തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ കേരളം വിടുന്നു. സംസ്ഥാനത്ത് ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവുണ്ടായിരിക്കെ, പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം അരഡസനിലേറെ ഉദ്യോഗസ്ഥർ ഉടൻ കേന്ദ്രസർവീസിലേക്ക് പോവും.
ഡി.ജി.പി റാങ്കുള്ള വിജിലൻസ് മേധാവി ടി.കെ.വിനോദ്കുമാർ അമേരിക്കൻ സർവകലാശാലയിൽ അദ്ധ്യാപകനായി പോവാൻ കേന്ദ്രാനുമതി കാത്തിരിക്കുന്നു. അതേസമയം, ഏഷ്യൻവികസന ബാങ്കിൽ(എ.ഡി.ബി) പ്രിൻസിപ്പൽ ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റായ സഞ്ജീവ് കൗശിക് സംസ്ഥാനത്തേക്ക് ഉടൻ മടങ്ങിയെത്തും. അദ്ദേഹത്തെ ധനസെക്രട്ടറിയാക്കും.
പ്രിൻസിപ്പൽസെക്രട്ടറി രബിന്ദ്രകുമാർ അഗർവാൾ, സെക്രട്ടറിറാങ്കുള്ള അശോക് കുമാർസിംഗ്, ചീഫ്ഇലക്ട്രൽഓഫീസർ സഞ്‌ജയ് കൗൾ, ജലഅതോറിട്ടി എം.ഡി. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവർ കേന്ദ്രത്തിലേക്ക് പോവും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം അമേരിക്കയിൽ ഉപരിപഠനത്തിന് പോവുന്നു. ഭാര്യയും ഡി.ഐ.ജിയുമായ നിശാന്തിനിയും ദീർഘകാല അവധിയിൽ പോവും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സുമൻബില്ലയെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം രണ്ടാഴ്ചമുൻപ് കേന്ദ്രസർവീസിലേക്ക് മാറ്റിയിരുന്നു.
കേരളകേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരായ മനോജ് ജോഷി, രാജേഷ് കുമാർ സിംഗ് അടക്കം19പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തിരുവനന്തപുരം കളക്ടർമാരായിരുന്ന നവജ്യോത് ഖോസ പഞ്ചാബിലെയും ഹരിയാനയിലെയും സെൻസസ് ഡയറക്ടറായും എസ്. വെങ്കടേസപതി കേന്ദ്ര തുറമുഖ ഷിപ്പിംഗ് വകുപ്പിൽ ഡയറക്ടറായും കേന്ദ്രത്തിലുണ്ട്. ജോഷി മൃൺമയിശശാങ്ക് കാബിനറ്റ് സെക്രട്ടേറിയറ്റിലുമുണ്ട്. 18ഐ.പി.എസുകാരും 15ഐ.എഫ്.എസുകാരും കേന്ദ്രഡെപ്യൂട്ടേഷനിലുണ്ട്.
സിവിൽസർവീസിലെ ഒഴിവുകൾ
ഐ.എ.എസ്
തസ്തിക-------231
കുറവ്--------------89
ഐ.പി.എസ്
തസ്തിക-------172
കുറവ്--------------59
ഐ.എഫ്.എസ്
തസ്തിക-------107
കുറവ്--------------36
കേന്ദ്രഡെപ്യൂട്ടേഷന് കാരണങ്ങൾ
1)സാമ്പത്തികപ്രതിസന്ധി കാരണം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാവുന്നില്ല
2)ഒരു തസ്തികയിൽ രണ്ടുവർഷം മിനിമം നൽകണമെന്ന ചട്ടം പാലിക്കാറില്ല
3)സ്ഥലംമാറ്റം സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയോടെയല്ല
4)അന്യസംസ്ഥാന ഉദ്യോഗസ്ഥർക്ക് സ്വദേശത്ത് ജോലിചെയ്യാൻ അവസരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |