SignIn
Kerala Kaumudi Online
Friday, 27 September 2024 4.44 AM IST

ഡ്രൈ ഡേ ഒഴിവാക്കുന്നതിനെ കുറിച്ച് ചർച്ച നടന്നു, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

Increase Font Size Decrease Font Size Print Page

d

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം നടന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം നടക്കുന്നതെന്നും ഡോ. വേണു ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തര ഫലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ഈസ് ഓഫ് ഡുയിംഗ് ബിസിനസ് പരിഷ്‌കരണങ്ങൾ, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവപല്മെന്റ് ഫണ്ട് വിനിയോഗം, കോടതികളിൽ സർക്കാരിന്റെ കേസുകൾ മെച്ചപ്പെട്ട രീതിയിൽ നടത്തൽ തുടങ്ങിയ കാര്യങ്ങൾ ഈ യോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്ങൾ നിർദേശിക്കാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും രണ്ടു മാസത്തിനുള്ളിൽ ചർച്ചകൾ നടത്തി ആവശ്യമായ നടപടികൾ കണ്ടെത്താനും ഈ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഭാവിയിൽ കൂടുതൽ ചർച്ചകൾക്കായി വിവിധ മേഖലകളും വിഷയങ്ങളും ഈ യോഗത്തിൽ കണ്ടെത്തിയിരുന്നു. ഈ വിഷയങ്ങളുടെ കൂട്ടത്തിൽ സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈഡേ ആചരിക്കുമ്പോൾ വർഷത്തിൽ 12 ദിവസം സംസ്ഥാനത്തു മദ്യ വില്പന ഇല്ല എന്നതിനപ്പുറം ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തർദേശീയവുമായ യോഗങ്ങൾ, ഇൻസെന്റീവ് യാത്രകൾ, കോൺഫറൻസുകൾ, കൺവൻഷൻ, എക്സിബിഷൻ തുടങ്ങിയ ബിസിനസ് സാധ്യതകൾ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നു എന്ന വിഷയം ഉന്നയിക്കപ്പെട്ടു. ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം എത്രയെന്നു വസ്തുനിഷ്ടമായി വിലയിരുത്തണമെന്നും ആവശ്യമായ ചർച്ചകൾക്കു ശേഷം വിശദമായ കുറിപ്പ് സമർപ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്കു ചീഫ് സെക്രട്ടറി യോഗത്തിൽ നിർദേശം നൽകി. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിശോധിച്ച ശേഷം കുറിപ്പ് സമർപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ചു സ്റ്റേക് ഹോൾഡർമാരുമായി ടൂറിസം ഡയറക്ടർ സ്ഥിരമായി യോഗം ചേരാറുള്ളതാണ്. അവരുടെ അഭിപ്രായങ്ങൾ ലഭ്യമാക്കി അവ പരിശോധിക്കുന്നതും അതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതും പതിവായി നടക്കുന്ന കാര്യമാണ്.ഡോ. വി വേണു ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം വ്യവസായം, ടൂറിസം മേഖലകളിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ ഭാഗത്തുനിന്നു വളരെ മുൻപുതന്നെ ഉയർന്നുവന്നിട്ടുള്ള കാര്യമാണ്. എക്സൈസ് വകുപ്പിലും സ്റ്റേക് ഹോൾഡേഴ്സിന്റെ ഭാഗത്തുനിന്നു സമാനമായ ആവശ്യമുയർന്നിട്ടുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി നാലിനു ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലും ഈസ് ഓഫ് ഡുയിങ് ബിസിനസിന്റെ ഭാഗമായി മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു സ്റ്റേക് ഹോൾഡേഴ്സ് ഉന്നയിച്ച വിഷയങ്ങളിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു.

എന്നാൽ ഇതിൽ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളുടെ ആലോചന ഉദ്യോഗസ്ഥതലത്തിൽ മാത്രം നടന്നിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്. ഇതു പതിവായി നടക്കുന്നതുമാണ്. ഇതിനെയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRY DAY, CHIEF SECRETARY, LIQUOR POLICY, DR V VENU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.