തിരുവനന്തപുരം: പരിചയമുള്ളവരുടെ വ്യാജ ശബ്ദത്തിൽ ഫോൺ ചെയ്ത് പണം തട്ടുന്നത് തടയാൻ നിർമ്മിതബുദ്ധി (എ.ഐ ) കാൾ ഡിറ്റക്ടറുമായി ട്രൂകോളർ വരുന്നു. ബന്ധുവിന്റെയും പഴയ സുഹൃത്തിന്റെയുമൊക്കെ ശബ്ദത്തിൽ വിളിച്ച് ആശുപത്രി ആവശ്യത്തിനുംമറ്റും പണം വേണമെന്ന് പറഞ്ഞുള്ള തട്ടിപ്പ് വ്യാപകമാണിപ്പോൾ. സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോകളിൽ നിന്ന് സംസാരശൈലിയും വാക്കുകളുടെ ഉച്ചാരണവും വരെ ഡീപ്ഫേക്ക് ഉപയോഗിച്ച് കൃത്യമായി ക്ലോൺ ചെയ്താണ് ശബ്ദം അനുകരിച്ചുള്ള തട്ടിപ്പ്. ട്രൂകോളറിന്റെ പുതിയ പതിപ്പിൽ ഇത് തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. സംസാരിക്കുമ്പോൾ സംശയം തോന്നിയാൽ എ.ഐ ഡിറ്റക്ടർ ഐക്കൺ അമർത്തണം. ശബ്ദം സ്‌കാൻ ചെയ്ത് ഡീപ്ഫേക്കാണോ മനുഷ്യ ശബ്ദമാണോയെന്ന് ആപ്പ് മനസിലാക്കും. വ്യാജകാൾ ആണെങ്കിൽ നമ്പർ ബ്ലോക്ക് ചെയ്യും. യു.എസിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കു മാത്രമാണ് ഇപ്പോൾ ലഭിക്കുക. ഉടൻ ഇന്ത്യയിലെത്തും.
സ്വന്തം ശബ്ദത്തിൽ സഹായി
തിരക്കുള്ളപ്പോൾ, 'ഇപ്പോൾ കാൾ എടുക്കാനാവില്ലെന്നും, അല്പസമയം കഴിഞ്ഞ് വിളിക്കണമെന്നും"പറയുന്ന എ.ഐ കാൾ അസിസ്റ്റന്റ് ഫീച്ചർ ട്രൂകാളർ കൊണ്ടുവന്നിരുന്നു. റോബോട്ടിന്റെ ശബ്ദത്തിലാണ് അസിസ്റ്റന്റ് സംസാരിക്കുന്നത്. ഇനി നിങ്ങളുടെ ശബ്ദം നൽകാം. ട്രൂകാളറിൽ സ്വന്തം ശബ്ദം റെക്കാഡ് ചെയ്ത്, വോയിസ് അസിസ്റ്റന്റ് ഫീച്ചർ ഓൺ ചെയ്യണം. ശബ്ദത്തിന്റെ ഘടനയും ഗാംഭീര്യവും ട്രൂകാളർ മനസിലാക്കും. ഫോൺ വിളിക്കുന്നയാൾക്ക് നിങ്ങളുടെ ശബ്ദം കേൾക്കാം. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ, ആപ്പിൽ സൂക്ഷിക്കുന്ന ഉപഭോക്താവിന്റെ ശബ്ദവും വിവരങ്ങളും ചോരാമെന്ന നൂനത ഇതിനുണ്ടെന്ന ആക്ഷപമുണ്ട്.
ട്രൂകാളർ
2009ൽ ആരംഭിച്ച സ്വീഡിഷ് കാളിംഗ് ആപ്പ്
ലോകത്താകെ മാസ ഉപഭോക്താക്കൾ 40 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |