SignIn
Kerala Kaumudi Online
Thursday, 18 July 2024 7.29 AM IST

കേരളം ഗ്യാങ്സ്റ്റർ സ്റ്റേറ്റ് ആയി,​ ഭരിക്കാൻ മറന്നുപോയ സർക്കാർ

kerala

ഭരിക്കാൻ മറന്നുപോയൊരു സർക്കാരാണ് മൂന്നുവർഷം പൂർത്തിയാക്കിയത്. അധികാര ഗർവിൽ ജനങ്ങളെ ഇത്രയും വെല്ലുവിളിച്ചൊരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ. ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പുകളിലും നടക്കുന്നത്. ജനം അധികാരത്തുടർച്ച നൽകിയിട്ടും ഇത്രയും ജനവിരുദ്ധമായി പ്രവർത്തിക്കാൻ മറ്റേതെങ്കിലും സർക്കാരുകൾക്ക് കഴിയുമോ?​

മഴക്കാലപൂർവ ശുചീകരണം പോലും നേരെചൊവ്വെ നടത്താനറിയാത്ത സർക്കാർ. ചികിത്സാ പിഴവുകൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്ന ആശുപത്രികൾ കാലങ്ങളായി ആർജ്ജിച്ചെടുത്ത ആരോഗ്യരംഗത്തിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ക്രമസമാധാനം തകർന്നു. ലഹരി- ഗുണ്ടാ സംഘങ്ങളാണ് സംസ്ഥാനം നിയന്ത്രിക്കുന്നത്. ആർക്കും ആരെയും ക്വട്ടേഷൻ നൽകി കൊല്ലാനോ കാലു വെട്ടാനോ വീട് ആക്രമിക്കാനോ സാധിക്കുന്ന 'ഗ്യാങ്സ്റ്റർ സ്റ്റേറ്റ്" ആയി കേരളം മാറി.

ധൂർത്ത്

മുഖമുദ്ര

സാധാരണക്കാർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ മറുഭാഗത്ത് ധൂർത്തും അഴിമതിയും മുഖമുദ്ര‌യാക്കുകയാണ് സർക്കാർ. സി.പി.എമ്മിനും പാർട്ടി ബന്ധുക്കൾക്കും കിട്ടുന്ന വഴിവിട്ട സഹായമല്ലാതെ ആർക്കാണ് ഈ സർക്കാരിനെക്കൊണ്ട് ഗുണമുള്ളത്? അഴിമതി ആരോപണങ്ങൾ തെളിവു സഹിതം നൽകിയിട്ടും നാവനക്കാതിരുന്ന മുഖ്യമന്ത്രിയും സർക്കാരുമാണിത്. സ്വയരക്ഷയ്ക്ക് സംഘപരിവാറുമായും മോദിയുമായും ഒത്തുതീർപ്പുണ്ടാക്കിയ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനുകൾ മുടങ്ങിയെന്ന് കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയാണ് പാവങ്ങൾക്ക് പെൻഷൻ നൽകാതെ ഇപ്പോഴും സർക്കാരിന്റെ തലപ്പത്തിരിക്കുന്നത്. ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് ആറു മാസമായി. കെട്ടിട നിർമ്മാണ തൊഴിലാളികളുടേത് ഉൾപ്പെടെ ക്ഷേമനിധി പെൻഷനുകൾ ഒരു വർഷമായി നൽകുന്നില്ല. മാവേലി സ്റ്റോറുകളിൽ സാധനങ്ങളും ആശുപത്രികളിൽ മരുന്നുകളുമില്ല. ജീവനക്കാർക്കും വിരമിച്ചവർക്കും 40,​000 കോടി രൂപയാണ് കുടിശിക.

പൂച്ച പെറ്റ

ഖജനാവ്

ഉച്ചക്കഞ്ഞി വിതരണത്തിന്റെ പണം പ്രധാനാദ്ധ്യാപകർക്ക് ഇപ്പോഴും നൽകിയിട്ടില്ല. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെങ്കിലും സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ല. ഈ സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി തകർത്തു തരിപ്പണമാക്കി. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ തെളിവുകൾ പുറത്തുവന്നിട്ടും ഇതുവരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ജനങ്ങളുടെ പോക്കറ്റടിക്കാൻ നിരത്തുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ചതിന്റെ പേരിലും കോടികളുടെ അഴിമതിയാണ് നടത്തിയത്. കെ ഫോണിന്റെ പേരിലും സമാനമായ കൊള്ള നടന്നു. പ്രതിപക്ഷം ഈ അഴിമതികൾ പുറത്തു കൊണ്ടുവന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാനോ പ്രതികരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.

2023- 24 ബഡ്ജറ്റിൽ ലൈഫ് മിഷനിലൂടെ 71,​861 വീടുകൾ പണിയുമെന്ന് പ്രഖ്യാപിച്ചിട്ടും നിർമ്മിക്കാനായത് 31,​356 വീടുകൾ മാത്രമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചു വർഷംകൊണ്ട് നാലര ലക്ഷത്തിലേറെ വീടുകൾ പണിതപ്പോഴാണ് കഴിഞ്ഞ എട്ടുവർഷംകൊണ്ട് ഈ സർക്കാർ നാല് ലക്ഷത്തിൽ താഴെ വീടുകൾ നിർമ്മിച്ചത്. എസ്.സി-എസ്.ടി,​ മത്സ്യത്തൊഴിലാളി മേഖലകളിലുള്ളവരുടെ വീട് നിർമ്മാണത്തിന് പ്രത്യേക പദ്ധതികൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. ഈ പദ്ധതികൾ ലൈഫ് മിഷനിൽ ലയിപ്പിച്ചതോടെ ഈ വിഭാഗങ്ങൾക്ക് കിട്ടേണ്ടിയിരുന്ന പരിഗണന ഇല്ലാതായി.

ആ പദ്ധതികളുടെ

പിതൃത്വം ആർക്ക്?​

വെള്ളക്കരം മൂന്നിരട്ടിയാക്കി. വൈദ്യുതി ചാർജിന്റെ പേരിലും കൊള്ളയാണ്. സപ്ലൈകോയിൽ സാധനങ്ങളൊന്നുമില്ല. നീതിപൂർവകമല്ലാതെ കെട്ടിട പെർമ്മിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ചു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം അടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം താഴേത്തട്ടിലുള്ള ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമായി 'കാരുണ്യ' ഉൾപ്പെടെ എത്രയെത്ര പദ്ധതികളാണ് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയത്. ഇതൊക്കെ ഇല്ലാതാക്കുകയും യു.ഡി.എഫ് കൊണ്ടുവന്ന വികസന പദ്ധതിക്കളുടെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്തല്ലാതെ മറ്റെന്താണ് ഈ സർക്കാർ നടപ്പിലാക്കിയത്?

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിയെന്ന് ഇപ്പോഴും വീമ്പടിക്കുന്നവർ നിലവിൽ ആ രംഗം നേരിടുന്ന നിലവാരത്തകർച്ച കാണുന്നില്ലേ? മലബാർ ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യത്തിന് ബാച്ചുകൾ അനുവദിക്കാതെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ താറുമാറാക്കി. മികവിന്റെ കേന്ദ്രങ്ങളാകേണ്ട സർവകലാശാലകളെ സി.പി.എം നിയന്ത്രണത്തിലാക്കി. വ്യാജ സർട്ടിഫിക്കറ്റും ആൾമാറാട്ടവും പരീക്ഷാ തട്ടിപ്പും എഴുതാത്ത പരീക്ഷയ്ക്കുള്ള വിജയവുമൊക്കെയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഇന്നത്തെ അവസ്ഥ.

പി.എസ്.സി

നോക്കുകുത്തി

ഭരണത്തണലിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം കോളേജുകളെ ഇടിമുറികളാക്കി മാറ്റി. വെറ്ററിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ ക്രിമിനൽ സംഘത്തിന് സി.പി.എം നൽകിയ സംരക്ഷണം കേരളത്തിലെ രക്ഷിതാക്കളെയാണ് അരക്ഷിതത്വത്തിലാക്കിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്യേണ്ട അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെയും നോക്കുകുത്തിയാക്കി പാർട്ടി പ്രവർത്തകർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നൽകുന്ന സർക്കാർ വെല്ലുവിളിക്കുന്നത് യുവജനങ്ങളെയാണ്.

കാർഷിക മേഖല പൂർണമായും തകർന്നു. കർഷക ആത്മഹത്യ ചരിത്രത്തിലില്ലാത്ത വിധം വർദ്ധിച്ചു. മലയോര മേഖലകളിൽ വന്യജീവികളുടെ ആക്രമണം വീടുകളിലേക്കെത്തി. എത്രയോ ജീവനുകളെടുത്തിട്ടും മുഖ്യമന്ത്രിക്കോ വനം മന്ത്രിക്കോ മിണ്ടാട്ടമില്ല. ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകി ചേർത്തുപിടിക്കാനും സർക്കാർ തയ്യാറാകുന്നില്ല. റബറിന് 250 രൂപ താങ്ങുവില നൽകുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയില്ലെന്നു മാത്രമല്ല, റബർ ഇസെന്റീവ് സ്‌കീമിനായി വകയിരുത്തിയ തുകയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. എട്ടു വർഷത്തിനിടെ താങ്ങുവില വെറും 30 രൂപ മാത്രമാണ് ഈ സർക്കാർ വർദ്ധിപ്പിച്ചത്. സംഭരണത്തുക സമയബന്ധിതമായി നൽകാത്തതിനാൽ നെൽ കർഷകരും വലിയ പ്രതിസന്ധിയിലാണ്.

ഗുണ്ടകളുടെ

വിളയാട്ടം

സംസ്ഥാനം ഗുണ്ടകളുടെ കൈപ്പിടിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഗുണ്ടകളെ പേടിച്ച് കാപ്പ നിയമം പോലും നടപ്പാക്കുന്നില്ല. പാർട്ടി നേതാക്കളാണ് പൊലീസിനെ ഭരിക്കുന്നത്. പന്തീരാങ്കാവിൽ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പരാതിയുമായെത്തിയ പിതാവിനെ എസ്.എച്ച്.ഒ പരിഹസിച്ചു. പരാതിയുമായി ഒരു സ്ത്രീക്കും പൊലീസ് സ്റ്റേഷനുകളിൽ പോകാനാകാത്ത അവസ്ഥയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഇത്രയേറെ അതിക്രമങ്ങൾ ഉണ്ടായിട്ടുള്ള കാലവും വേറെയില്ല.

ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഒന്നര വർഷത്തിലേറെയായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നിലനിൽക്കുന്നു. ധനക്കമ്മി, മൊത്തം കടം, റവന്യൂ കമ്മി തുടങ്ങി സാമ്പത്തിക സൂചകങ്ങളെല്ലാം അപകടകരമായ നിലയിലേക്ക് ഉയർന്നു. പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 1.6 ലക്ഷം കോടിയായിരുന്ന മൊത്തം കടം നാലു ലക്ഷം കോടിയിലെത്തി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം മുടക്കിയതോടെ വികസന- ക്ഷേമ പദ്ധതികളെല്ലാം അവതാളത്തിലായി. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് എട്ടുവർഷം കൊണ്ട് പിണറായി സർക്കാർ സംസ്ഥാനത്തെ തള്ളിയിട്ടിരിക്കുന്നത്. ഈ ദുർഭരണം ഇനിയും രണ്ടുവർഷം സഹിക്കേണ്ട ദുർവിധിയിലാണ് കേരളീയർ.

ഫോട്ടോ ക്യാപ്ഷൻ

..........................................

പി.എസ്.സി റാങ്ക്ലിസ്റ്റിലെ മുഴുവൻ പേർക്കും നിയമനം ആവശ്യപ്പെട്ട് ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ നിന്ന് (ഫയൽ ചിത്രം)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.