SignIn
Kerala Kaumudi Online
Sunday, 20 October 2024 10.24 AM IST

രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും വടകരയിൽ

Increase Font Size Decrease Font Size Print Page
vadakara

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന 20 മണ്ഡലങ്ങളിൽ രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും കവരുന്നത് വടകരയാണ്. ഏത് മുന്നണി ജയിക്കും എന്നതിനപ്പുറത്ത് ജൂൺ നാല് വടകരയുടെ രാഷ്ട്രീയ ഭാവിയെ മാറ്റിമറിക്കുമോ എന്നതാണ് ചോദ്യം. ടി.പി.ചന്ദ്രശേഖരൻ വധത്തോടെ വിരാമമായ അക്രമ പരമ്പരകൾ വടകരയിൽ വീണ്ടും മുളപൊട്ടുമോ എന്നും ജനം ആശങ്കപ്പെടുന്നു. 2024 ഏപ്രിൽ 26 ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം വടകരയാണ്. രാഷ്ട്രീയ പോരാട്ടങ്ങളുടെ തീപ്പൊരി തീർക്കാറുള്ള വടകര മത്സരിച്ചവരുടെ പെരുമകൊണ്ടും എന്നും ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുള്ള മണ്ഡലം കൂടിയാണ്. 1957 മുതൽ കെ. ബി മേനോൻ, എ.വി.രാഘവൻ, അരങ്ങിൽ ശ്രീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഒ. ഭരതൻ, എ.കെ. പ്രേമജം, പി.സതീദേവി, മുല്ലപ്പളളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരെയാണ് ഈ നാട് പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയച്ചിട്ടുള്ളത്. പൊതുവെ ഇടത് മണ്ണായാണ് വടകര അടയാളപ്പെടുത്തപ്പെട്ടിട്ടുളളത്. സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന സമരങ്ങളുടേയും ഏടുകൾ ചേർത്തുവച്ച ചരിത്രമാണ് വടകരയ്ക്കുള്ളത്. ശക്തമായ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാവുമ്പോഴും ഈ മണ്ഡലം അനങ്ങപ്പാറപോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിലകൊള്ളുന്ന ഒരു ഇടത് ഉരുക്കുകോട്ടയായിരുന്നു.

ഇടത്തുനിന്ന് വലത്തേക്ക്

2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് വടകരയുടെ രാഷ്ട്രീയം കീഴ്‌മേൽ മറിഞ്ഞ് തുടങ്ങുന്നത്. കെ.പി.ഉണ്ണികൃഷ്ണൻ, എ.കെ. പ്രേമജം, ഒ.ഭരതൻ, പി.സതിദേവി എന്നിങ്ങനെയുള്ളവരുടെ തുടർച്ചയായ ഇടത് വിജയങ്ങളവസാനിച്ച് തലമുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ രണ്ട് തവണയും കഴിഞ്ഞ തവണ കെ. മുരളീധരനേയും വിജയിപ്പിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റെന്നന്നതിലേക്ക് വടകര മാറി. സി.പി.എമ്മിലെ വിഭാഗീയതയുടെ ഉച്ചസ്ഥായിയിൽ ഒഞ്ചിയത്തെ വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പുതിയ മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിച്ച് ജനവിധി തേടിയപ്പോൾ അടർന്നുപോയ ഇടത് വോട്ടുകൾ ഇടതിന് പരാജയവും വലതിന് വിജയവും സമ്മാനിക്കുന്ന രാഷ്ട്രീയ മുഹൂർത്തമാവുകയായിരുന്നു. പിന്നീട് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ആർ.എം.പി യു.ഡി.എഫിനെ അനുകൂലിച്ചതോടെ പാർലമെന്റ് മണ്ഡലം മാത്രമല്ല വടകര അസംബ്ലി മണ്ഡലത്തിലും ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പഞ്ചായത്തുകളിലും ഭരണമാറ്റം സംഭവിക്കുകയായിരുന്നു. ഇതിൽ ചോറോട് പഞ്ചായത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തിരിച്ചു പിടിച്ചു.

ഇതുകൊണ്ടൊക്കെ തന്നെ വടകര മണ്ഡലം തെരഞ്ഞെടുപ്പ് വേളകളിൽ സവിശേഷ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ആശയ സമരങ്ങളിൽ നിന്ന് ചിലപ്പോഴെല്ലാം ആയുധ പോരാട്ടങ്ങളിലേക്കും വഴുതിവീഴാറുമുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ വർഗീയ സംഘർഷങ്ങളായി മാറാതിരിക്കാനുള്ള ഭഗീരഥ പ്രയത്‌നം വടകരയിലെ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരാറുണ്ട്. 2012 ൽ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം ഒരു വ്യാഴവട്ടത്തോളം അക്രമ രാഷ്ട്രീയത്തേയും കൊലപാതക രാഷ്ട്രീയത്തേയും തള്ളിപ്പറയുന്ന ശക്തമായ നിലപാടാണ് വടകര നാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പിന്

ശേഷവും അക്രമങ്ങൾ

2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കൂത്തുപറമ്പ്, തലശ്ശേരി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങൾ ഒന്നിക്കുന്ന വടകര പാർലമെന്റ് മണ്ഡലം കൂടുതൽ ശ്രദ്ധയും ജാഗ്രതയും നിറഞ്ഞ ഒരിടമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ആരോപണ പ്രത്യാരോപണങ്ങളിൽ തീരാതെ തിരഞ്ഞെടുപ്പു കഴിഞ്ഞും വടകരയിലെ രാഷ്ട്രീയ മണ്ഡലം കലങ്ങിമറിയുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. അശ്ലീല വീഡിയോ വിവാദവും കാഫിർ പരാമർശവും അക്രമ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രംഗത്ത് ഇടതു വലത് കക്ഷികൾ പ്രചാരണ വിഷയമാക്കിയപ്പോൾ അതെല്ലാം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കെട്ടടങ്ങുമെന്നാണ് കരുതിയത്. എന്നാൽ പൊതുസമൂഹത്തിൽ ചേരിതിരിവിന് തന്നെ ഇടയാക്കുംവിധം വടകരയിൽ ഇപ്പോഴും പ്രചാരണം കത്തിനിൽക്കുകയാണ്. 'കാഫിർ' പരാമർശത്തിന്റെ പേരിൽ യു.ഡി.എഫും ആർ.എം.പി.ഐയും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീറും വാശിയും ഏറുകയാണ്. റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കാഫിർ പരാമർശ വീഡിയോ ചമച്ച പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് മാർച്ച് സംഘടിപ്പിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തിയത്. എന്നാൽ, ഈ പരിപാടിയിൽ കെ.എസ്. ഹരിഹരൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെയും ഒരു നടിയെയും ബന്ധപ്പെടുത്തി നടത്തിയ പരാമർശം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കെ.എസ്. ഹരിഹരന്റെ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ പശ്ചാത്തലത്തിൽ പൊലീസ് വടകര മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കിയിരിക്കയാണ്. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും എന്ന ഉറപ്പാണ് പൊലീസ് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നൽകിയിരിക്കുന്നത്.

സമാധാനം ഉറപ്പാക്കണം

കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി വടകരയിൽ പൊലീസ് മുൻകൈയെടുത്ത് അടുത്തിടെ സർവകക്ഷി യോഗം ചേർന്നു. റൂറൽ എസ്.പി ഓഫീസിൽ ഉത്തമേഖല ഡി.ഐ.ജി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയപാർട്ടി നേതാക്കൾ നാട്ടിൽ സമാധാനം ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അനഭിലഷണീയമായ കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുൻകൈ എടുത്ത് സർവകക്ഷി യോഗം വിളിച്ചത്. ഫല പ്രഖ്യാപനശേഷവും സമാധാന അന്തരീക്ഷം തുടരണമെന്ന ഉറപ്പാണ് രാഷ്ട്രീയ പാർട്ടി നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതിനായി പ്രധാന നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു. ഫലം വരുന്ന ജൂൺ നാലിന് വടകര പാർലമെന്റ് മണ്ഡലത്തിലെ വിജയികൾക്ക് മാത്രമാണ് ആഘോഷ പരിപാടികൾ നടത്താൻ അനുമതി. വൈകുന്നേരം ഏഴു മണി വരെ മാത്രം ആഘോഷ പരിപാടികൾ സംഘടിപ്പിക്കാം. വാഹന ഘോഷയാത്രകൾ അനുവദനീയമല്ല. ദേശീയതലത്തിൽ വിജയിക്കുന്ന മുന്നണിക്ക് അഞ്ചാം തീയതി ഏഴു മണിവരെ ആഹ്ലാദ പരിപാടികൾ നടത്താം എന്നതും രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ ബാനറുകളും പോസ്റ്ററുകളും നീക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങളുടേയും ആത്മനിയന്ത്രണങ്ങളുടേയും കൊടിക്കൂറ ഉയർത്തിപ്പിടിച്ച് നാടിന്റെ ഐക്യവും സമാധാനവും കാത്തു സംരക്ഷിക്കാനുള്ള ഉദാത്ത രാഷ്ട്രീയ ബോദ്ധ്യത്തിന്റെ പേരുകൂടിയായി വടകര മാറുമെന്ന പ്രത്യാശയിലാണ് കേരളം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.