന്നാലെയാണ് ഈ നടപടി. ടെലിഫോൺ കേബിളിനായി എടുത്ത കുഴികളും വാട്ടർ അതോറിട്ടി പൈപ്പ് ലൈനിനായി സ്ഥാപിച്ച ഭൂരിഭാഗം കുഴികളും റെഡിമിക്സും കോൺക്രീറ്റും ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്നവ പൈപ്പ് ലൈൻ ടെസ്റ്റിംഗ് കഴിഞ്ഞാൽ ഉടൻ മൂടുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |