SignIn
Kerala Kaumudi Online
Sunday, 16 June 2024 12.46 AM IST

ചെറുപ്പക്കാരായ ബംഗ്ളാദേശികൾ കേരളത്തിൽ എത്തുന്നു, വൻ മാഫിയ പിന്നിൽ

migrant-workers

''സാമ്പത്തികമായി ആകെ തകർന്നിരിക്കുമ്പോഴാണ് വൃക്ക നൽകാൻ താത്പര്യമുണ്ടോ എന്ന ചോദ്യവുമായി, വർഷങ്ങളായി പരിചയമുള്ള ഒരാൾ മുന്നിലെത്തിയത്. പേടിക്കേണ്ട കാര്യമില്ലെന്നും എല്ലാം നല്ലതിനല്ലേ എന്നും പറഞ്ഞതോടെ വിശ്വസിച്ചുപോയി. എട്ടര ലക്ഷമായിരുന്നു വാഗ്ദാനം. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയത് മൂന്നര ലക്ഷം. പിന്നെ കണ്ടത് അയാളുടെ തനിനിറമാണ്."" കൊച്ചിയിലെ അവയവക്കച്ചവട റാക്കറ്രിന്റെ കെണിയിൽ വീണ ആലപ്പുഴ സ്വദേശിനിയുടെ തുറന്നുപറച്ചിൽ ഒറ്റപ്പെട്ട സംഭവമല്ല.

''വൃക്കദാനത്തിന് വേറെ ആളുകളെ ബന്ധപ്പെടുത്തിക്കൊടുത്താലേ ബാക്കി പണം നൽകൂ എന്നു പറഞ്ഞായിരുന്നു ഭീഷണി. കുറച്ചുപേരെ അയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എന്നിട്ടും ബാക്കി അഞ്ചുലക്ഷം തന്നതേയില്ല. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ അവയവക്കച്ചവട മാഫിയയുടെ ഏജന്റായ അയാളും സുഹൃത്തുക്കളും മാനസികമായും ശാരീരികമായും പീ‌ഡിപ്പിച്ചു. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായി."" പറയുമ്പോൾ അവരുടെ തൊണ്ടയിടറി.

രാജ്യമാകെ വേരുറപ്പിച്ച അവയവക്കച്ചവട റാക്കറ്റുകൾ പിന്തുടരുന്ന രീതിയിതാണ്. മണിചെയിൻ മോഡൽ തട്ടിപ്പു പോലെ! ലക്ഷങ്ങൾ ലഭിക്കുമെന്നും ഇതിലൂടെ കടങ്ങളെല്ലാം വീട്ടാമെന്നും കരുതിയാണ് ആളുകൾ മുന്നുംപിന്നും ചിന്തിക്കാതെ വൃക്കയും കരളും വിൽക്കാൻ റാക്കറ്റുകളെ സന്നദ്ധത അറിയിക്കുന്നത്. എല്ലാം കഴിയുമ്പോൾ കറിവേപ്പില കണക്കെയാകും. ഉറപ്പുകൾ പാഴ്‌വാക്കാകും. ദിവസക്കൂലിക്കാരും കെട്ടിടനിർമ്മാണ ജോലിക്കാരുമൊക്കെയാണ് കെണിയിൽ വീഴുന്നവരിൽ ബഹുഭൂരിഭാഗം.

മേജർ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ ഇവർക്കൊന്നും കടുപ്പമുള്ള ജോലികൾ തുടരാനാവില്ല. ഒടുവിൽ റാക്കറ്റുകളുടെ ഇടനിലാക്കാരാകേണ്ട ഗതികേടിലേക്ക് എത്തിച്ചേരും. കമ്മിഷൻ തുകയാണ് ഇതിനു പ്രേരിപ്പിക്കുന്നത്. 50,000 രൂപ വരെയാണ് റാക്കറ്റുകൾ നൽകുന്നത്. ഒരിക്കൽ വീണുപോയാൽ തിരികെ കയറാൻ കഴിയുകയുമില്ല. റാക്കറ്റിന്റെ ഭീഷണി തന്നെ കാരണം. നിയമവിരുദ്ധമായ അവയവക്കച്ചവടത്തിന് കൂട്ടുനിന്നതിന് അറസ്റ്രിലാകുമെന്നു ഭയന്ന് പരാതിയുമായി മിക്കവരും പൊലീസിനെ സമീപിക്കാറുമില്ല.

