മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം കുറിച്ച് ക്ലൗഡിയ ഷെയ്ൻബോം (61). രാജ്യത്ത് ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ 58.3 % - 60.7 % വോട്ട് ക്ലൗഡിയ സ്വന്തമാക്കി. മുഖ്യ എതിരാളിയും പ്രതിപക്ഷമായ നാഷണൽ ആക്ഷൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ സെനറ്ററുമായ സോചീൽ ഗാൽവേസിന് (61) 26.6 % - 28.6 % മാത്രം വോട്ടേ നേടാനായുള്ളു. 8ന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഭരണപക്ഷമായ മൊറേന പാർട്ടിയുടെ സ്ഥാനാർത്ഥിയായ ക്ലൗഡിയ കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റി മുൻ മേയറുമാണ്. 2007ൽ ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) സമാധാന നോബൽ നേടുമ്പോൾ ക്ലൗഡിയ അതിൽ അംഗമായിരുന്നു.
കാലാവധി പൂർത്തിയാക്കി പദവി ഒഴിയുന്ന ജനപ്രിയ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ അടുത്ത അനുയായി ആണ്. പാവങ്ങൾക്കായി ഒബ്രഡോർ അവതരിപ്പിച്ച ക്ഷേമ പദ്ധതികൾ തുടരുമെന്ന് ക്ലൗഡിയ പ്രഖ്യാപിച്ചു. ഒക്ടോബർ 1ന് ചുമതലയേറ്റെടുക്കുന്ന ക്ലൗഡിയയ്ക്ക് 2030 വരെ അധികാരത്തിൽ തുടരാം.
മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും തടയിടുക എന്നതാണ് ക്ലൗഡിയയ്ക്ക് മുന്നിലെ ഏറ്റവും വലിയ ദൗത്യം. കഴിഞ്ഞ ജൂൺ മുതൽ 38 സ്ഥാനാർത്ഥികൾ അടക്കം 200ലേറെ പേരാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |