ജൂൺ 6ന് കുറ്റപത്രം വായിക്കും
കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് തള്ളി. കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയവ ഉൾപ്പടെ എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ജൂൺ 6ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ പ്രതിയെ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു. അന്നുതന്നെ സാക്ഷിവിസ്താരത്തിന്റെ തീയതി നിശ്ചയിക്കും.
പ്രതിക്ക് മാനസികരോഗമുള്ളതിനാൽ കുറ്റവിമുക്തനാക്കണമെന്നും കൊലപാതകം ചെയ്തതിന് സാക്ഷികൾ ഇല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. അതേതസമയം, പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിടുതൽ ഹർജിയിൽ വിചാരണ കോടതി തീരുമാനമെടുക്കേണ്ടതെന്ന 2023ലെ സുപ്രീം കോടതി വിധി ഈ കേസിന് ബാധകമാണെന്ന വാദമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്. ജി പടിക്കൽ ഉന്നയിച്ചത് .വിടുതൽ ഹർജി പരിഗണിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള തെളിവ് ഹാജരാക്കാൻ പ്രതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.വന്ദനയുടെ കൈകൾ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തിയാറ് തവണ നെഞ്ചിലും മുഖത്തും മറ്റും കുത്തിപ്പരിക്കേൽപ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണമായിരുന്നുവെന്നും പ്രതിക്ക് യാതൊരുവിധ മാനസിക അസുഖവുമില്ലെന്നും കൊലപാതക ശേഷമുള്ള പ്രതിയുടെ പ്രവൃത്തികൾ അത് വെളിവാക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |