SignIn
Kerala Kaumudi Online
Thursday, 20 June 2024 12.28 AM IST

സുപ്രീം കോടതിയുടേത് ചരിത്രവിധി,​ കാലാവസ്ഥാ വിപത്തിനും ഇനി നഷ്ടപരിഹാരം

clima-change

കാലാവസ്ഥാ വ്യതിയാനം കാരണം ജനങ്ങൾ നേരിടുന്ന വിപത്തുകൾക്കെതിരെ ഇതുവരെ ഉണ്ടായിരുന്ന പരിമിതമായ അവകാശം സുപ്രീംകോടതിയുടെ ഒരു സുപ്രധാന വിധിയോടെ മൗലികാവകാശമായി മാറിയിരിക്കുന്നു. എൻ.കെ. 'രഞ്ജിത്സിംഗ് വേഴ്സസ് യൂണിയൻ ഒഫ് ഇന്ത്യ" കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ഇക്കഴിഞ്ഞ മാർച്ച് 21-ന് പുറപ്പെടുവിച്ചതാണ് ഈ ചരിത്രവിധി. വിപ്ളവകരവും നീതിയുക്തവുമായി പരിഗണിക്കപ്പെടുന്ന ഈ വിധി, പൗരനു ലഭിച്ച പുതിയ മൗലികാവകാശമായതിനാൽ, ഭാവിയിൽ കാലാവസ്ഥാമാറ്റം കാരണം ദുരിതം അനുഭവിക്കുന്നവർക്ക് വലിയ സഹായവും ആശ്വാസവുമാകും.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 21 വരെയാണ് പൗരന്മാരുടെ പ്രധാന മൗലികാവകാശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമത്തിനു മുമ്പാകെ സമത്വം, മത- വർഗ- ജാതി- ലിംഗ- ജന്മസ്ഥല വിവേചന നിരോധനം, അവസര സമത്വം, തൊട്ടുകൂടായ്മ നിർത്തലാക്കൽ, സംസാര സ്വാതന്ത്ര്യം സംബന്ധിച്ച ചില അവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയവയാണ് പ്രധാനമായും മൗലികാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ അടിസ്ഥാന അവകാശങ്ങളായ ഈ മൗലികാവകാശങ്ങളെ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഒരു നിയമവും രാജ്യം നിർമ്മിക്കുവാൻ പാടില്ല. രാജ്യത്ത് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ഓർഡിനൻസുകൾ, ബൈലാകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, വിജ്ഞാപനങ്ങൾ തുടങ്ങിയവയൊന്നും മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകാൻ പാടുള്ളതുമല്ല.

സുരക്ഷിതമായ

ജീവിതപരിസരം

ജീവനും സ്വത്തിനും ഭരണഘടന നൽകുന്ന മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് നമ്മൾ ജീവിക്കുന്ന പരിസരമെന്നും, അതുകൊണ്ട് ശുചിത്വമുള്ളതും ആരോഗ്യകരവുമായിരിക്കണം ജീവിത പരിസരമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്താലുള്ള പ്രതികൂലാവസ്ഥകൾ ജീവന് ഭീഷണിയും സമത്വ സിദ്ധാന്തത്തിന് ഹാനികരവുമാണ്. അതുകൊണ്ടുതന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ ജീവനും സ്വത്തിനുമുള്ള സംരക്ഷണത്തിന് പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കഷ്ടതകൾ തടസമായി മാറുന്നു.

കാലാവസ്ഥാ മാറ്റം കാരണമുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, കടൽക്ഷോഭം തുടങ്ങിയവ ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്- പ്രത്യേകിച്ച്, ഒരു വിഭാഗം കൃഷിക്കാരെയും, മത്സ്യബന്ധന തൊഴിലാളികളെയും. നെല്ല്, ഗോതമ്പ്, കുരുമുളക്, വാഴ, കരിമ്പ്, തേയില, കാപ്പി, ഏലം തുടങ്ങിയവ കൃഷിചെയ്യുന്നവർക്കാണ് അധികം നഷ്ടമുണ്ടാകുന്നത്. അതായത്, കാലാവസ്ഥാ വ്യതിയാനത്താൽ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗംവും,​ ഈ ദുരിതങ്ങളൊന്നും അനുഭവിക്കാത്ത മറ്റൊരു വിഭാഗവും എന്നതാണ് രാജ്യത്തെ അവസ്ഥ. ഈ സ്ഥിതിയിലാണ് ഭരണഘടന നൽകിയിരിക്കുന്ന മൗലികാവകാശമായ സമത്വ സിദ്ധാന്തം പ്രായോഗികമായി പരാജയപ്പെടുന്നത്.

കോടതികളെ

സമീപിക്കാം

ഇങ്ങനെ കാലാവസ്ഥാമാറ്റം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഈ കഷ്ടതകളിൽ നിന്ന് മുക്തി ലഭിക്കുന്നതിനായുള്ള ഒരു ദൃഢമായ അവകാശ സംരക്ഷണമാണ് ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലൂടെ പൗരനു ലഭിക്കുന്നത്. കാലാവസ്ഥാമാറ്റം മൂലമുള്ള കഷ്ടതകൾക്ക് സർക്കാരുകൾ ഇനി മുതൽ മതിയായ സംരക്ഷണം നൽകിയില്ലെങ്കിൽ പൗരന് നേരിട്ട് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാം. ഭരണാധികാരികളുടെ കാരുണ്യമായിരുന്നു ഇതുവരെ ഇക്കാര്യത്തിൽ ഏക ആശ്രയം.

ആഗോള കാലാവസ്ഥാ വ്യതിയാനം നിമിത്തം പ്രകൃതിയിലുണ്ടാകുന്ന ഹാനികരമായ മാറ്റങ്ങളെയാണ് കാലാവസ്ഥാ മാറ്റമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആഗോള വ്യാപകമായ കാലാവസ്ഥാ മാറ്റങ്ങൾ സൂര്യൻ, ഭൂമി, സമുദ്രങ്ങൾ, കാറ്റ്, മഴ, മഞ്ഞ്, മരുഭൂമി, വനം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ ആഘാതങ്ങൾ നിരവധിയാണ്. സമുദ്രനിരപ്പിന്റെ ഉയർച്ചയാണ് ഇതിൽ ഏറ്റവും വലിയ ആഘാതം. നൂറു വർഷത്തിൽ സമുദ്രജലം എട്ടിഞ്ചു വരെ ഭാവിയിൽ ഉയർന്നേക്കാമെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇതു മൂലം കാലക്രമേണ ലോകത്ത് പല വലിയ നഗരങ്ങളും (ന്യൂയോർക്കും നമ്മുടെ കൊച്ചിയും ഉൾപ്പെടെ)​ നശിക്കുവാൻ സാദ്ധ്യത ഏറെയാണ്. 2050 ആകുമ്പോഴേക്കും സമുദ്രനിരപ്പ് നാശകരമായി മാറാവുന്നതാണെന്നും സംശയിക്കപ്പെടുന്നു.

തീരനഗരങ്ങൾ

കടലെടുക്കും

സമുദ്രജലത്തിന്റെ നിരപ്പ് ഒരടി മുതൽ നാലടി വരെ ഉയർന്നാൽ കടലോര നഗരങ്ങൾ പലതും അപ്രത്യക്ഷമാകും. അന്റാർട്ടിക്കയിലെയോ ഗ്രീൻലാൻഡിനു ചുറ്റുമുള്ള മഞ്ഞുപാളികളോ ഉരുകിയാൽ ഫ്ളോറിഡ, ഹൂസ്റ്റൺ, പേർഷ്യൻ സമുദ്ര തീരങ്ങൾ തുടങ്ങിയവയെല്ലാം മഹാപ്രളയത്തിൽ മുങ്ങും. കാലാവസ്ഥാമാറ്റംകൊണ്ട് കൊടുങ്കാറ്റുകൾ സൃഷ്ടിക്കപ്പെടാം. നീണ്ടുനില്ക്കുന്ന ഉഷ്ണക്കാറ്റ്, വരൾച്ച മുതലായവ നിരന്തരം നേരിടേണ്ടതായി വരും. ഇപ്പോൾത്തന്നെ ഉയർന്ന താപനിലയുള്ള രാജ്യങ്ങളിൽ ആ താപനില വീണ്ടും ഉയരും. ക്രമാനുക്രമമായി മഴ ലഭിച്ചിരുന്നിടത്ത് വരണ്ടതും ചൂട് കൂടിയതുമായ അവസ്ഥ സംജാതമാകും. കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. രോഗവ്യാപനം വർദ്ധിക്കും.

കടൽവെള്ളം അധികമായി ചൂടാകുമ്പോൾ മത്സ്യങ്ങൾ ഉൾവലിയുന്നതിനാൽ മത്സ്യബന്ധനം ഒരുപരിധിവരെ അസാദ്ധ്യമാകും. കൃഷിയിൽ വരുന്ന നാശം ഒരു വലിയ വിഭാഗത്തിന്റെ ആഹാരമായ അരി, ഗോതമ്പ് മുതലായ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തെ ഹാനികരമായി ബാധിക്കും. അന്തരീക്ഷ ഊഷ്‌മാവ് ഓരോ സെന്റിഗ്രേഡ് കൂടുമ്പോഴും പത്തു ശതമാനം വിളവ് കുറഞ്ഞ അവസ്ഥയിലാകും. ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന്റെ ഗതിവച്ച് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്,​ 2050 ആകുമ്പോഴേക്കും നെല്ല്, ഗോതമ്പ് എന്നിവയുടെ ഉത്പാദനം 25 ശതമാനം കുറയുമെന്നാണ്. അത് വലിയ അളവിൽ ഭക്ഷ്യക്ഷാമത്തിന് വഴിവച്ചേക്കാം. കാലാവസ്ഥാമാറ്റം എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഒന്നരലക്ഷത്തിലധികം പേ‌ർ പല കാരണങ്ങളാൽ മരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

വ്യാവസായിക വിപ്ളവത്തിനു ശേഷം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി കൽക്കരിയും പെട്രോളിയവും പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അമ്പത് ശതമാനം വർദ്ധിച്ചു. അത് ഭൂമിയുടെ ഉപരിതല താപനില വലിയ തോതിൽ വർദ്ധിക്കുവാൻ ഇടയാക്കി. ചൂട് കൂടുമ്പോൾ മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുകയും സമുദ്രജലത്തിന് ചൂട് കൂടുകയും ചെയ്യുന്നു. തത്‌ഫലമായി കാറ്റിന്റെ ദിശയും സ്വഭാവവും മാറുകയും കൊടുങ്കാറ്റുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് ഒരു അന്താരാഷ്ട്ര പരിഹാരമാർഗം ആവശ്യമാണെന്നത് ലോകത്ത് വിവിധ രാജ്യങ്ങൾ ചേർന്നുള്ള സംഘടനകൾ നിരന്തരം ചർച്ചചെയ്യുന്ന വിഷയമാണ്. അന്തരീക്ഷ മലിനീകരണം, വനനശീകരണം തുടങ്ങിയവ വലിയ അളവിൽ നിയന്ത്രിച്ചാൽ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുള്ള പ്രതികൂലാവസ്ഥകളുടെ കാഠിന്യം കുറയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.