SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.32 AM IST

ആ അദ്ധ്യായം ആദർശദീപ്തം

k

കേരളകൗമുദി എഡിറ്റോറിയൽ അഡ്വസൈർ ആയിരുന്ന എൻ. രാമചന്ദ്രൻ വിടവാങ്ങിയിട്ട് ഇന്ന് പത്തു വർഷം. തിരുവനന്തപുരം മുൻ ജില്ലാ കളക്ടറും മുൻ റവന്യൂ ബോ‌ർഡ് അംഗവുമായ വി.വി. വിജയൻ എൻ. രാമചന്ദ്രനെ അനുസ്മരിക്കുന്നു

എന്റെ ഓ‍ർമ്മയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് എൻ. രാമചന്ദ്രൻ. ധരിച്ചിരുന്ന ശുഭ്രമായ ഖദറിനോളം നൈർമല്യം വ്യക്തിയെന്ന നിലയിലും കാത്തുസൂക്ഷിച്ച പ്രതിഭ. ആദർശദീപ്തമായ ജീവിതത്തിനുടമയായ രാമചന്ദ്രനെക്കുറിച്ചുള്ള ഓ‍ർമ്മകൾ എന്റെ മാത്രമല്ല,​ അദ്ദേഹവുമായി ഇടപഴകിയിട്ടുള്ള ഏതൊരാളിന്റെ മനസിലും വെളിച്ചമായി നിൽക്കുമെന്ന് എനിക്കുറപ്പാണ്. പത്രാധിപർ കെ. സുകുമാരന്റെ മനസിൽ എൻ. രാമചന്ദ്രനുള്ള സ്ഥാനം ഇതിനെല്ലാം മേലെയായിരുന്നു. പി.എസ്.സി അംഗത്വം പൂർത്തിയായപ്പോഴും രാമചന്ദ്രൻ 'കേരളകൗമുദി"യിൽ വേണമെന്ന് പത്രാധിപർ ആഗ്രഹിക്കാൻ കാരണം കൗമുദിക്ക് അദ്ദേഹം മുതൽക്കൂട്ടായിരിക്കുമെന്ന ഉറച്ച ബോദ്ധ്യത്താലായിരുന്നു.

പി.എസ്.സി അഴിമതിയിൽ മുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നാണ് എൻ. രാമചന്ദ്രനെപ്പോലെ സുതാര്യവും അഴിമതി ഏശാത്തതുമായ ഒരു വ്യക്തിത്വം പി.എസ്.സി അംഗമായി എത്തുന്നത്. പക്ഷപാതിത്വമില്ലാത്ത തീരുമാനങ്ങളായിരുന്നു എൻ. രാമന്ദ്രന്റേത്. ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഇടറിയില്ല. ആ നിലയിലും അദ്ദേഹത്തിന്റെ അംഗത്വം പി.എസ്.സിക്ക് മുതൽക്കൂട്ടായിരുന്നു.

അദ്ദേഹത്തെ പത്രാധിപർ കെ. സുകുമാരന്റെ ഹൃദയത്തോട് ചേർത്തുനിറുത്തിയ പ്രധാന ഘടകങ്ങൾ പക്ഷപാതിത്വമില്ലാത്ത വ്യക്തിത്വവും വിനയത്താൽ സമ്പന്നമായ പെരുമാറ്റവുമായിരുന്നു. പത്രാധിപർ കെ.സുകുമാരനും കേരള പി.എസ്.സിയുടെ ആദ്യ ചെയർമാനായിരുന്ന,​ എന്റെ പിതാവ് വി.കെ വേലായുധനുമായിരുന്നു രാമചന്ദ്രന്റെ ജീവിതത്തിലെ പ്രധാന മാർഗദർശികൾ. പി.എസ്.സി അംഗത്വം കഴിഞ്ഞ് വരുമ്പോൾ രാമചന്ദ്രൻ 'കേരളകൗമുദി"യിലുണ്ടായിരിക്കണമെന്ന് എന്റെ പിതാവും പത്രാധിപരും ചേർന്ന് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

വ്യക്തിയെന്ന നിലയിൽ ആരോടും പരിഭവവും വിദ്വേഷവും സൂക്ഷിച്ചിരുന്നില്ല,​ എൻ.രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ആരെയും മുറിവേൽപ്പിച്ചില്ല. രാമചന്ദ്രന്റെ വീട്ടിലെ സന്ദർശകനായിരുന്ന എനിക്ക് ആ സ്നേഹ സമ്പന്നന്റെ ഊഷ്‌മളമായ ആതിഥ്യം അനുഭവിക്കാൻ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്. കസേരയിൽ ചാഞ്ഞിരുന്ന് നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ശാന്തസ്വരത്തിൽ വിസ്മയിപ്പിക്കുന്ന ആശയങ്ങൾ പങ്കുവച്ചു.

മാദ്ധ്യമരംഗത്ത് ഇരുത്തംവന്ന പ്രവർത്തന അദ്ധ്യായങ്ങൾക്ക് ഉടമയായിരിക്കുമ്പോഴും അഹങ്കാരത്തിന്റെ പാടുകൾ ആ മനുഷ്യനിൽ ഒരിക്കലും കാണാനിടയായിട്ടില്ലെന്ന് പലരും എന്നോടു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ,​ സാമൂഹ്യ,​ ഭരണ വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ പാണ്‌ഡിത്യം എൻ. രാമചന്ദ്രൻ പത്രാധിപ സമിതി അംഗമായിരിക്കെ 'കേരളകൗമുദി"ക്ക് ഗുണം ചെയ്തു. പത്രാധിപരുമായി ആഴത്തിലുള്ള ചർച്ചകൾക്കു ശേഷം 'കേരളകൗമുദി"യുടെ എഡിറ്റോറിയൽ നിലപാടുകൾ പൊതുനന്മയ്ക്ക് ഉതകുന്ന തരത്തിൽ അദ്ദേഹം പത്രത്തിൽ പ്രതിഫലിപ്പിച്ചു. 'കേരളകൗമുദി"യുടെ ഉറച്ച നിലപാടുകൾ അവശവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കപ്പെട്ട കാലത്ത് എൻ. രാമചന്ദ്രൻ എഴുതിയ എഡിറ്റോറിയലുകൾ ശക്തവും രാഷ്ട്രീയ - ഭരണകേന്ദ്രങ്ങളിൽ ചലനമുണ്ടാക്കുന്നതുമായിരുന്നു.

തിരുവിതാംകൂറിൽ രൂപീകരിച്ച ആദ്യ തൊഴിൽ വകുപ്പിന്റെ മേധാവിയും 1956- ൽ കേരള പബ്ളിക് സർവീസ് കമ്മിഷന്റെ ആദ്യ ചെയർമാനുമായിരുന്നു,​ എന്റെ പിതാവ് വി.കെ. വേലായുധൻ. അദ്ദേഹത്തിന് എൻ. രാമചന്ദ്രന്റെ ഭാര്യാപിതാവ് എൻ.കെ. ദാമോദരനുമായി ആഴത്തിലുള്ള ആത്മബന്ധമുണ്ടായിരുന്നു. ആശാൻ അക്കാഡമിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എന്റെ പിതാവിനൊപ്പം സെക്രട്ടറിയായി 18 വർഷം എൻ.കെ. ദാമോദരൻ പ്രവർത്തിച്ചു. 'കേരളകൗമുദി"യിലെ എഡിറ്റോറിയൽ സ്റ്റാഫിനു മാത്രമല്ല,​ ഏതൊരു ജീവനക്കാരനും അദ്ദേഹത്തിന്റെ സ്നേഹമസൃണമായ പെരുമാറ്റം അനുഭവിക്കാനായി. എൻ.രാമചന്ദ്രൻ എന്ന ശാന്തസ്വരൂപന്റെ സൗമ്യസ്മരണകൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: N RAMACHANDRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.