ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. പായിക്കുഴി മോഴുർതറയിൽ പ്യാരി, കൃഷ്ണപുരം കൊച്ചുതറയിൽ തെക്കതിൽ അജ്മൽ എന്ന മുഹമ്മദ് ഫാസിൽ, കൃഷ്ണപുരം വിഷ്ണുഭവനത്തിൽ വിഷ്ണുരാജ് എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.45ന് ഇടയനമ്പലത്തിനടുത്തുള്ള റൈസ ജുവല്ലറിക്ക് സമീപം വച്ച് സ്കൂട്ടറിൽ വന്ന ഇർഫാനെയും സുഹൃത്തിനെയുമാണ് പ്രതികൾ ഉൾപ്പെട്ട സംഘം മുൻവിരോധത്തിൽ തടഞ്ഞുനിറുത്തി ആക്രമിച്ചത്. പ്യാരി നിരവധികേസുകളിൽ പ്രതിയാണ്. കാപ്പാ നടപടികൾ നേരിട്ടിട്ടുണ്ട്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ കുട്ടുപ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം ഓച്ചിറ ഇൻസ്പെക്ടർ അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ തോമസ്, മുന്തിരി സ്വാമിനാഥൻ, സി.പി.ഒമാരായ രാഹൂൽ, സെബിൻ, സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |