കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണെന്നും നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടം സംഭവിച്ചതിന്റെ കാരണങ്ങളെപ്പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സർക്കാരാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അപകട കാരണം കുവൈറ്റ് സർക്കാർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. നെടുമ്പാശേരിയിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി അദ്ദേഹം ഉടൻ കൊച്ചിയിലേക്ക് പോകും. മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും ചിഞ്ചുറാണി അടക്കമുള്ളവർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനെത്തും.
മൃതദേഹങ്ങളുമായുള്ള വ്യോമസേന വിമാനങ്ങൾ പത്തരയോടെയാണ് വിമാനത്താവളത്തിൽ എത്തുക. 8.30 ഓടെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്.
വിമാനത്താവളത്തിൽ അധികസമയം പൊതുദർശനമുണ്ടാകില്ലെന്നാണ് വിവരം. മരിച്ചവരുടെ ബന്ധുക്കൾ ഇവിടെ എത്തിയിട്ടുണ്ട്. അതേസമയം, കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അമ്പതായതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. ബാക്കിയെല്ലാവരും ഇന്ത്യക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |