SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.22 AM IST

കണ്ണൂരിലെ സ്വർണ്ണത്താവളം 

kannur

യാത്രക്കാരുടെ എണ്ണം കുറയുന്ന കണ്ണൂർ വിമാനത്തവളത്തിൽ സ്വർണ്ണക്കടത്ത് കേസുകളുടെ എണ്ണം കൂടുകയാണ്. കേരളത്തിലെ പ്രധാന സ്വർണ്ണക്കടത്ത് കേന്ദ്രമാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളം. സ്വർണക്കടത്ത് കാരിയർമാർക്കൊപ്പം കാബിൻക്രൂ കൂടി ഈ രംഗത്ത് സജീവമായതോടെയാണ് കണ്ണൂർ കേരളത്തിലെ സ്വർണക്കടത്ത് ഹബ്ബായി മാറിയത്. സ്വർണക്കടത്തിൽ ക്യാബിന്‍ ക്രൂ അംഗങ്ങളിലേക്ക് ഡി.ആർ.ഐ. അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് ലഭ്യമാകുന്ന സൂചന . കഴിഞ്ഞയാഴ്ച പിടിയിലായ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായാണ് കണ്ടെത്തൽ. മസ്‌കറ്റിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിൽ കണ്ണൂരിലെത്തിയ സുരഭിയിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച 960 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആരാണ് സുരഭിക്ക് സ്വർണം നൽകിയതെന്ന് അന്വേഷണം ചെന്നെത്തിയത് എയർ ഇന്ത്യ എക്‌സപ്രസിലെ സീനിയർ കാബിന്‍ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിലേക്ക്. ഈ ജോലിയിൽ പത്തുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന സുഹൈലാണ് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു സൂത്രധാരൻ എന്നാണ് ലഭ്യമാകുന്ന വിവരം.
കണ്ണൂർകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിന് സ്വർണക്കടത്തിലെ പങ്ക് സംബന്ധിച്ച് നിർണായക വിവരങ്ങളും സുരഭിയിൽ നിന്ന് ലഭിച്ചു. കടത്തുന്ന സ്വർണം കണ്ണൂരിലെ ഒരു ജൂവലറിയിലേക്കാണ് പോകുന്നതെന്നാണ് വിവരം. സുഹൈലിനെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത് 200 കിലോയിലധികം സ്വർണമാണെന്നാണ് കണക്ക്. വിമാനത്തിലെ സീറ്റിനടിയിലും ശൗചാലയത്തിലും മാലിന്യത്തിലും ഉപേക്ഷിച്ച നിലയിൽ അടക്കം നിരവധി തവണ സ്വർണം ലഭിച്ചിട്ടുണ്ട്.എയർ കസ്റ്റംസ്, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്, എയർപോർട്ട് പൊലീസ് എന്നിവരാണ് ഇത്രയും സ്വർണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടിട്ടും എയർപോർട്ട് പൊലീസ് 5 കിലോഗ്രാമിലേറെ സ്വർണം പിടികൂടിയതും കണ്ണൂരിന്റെ ചരിത്രം.

കാരിയർമാർക്ക് പരിശീലനം

ശരീരത്തിൽ ഒളിപ്പിച്ച് സ്വർക്കടത്ത് നടത്താൻ കാരിയർമാർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്. നാല് കാപ്‌സ്യൂളുകളാണ് സുരഭി ശരീരത്തിൽ ഒളിപ്പിച്ചത്. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. ശരീരത്തിനകത്തെത്തുന്ന അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്. അടുത്ത കാലത്ത് സ്ത്രീകളെയാണ് കൂടുതലും കാരിയർമാരാക്കുന്നത്. വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങൾക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗൾഫിലെ കേന്ദ്രങ്ങളിലുണ്ട്. റിസ്‌കുള്ളതിനാൽ സ്വർണം വിഴുങ്ങൽ രീതി ഇപ്പോൾ കാര്യമായി പയറ്റുന്നില്ല.

അഞ്ചുമാസത്തിനുള്ളിൽ
14 കിലോ സ്വർണം

കണ്ണൂർ അന്താരാഷ്ട്ര വിമാനാവളത്തിലൂടെ സ്വർണക്കടത്ത് സർവകലാ റെക്കാഡിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ തുടർച്ചയായുള്ള ദിവസങ്ങളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വ്യാപക സ്വർണക്കടത്ത് പിടികൂടി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 14 കിലോയോളം സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്തവേ പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി സോക്‌സിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും തേച്ചുപിടിപ്പിച്ചും ലോഹകമ്പിയുടെ രൂപത്തിലാക്കിയും ബട്ടണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്തുന്നത്. സ്വർണക്കടത്തിനിടെ ക്യാബിന്‍ ക്രൂ പിടിയിലായ സാഹചര്യത്തിൽ നിലവിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഡി. ആർ. ഡി. ഐ യടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന രഹസ്യവിവരമനുസരിച്ചും പ്രത്യേക പരിശോധന വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്.


കടത്തിന് പലരീതികൾ

1-അടിവസ്ത്രത്തിലെ പ്രത്യേക അറക്കുള്ളിലാക്കി തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം

2-കുഴമ്പു രൂപത്തിലാക്കിയ സ്വർണം വസ്ത്രങ്ങളിലും ശരീരത്തിലും തേച്ചുപിടിപ്പിക്കൽ

3-ചോക്ലേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തൽ

4-ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങൽ , ഗുഹ്യ ഭാഗങ്ങളിൽ ഒളിപ്പിക്കൽ

5-ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർക്കൽ


ഉദ്ഘാടനത്തിന് പിന്നാലെ
സ്വർണക്കടത്തും ആരംഭിച്ചു

2018 ഡിസംബര്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം. 17 ദിവസം കഴിഞ്ഞ് ഡിസംബര്‍ 25നാണ് വിമാനത്താവളത്തില്‍നിന്ന് ആദ്യമായി സ്വര്‍ണം പിടികൂടിയത്. 2.292 കിലോ സ്വര്‍ണമാണ് പിടികൂടിയത്.


സ്വർണമൊഴുകി

2019 ൽ പിടികൂടിയത് - 62.972 കിലോ സ്വർണം
2020ൽ 39.053 കിലോ
2021ൽ 69.304 കിലോ
2022ൽ 63.285 കിലോ
2023ൽ 31. 045 കിലോ

കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടാളികൾ

സ്വർണക്കടത്തിന് ക്യാബിന്‍ ക്രൂ കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുമുള്ളതായാണ് വിവരം. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായത്.

കടത്തിന് കൂലി അരലക്ഷം

കാരിയർമാർക്ക് ഓരോ തവണയും സ്വർണം കടത്തുമ്പോൾ 50,000 രൂപ വീതമാണ് ലഭിക്കുക. ക്യാബിന്‍ ക്രൂ അംഗമായ തനിക്ക് സ്വർണക്കടത്തിന് ഓരോ തവണയും രണ്ടു ലക്ഷം രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് സുഹൈൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സുഹൈൽ എങ്ങനെയാണ് താൻ സ്വർണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘത്തോട് വിശദീകരിച്ചു. വിദേശത്ത് നിന്ന് യാത്രക്കാരാണ് സ്വർണം എയർപോർട്ട് വരെ എത്തിക്കുന്നത്. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കും. തുടർന്ന്, ക്യാബിന്‍ ക്രൂ ഇത് കണ്ടെടുത്ത് മലദ്വാരത്തിലോ മറ്റ് ശരീര ഭാഗങ്ങളിലോ ഒളിപ്പിക്കുകയുമാണ് പതിവ്. ഇവരുടെ വീട്ടിലെത്തിയാണ് സുഹൈൽ സ്വർണം ശേഖരിച്ചിരുന്നത്. പിടിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ പോകുന്നതെന്നും ആരോപണമുണ്ട്. സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വർണ ശുദ്ധീകരണ കേന്ദ്രമുൾപ്പെടെയുണ്ട് . മുക്കം നീലേശ്വരം നുഞ്ഞിക്കരയിലെ സ്വർണ ശുദ്ധീകരണ കേന്ദ്രം ഡി.ആർ.ഐ സംഘം കണ്ടെത്തിയിരുന്നു. 570 കിലോ സ്വർണം ശുദ്ധീകരിച്ച് നൽകിയതിന്റെ രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.