തൃശൂരിലെ വായ്പാ കെണി

കേരളത്തിലെമ്പാടും സ്ത്രീകളുടെ കൂട്ടായ്മകൾക്ക് സ്വകാര്യ പണമിടപാട് സംഘങ്ങൾ വായ്പകൾ നൽകുന്നുണ്ട്. ഇതിലെ ചില കളക്ഷൻ ഏജന്റുമാരുടെ ലക്ഷ്യം പണപ്പിരിവു മാത്രമല്ല; അവയവക്കച്ചവട മാഫിയകൾക്കായി ദാതാക്കളെ എത്തിച്ചുകൊടുക്കലുമാണ്! തൃശൂരിലെ മുല്ലശേരി പഞ്ചായത്തിലെ കൂട്ട അവയവക്കച്ചടം ഇതിന് ഒരു ഉദാഹരണം. തിരിച്ചടവ് മുടങ്ങുമ്പോൾ വായ്പ മുഴുവൻ തീർക്കാനുള്ള പണം നൽകാമെന്ന് ഏജന്റുമാർ അറിയിക്കുന്നതാണ് തുടക്കം. കൊള്ളപ്പലിശയ്ക്ക് നൽകുന്ന കൈവായ്പയും മുടങ്ങുന്നതോടെ ഏജന്റുമാർ തുറുപ്പുചീട്ടിറക്കും. കടങ്ങളെല്ലാം തീർക്കാൻ അവയവം വിൽക്കാനുള്ള സാദ്ധ്യതകളും മോഹനവാഗ്ദാനങ്ങളും നൽകി ഇരകളാക്കുകയാണ് ചെയ്യുക. തൃശൂരിലെ അഞ്ച് സ്ത്രീകളടക്കം ഏഴുപേർ കെണിയിൽ വീണത് ഇങ്ങനെയാണെന്ന് മുല്ലശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു സാക്ഷ്യപ്പെടുത്തുന്നു.

മകളുടെ വിദ്യഭ്യാസത്തിന് പണം കണ്ടെത്താനും കടമെല്ലാം വീട്ടാനുമാണ് ഒരു വീട്ടമ്മ വൃക്ക വിൽക്കാൻ തയ്യാറായത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പറഞ്ഞുറപ്പിച്ച പണം ഏജന്റ് നൽകിയില്ല. കിട്ടിയ തുക ഭർത്താവ് കൈക്കലാക്കിയപ്പോൾ വീട്ടമ്മ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഇവരെ രക്ഷപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. ''ഏഴുപേരെയും കണ്ടെത്തി. അഞ്ചുപേർ വൃക്കയും രണ്ടുപേർ കരളുമാണ് നൽകിയത്. പുറമ്പോക്കിൽ താമസിച്ചിരുന്ന യുവാവ് 12 ലക്ഷം രൂപയ്ക്കാണ് കരൾ വിറ്റത്. ഇവരിപ്പോൾ പല സ്ഥലത്തായാണ് കഴിയുന്നത്. ഫോണുകൾ സ്വിച്ച് ഓഫാണ്. മൂന്നുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിരവധി പേർ ഇരകളായിട്ടുണ്ട്. "" ബാബു പറഞ്ഞു.

കൊണ്ടുവരും; വൃക്ക കവരും

തൊഴിൽരഹിതരായ യുവാക്കളും സ്ത്രീകളുമാണ് അവയവക്കച്ചവട റാക്കറ്റുകളുടെ പ്രധാന ഇരകൾ. ബംഗ്ലാദേശിലെ യുവാക്കളെ ഇന്ത്യയിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്. കഴിഞ്ഞ 12ന് ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു പേർ ഈ അവയവക്കടത്ത് റാക്കറ്റിലെ കണ്ണികളാണ്. ചെറുപ്പക്കാരനായ ബംഗ്ലാദേശ് സ്വദേശി റോബിനാണ് ഒടുവിൽ ഇരയായത്. കുടുംബം പുലർത്താൻ ജോലി തേടി നടക്കുമ്പോഴാണ് രാജു ഹൗലാദാർ എന്നയാൾ പരിചയപ്പെടാൻ എത്തുന്നത്. ഇന്ത്യയിലെ തന്റെ സ്ഥാപനത്തിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇന്ത്യയിലെത്തിച്ച് വൃക്ക തട്ടിയെടുക്കാനുള്ള ചതിയാണിതെന്ന് റോബിൻ എങ്ങനെ കരുതാൻ?​

ജോലിയുടെ ആവശ്യത്തിനായി രക്തപരിശോധനയടക്കം വേണമെന്നു പറഞ്ഞ രാജു, ഇയാളെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയിലെത്തിച്ച്,​ ശസ്ത്രക്രിയ്ക്ക് വിധേയനാകാനുള്ള ആരോഗ്യമുണ്ടോയെന്നും പരിശോധിച്ച് ഉറപ്പിച്ചു. കള്ള പാസ്‌പോർട്ടിലാണ് കൊൽക്കത്തയിൽ എത്തിച്ചത്. ഇന്ത്യയിലെ ഏജന്റ് ഗുജറാത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെയെത്തിയ മാഫിയാ സംഘം ഭീഷണിപ്പെടുത്തി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

പതിനൊന്നു ദിവസം മുറിയിൽ പൂട്ടിയിട്ട ശേഷം തുച്ഛമായ പണം നൽകി ബംഗ്ലാദേശിലേക്ക് മടക്കിയയച്ചെന്നാണ് റോബിനെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോബിൻ പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് രാജുവിനെയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ ഇവർ സമാനമായി ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വേണ്ടത് 20 രേഖ; എല്ലാം വ്യാജം!

ചുരുങ്ങിയത് 20 തരം രേഖകളുണ്ടെങ്കിലേ അവയവദാനം സാധിക്കൂ. രേഖകളെല്ലാം ഏജന്റുമാർ തന്നെ നിർമ്മിക്കും! മുല്ലശേരി പഞ്ചായത്തിൽ അവയവം വിറ്റവരിലാലും രേഖകൾ ഹാജരാക്കാനോ മറ്റോ പഞ്ചായത്ത് ഓഫീസിൽ പോലും എത്തിയിട്ടില്ല. പ്രാദേശിക ഇടനിലക്കാരനാണ് ഇതെല്ലാം ചെയ്തുനൽകിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു പറയുന്നു. സമാനമാണ് കൊച്ചിയിലെ ഒരു ഏജന്റിന്റെ രീതിയും. അവയവം വിൽക്കാൻ തയ്യാറായവരെ സ്വീകർത്താവിന്റെ വീട്ടിൽ രണ്ടുമാസത്തിലധികം താമസിപ്പിക്കും. പിന്നീട് ഇവർ അടുത്ത ബന്ധുവാണെന്ന് പ്രദേശത്താകെ പറഞ്ഞു പരത്തും. ആധാർ കാർഡും റേഷൻ കാർഡ‌ും വരെ വ്യാജമായി നിർമ്മിക്കും. തുടർന്നാണ് ഉദ്യോഗസ്ഥർക്കു മുന്നിലെത്തിക്കുക. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു നൽകേണ്ട ഉത്തരങ്ങളെല്ലാം ഇയാൾ തന്നെ പറഞ്ഞു പഠിപ്പിക്കും!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, LIVER MAFIA, KERALA, ORGAN MAFIA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.