SignIn
Kerala Kaumudi Online
Monday, 17 June 2024 10.55 PM IST

"ഇക്കുറിയില്ലെങ്കിൽ ഇനിയില്ല", ജനവിധിയറിയാൻ ദിവസങ്ങൾ മാത്രം; അവസാനനിമിഷം എൻ ഡിഎ പറയുന്നതിങ്ങനെ

sureshgopi

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിക്ക് ഇനി ഒമ്പതുനാൾ, മൂന്നു മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇക്കുറി തൃശൂർ. ബി.ജെ.പിക്കായി മോദിയും കോൺഗ്രസിനായി ഖാർഗെ, ഡി.കെ. ശിവകുമാർ എന്നിവരും എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡി. രാജയും എല്ലാം പ്രചാരണം നടത്തിയതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തൃശൂർ മാറി.

തുല്യശക്തികളുടെ പോരാട്ടത്തിൽ വോട്ടെടുപ്പിന് ശേഷമുള്ള അവകാശ വാദങ്ങളിലും മുന്നണികൾ തമ്മിൽ പോര് നടക്കുന്നു. ഇതോടൊപ്പം വോട്ട് മറിക്കൽ ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ആര് ജയിച്ചാലും മറ്റ് രണ്ട് മുന്നണികളിലും പാർട്ടികളിലും പൊട്ടിത്തെറി കൂടി പ്രവചിക്കുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകർ.

യു.ഡി.എഫ്

വൻഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലം ഇക്കുറിയും നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലീഡറുടെ മകൻ കെ. മുരളീധരന്റെ രംഗപ്രവേശമാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാൽചില നേതാക്കൾ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വോട്ടെടുപ്പിന് ശേഷമുള്ള അവലോകന യോഗത്തിൽ കെ. മുരളീധരൻ തന്നെ ആരോപിച്ചത് അണികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും വിജയിച്ചുകയറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്.

എൽ.ഡി.എഫ്
നഷ്ടമായ സീറ്റ് തിരികെപ്പിടിക്കാനുള്ള ദൗത്യമായിരുന്നു ഇക്കുറി എൽ.ഡി.എഫിന്. അതിനാൽ ജനകീയ മുഖമായ വി.എസ്. സുനിൽകുമാറിനെ ഇറക്കി മത്സരത്തിന് വീറും വാശിയും നൽകാൻ എൽ.ഡി.എഫിനായി. സുനിൽകുമാറിന്റെ ശൈലി വോട്ടായി മാറുമെന്നായിരുന്നു കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ത്രികോണപ്പോരാട്ടത്തിൽ സി.പി.ഐ ജയിച്ചുകയറിയപോലെ ലോക്സഭാ മണ്ഡലത്തിലും ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. എന്നാൽ വാർഡ് തലങ്ങളിൽ എൽ.ഡി.എഫ് വോട്ടുകൾ പൂർണമായി ചെയ്തില്ലെന്ന ആരോപണമാണ് ഒരുവശത്ത് ആശങ്ക ഉയർത്തുന്നത്.

എൻ.ഡി.എ
ഇക്കുറിയില്ലെങ്കിൽ ഇനിയില്ല... ബി.ജെ.പിയും എൻ.ഡി.എയും പറയുന്നതിങ്ങനെ. കേരളത്തിൽ താമര വിരിയുന്നത് തൃശൂരിൽ നിന്നാകുമെന്നും അവർ പറയുന്നു. ത്രികോണ മത്സരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ നേടാനായാൽ വിജയിക്കുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. സ്ത്രീ വോട്ടർമാരിൽ തന്നെയാണ് പ്രതീക്ഷയർപ്പിക്കുന്നതും. എന്നാൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകാതെ വരികയും മറ്റ് രണ്ട് മുന്നണികൾക്ക് ഒന്നിന് വീഴുകയും ചെയ്താൽ നിരാശയാകാം ഫലമെന്ന വിലയിരുത്തലുമുണ്ട്.

പരാജയപ്പെട്ടാൽ പൊട്ടിത്തെറി

ആര് വിജയിച്ചാലും പരാജിതരാകുന്ന മറ്റ് രണ്ട് മുന്നണികളിൽ വൻ പൊട്ടിത്തെറികൾക്ക് കളമൊരുങ്ങും. യു.ഡി.എഫ് സ്ഥാനാർത്ഥി മുരളീധരൻ പരാജയപ്പെട്ടാൽ ജില്ലാ കോൺഗ്രസിനുള്ളിൽ വലിയ അഴിച്ചുപണികൾക്ക് സാക്ഷ്യം വഹിച്ചേക്കും. നേതാക്കൾക്കെതിരെയുള്ള മുരളീധരന്റെ ആരോപണം തന്നെയാകും പ്രധാന കാരണം. വിജയിക്കുമെന്ന സാഹചര്യമുണ്ടായിട്ടും പരാജയപ്പെട്ടാൽ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം ഉയരും.

എൽ.ഡി.എഫിനെ സംബന്ധിച്ചും തൃശൂർ സീറ്റ് പിടിച്ചെടുക്കുകയെന്നത് ജീവൻ മരണ പോരാട്ടമായിരുന്നു. അതിൽ വിജയിച്ചില്ലെങ്കിൽ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള വിള്ളലിന് ഇടയാക്കും. കരുവന്നൂർ വിഷയത്തിൽ പ്രതികൂട്ടിലായ സി.പി.എമ്മിനോടുള്ള വോട്ടർമാക്കുള്ള എതിപ്പും പോൾ ചെയ്യാതിരുന്നത് സിപി.എം വോട്ടാണെന്ന ആരോപണവും ചർച്ചയാകും.

ബി.ജെ.പിയെ സംബന്ധിച്ച് മണിപ്പൂർ പോലുള്ള വിഷയത്തിൽ തിരിച്ചടി ഉണ്ടെങ്കിലും മോദിയുടെ സന്ദർശനവും സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവും തരംഗമുണ്ടാക്കിയിട്ടും വിജയിക്കാനായില്ലെങ്കിൽ ജില്ലാ നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരുമെന്നതാണ് അവസ്ഥ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, NDA, BJP, UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.