SignIn
Kerala Kaumudi Online
Thursday, 18 July 2024 3.22 PM IST

വരുന്നത് വൻ വികസനത്തിന്റെ 10 വർഷം, ദാരിദ്ര്യമുക്ത,​ സ്ത്രീശക്തീ ഭാരതം സൃഷ്ടിക്കും: മോദി

k

കോൺഗ്രസ് ഉറക്കം തുടരും

ന്യൂഡൽഹി: അടുത്ത പത്തു വർഷം കൊണ്ട് വികസിത ഭാരതമെന്ന ലക്ഷ്യത്തോടെയാണ് മൂന്നാമതും ഭരണത്തിലേറുന്നതെന്ന് നരേന്ദ്ര മോദി. 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കും. സ്‌ത്രീകൾ നേതൃത്വം നൽകുന്ന വികസനനയം നടപ്പാക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഞങ്ങളെ തടയാനാകില്ല.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസിനെയും 'ഇന്ത്യ' മുന്നണിയെയും കടന്നാക്രമിക്കാനും മറന്നില്ല.

രാജ്യത്തിന് വിശ്വാസം എൻ.ഡി.എയിൽ മാത്രമാണെന്ന് ജനവിധി തെളിയിക്കുന്നു. 30 വർഷത്തെ സുദൃഢ ബന്ധമാണത്. പരസ്‌പര വിശ്വാസത്തിലൂന്നിയാണ് മുന്നണി പ്രവർത്തിച്ചത്. അചഞ്ചലമായ വിശ്വാസത്തിൽ രാജ്യത്തിന്റെ പ്രതീക്ഷകൾ കൂടുന്നത് സ്വാഭാവികം. കഴിഞ്ഞ 10 വർഷത്തേത് ട്രെയിലർ മാത്രമാണെന്നു പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രസ്താവനയല്ല, പ്രതിബദ്ധതയാണ്. വികസിത ഭാരത ലക്ഷ്യം നടപ്പാക്കും.

പ്രതിപക്ഷത്ത് 10 വർഷമിരുന്നിട്ടും കോൺഗ്രസിന് 100 സീറ്റിൽ തൊടാൻ കഴിഞ്ഞില്ല. 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ട് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടി. 'ഇന്ത്യ' സഖ്യം അതിവേഗത്തിൽ കുഴിയിൽ വീഴും. എൻ.ഡി.എ ഇന്നലെയും ഇന്നും നാളെയും തുടരും. 10 വർഷത്തിനുശേഷവും കോൺഗ്രസ് ഉറങ്ങിക്കൊണ്ടിരിക്കും.

എൻ.ഡി.എയിൽ എല്ലാ പാർട്ടികളുടെയും നേതാക്കളും തുല്യരാണ്. 30 വർഷമായി ശക്തമായി തുടരുന്നത് അതുകൊണ്ടാണ്. ഏറ്റവും വിജയകരമായ കൂട്ടുകെട്ടാണിത്. ഗോത്രവർഗ സാന്നിദ്ധ്യമുള്ള 10ൽ ഏഴ് സംസ്ഥാനങ്ങളിലും ക്രിസ്‌ത്യൻ വിശ്വാസികൾ കൂടുതലുള്ള ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എൻ.ഡി.എ സർക്കാരുണ്ട്. ജനങ്ങൾ 22 സംസ്ഥാനങ്ങളിൽ എൻ.ഡി.എയ്‌ക്ക് അവസരം നൽകി.

ദക്ഷിണേന്ത്യയിൽ എൻ.ഡി.എ അടിത്തറ ശക്തിപ്പെടുത്തി. കർണാടകയിലും തെലങ്കാനയിലും സംസ്ഥാന സർക്കാരിലെ അവിശ്വാസംമൂലം ജനങ്ങൾ എൻ.ഡി.എയ്‌ക്ക് വോട്ടു ചെയ്‌തു. തമിഴ്‌നാട്ടിൽ ജയിച്ചില്ലെങ്കിലും വോട്ടു വിഹിതം വർദ്ധിച്ചു.

വോട്ടിംഗ് യന്ത്രം

ജീവനോടെയുണ്ട്

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ അവിശ്വാസം പ്രകടിപ്പിച്ചവർ എവിടെപ്പോയി? ''ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ, അല്ലേ. സുപ്രീംകോടതി വഴി തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്താൻ എന്തൊക്കെയാണ് ചെയ്‌തത്. ജനാധിപത്യ പ്രക്രിയയിൽ അവിശ്വസിച്ചവർ ജൂൺ 4നു ശേഷം നിശബ്‌ദരായി. അഞ്ചു വർഷം ഇനി അവർ മിണ്ടില്ല. 2029ൽ വീണ്ടും ആരോപണവുമായി വരും. 'ഇന്ത്യ' മുന്നണിക്കാർ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാത്ത പിന്തിരിപ്പന്മാർ. വിദേശരാജ്യങ്ങൾ പോലും അംഗീകരിച്ച ആധാറിനെ എതിർത്തവർ. 'ഇന്ത്യ' മുന്നണി പല സംസ്ഥാനങ്ങളിലും പരസ്പരം പോരടിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ പഴയ യു.പി.എയുടെ പേര് മാറ്റിയെങ്കിലും അഴിമതിക്കറ മാറിയില്ല. ഒരാളെ മാത്രം എതിർക്കുകയെന്ന അജൻഡ ജനം തള്ളി.

ബ്രേക്കിംഗ് ന്യൂസ് വിശ്വസിക്കേണ്ട

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് അദ്‌ഭുതപ്പെട്ടെന്നും അഭ്യൂഹങ്ങളിൽ വീഴരുതെന്നും എം.പിമാർക്ക് മോദിയുടെ മുന്നറിയിപ്പ്. ബ്രേക്കിംഗ് ന്യൂസുകളല്ല രാജ്യത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. ചില വിദ്വാൻമാർ കാബിനറ്റ് മന്ത്രിസ്ഥാനം തരപ്പെടുത്താമെന്ന് പറയും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്റെ വ്യാജ ഒപ്പുള്ള ഉത്തരവ് കാണിച്ചെന്നുമിരിക്കും. ചിലപ്പോൾ പുതിയ വകുപ്പുതന്നെ സൃഷ്‌ടിക്കും. പുതിയ എം.പിമാർ ഇത്തരം ഗൂഢാലോചനകളിൽ വീഴരുത്. വ്യാജവാർത്തകളെ കരുതിയിരിക്കുക. അനുഭവസ്ഥരായ നേതാക്കൾ കൃത്യമായ വഴി കാണിച്ചുതരും. വഴി തെറ്റിയാൽ 'ഇന്ത്യ' മുന്നണിക്കാർ മുതലെടുക്കും. താൻ മുഴുവൻ സമയവും ലഭ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എൻ.ഡി.എയ്ക്ക് പുതിയ നിർവചനം

എൻ.ഡി.എയുടെ പൂർണരൂപം ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡെവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്‌പിരേഷണൽ ഇന്ത്യ (അഭിലാഷങ്ങളുള്ള ഇന്ത്യ) എന്നാണെന്ന് മോദി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, J
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.