ന്യൂഡൽഹി: ഇൻഡിഗോയിൽ വിമാനത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ സൗകര്യമൊരുക്കുന്നു. ഇനി മുതൽ വനിതകൾക്ക് വനിതാ സഹയാത്രികരുടെ അടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാം. ആരൊക്കെയാണ് യാത്രയിൽ അടുത്തിരിക്കുന്നത് എന്നത് മുൻകൂട്ടി അറിയാനും അവസരമൊരുക്കും. ഒറ്റക്ക് സഞ്ചരിക്കുന്നവർക്കും കുടുംബത്തിനൊപ്പം യാത്രചെയ്യുന്നവർക്കൊപ്പം സൗകര്യം പ്രയോജനപ്പെടുത്താം. സമീപകാലത്ത് വിമാനയാത്രക്കിടെ പുരുഷ യാത്രികരിൽ നിന്ന് വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. 2023 ജനുവരിയിൽ എയർ ഇന്ത്യ വിമാനത്തിൽ വനിതാ യാത്രികയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതേ വർഷം ജൂലായിൽ ഡൽഹിയിൽ നിന്ന് മുംബയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് ലൈംഗികാതിക്രമം നടന്നു.
കഴിഞ്ഞ സെപ്തംബറിൽ മുംബയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലും യാത്രക്കാരി ലൈംഗികാതിക്രമം നേരിട്ടു. തുടർന്നാണ് വനിതകളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഇൻഡിഗോ തയാറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |