പാലക്കാട്: കാമുകന്റെ സഹായത്തോടെ ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സദാനന്ദന് 19 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും, ഷീജയ്ക്ക് 9 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഷീജയുടെ ഭർത്താവിന്റെ മാതാപിതാക്കളായ സ്വാമിനാഥനെയും പ്രേമകുമാരിയെയുമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭർത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സദാനന്ദനെ വീട്ടിൽ കാര്യസ്ഥനായി നിറുത്താനും ഭർത്തൃവീട്ടുകാരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും വേണ്ടിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
2017 സെപ്തംബർ 13 ന് രാത്രിയായിരുന്നു സംഭവം. സ്വാമിനാഥനും പ്രേമകുമാരിയും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഷീജ സദാനന്ദനെ വീട്ടിനകത്തേക്ക് കയറ്റി വീട്ടിലെ വെട്ടുകത്തി പ്രതിക്ക് നൽകി ഇരുവരേരും കൊലപ്പെടുത്തുകയായിരുന്നു.
ശേഷം വീടിനകത്ത് സ്വാമിനാഥൻ സൂക്ഷിച്ചിരുന്ന 23,000 രൂപയും പ്രേമകുമാരിയുടെ 28 ഗ്രാം തൂക്കംവരുന്ന സ്വർണമാലയും, 26 ഗ്രാം തൂക്കം വരുന്ന 3 സ്വർണ വളകളും ഇരുവരും ചേർന്ന് മോഷ്ടിച്ചു. കേസന്വേഷണം വഴിതെറ്റിക്കുന്നതിനായി ഷീജ തന്റെ സ്വർണാഭരണങ്ങളും സദാനന്ദന് ഊരിക്കൊടുത്തിരുന്നു. പിന്നീട് വീട്ടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ വാരി വിതറുകയും വീടിനുള്ളിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കിണറ്റിൽ എറിഞ്ഞു. ഷീജയുടെ കൈയും കാലും ബന്ധിച്ച ശേഷം സദാനന്ദൻ ഇവിടെ നിന്ന് കടന്നു. പിന്നീട് മൂന്ന് പേർ തന്നെ ബലാത്സംഗം ചെയ്തെന്നും ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയെന്നും ആരോപിച്ചു വന്ന ഷീജയെ വൈദ്യ പരിശോധന നടത്തിയെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഷീജയിലേക്ക് തന്നെ സംശയം നീണ്ടു. ഷീജയും സദാനന്ദനും തമ്മിലെ ബന്ധം നാട്ടിലറിയാവുന്നവർ പൊലീസിനോട് പറഞ്ഞു. അന്നത്തെ കുഴൽമന്ദം സി.ഐ എ.എം.സിദ്ദിഖാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രൊസിക്യൂഷനു വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്ട്, നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 59 സാക്ഷികളെ വിസ്തരിച്ചു. 175 രേഖകൾ സമർപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |