SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.38 AM IST

എൻ.രാമചന്ദ്രൻ മാദ്ധ്യമ പ്രവർത്തനം നവീകരിച്ചു : മന്ത്രി വി.ശിവൻകുട്ടി

rama
f

#മാദ്ധ്യമരംഗത്ത് കേരളകൗമുദി

ശക്തമായ സാന്നിദ്ധ്യമെന്ന് മന്ത്രി.

തിരുവനന്തപുരം : മലയാള മാദ്ധ്യമപ്രവർത്തനത്തെ നവീകരിച്ചവരിൽ പ്രമുഖവ്യക്തിയായിരുന്നു എൻ.രാമചന്ദ്രനെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദി മുൻ എഡിറ്റോറിയൽ അഡ്വൈസർ എൻ.രാമചന്ദ്രന്റെ 10-ാ ചരമവാർഷികത്തോടനുബന്ധിച്ച് എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ട്രിവാൻഡ്രം ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്ക് വഴികാട്ടിയാണ് എൻ.രാമചന്ദ്രൻ. മാദ്ധ്യമങ്ങൾ ജനാധിപത്യത്തിൽ വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. സുതാര്യതയും സത്യസന്ധതയും ജനാധിപത്യത്തിന്റെ ജീവവായുവാണ്. എന്നാൽ ഇന്ന് പലപ്പോഴും കുപ്രചരണങ്ങൾക്ക് മാദ്ധ്യമങ്ങൾ കാരണമാകുന്നു. മാദ്ധ്യമ പ്രവചനം അനുസരിച്ചാണെങ്കിൽ എൻ.ഡി.എ സഖ്യം 400 സീറ്റ് കടക്കണമായിരുന്നു. തെറ്റായ രീതികൾ തിരുത്താൻ മാദ്ധ്യമങ്ങൾ തയ്യാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. മലയാള മാദ്ധ്യമ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാണ് കേരളകൗമുദിയെന്ന് മന്ത്രി പറഞ്ഞു.

പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് 2022-2023 വർഷത്തിൽ ഒന്നാം റാങ്ക് നേടിയ എൽ.ആർദ്ര‌യ്ക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഷ് അവാർഡ് മന്ത്രി സമ്മാനിച്ചു.

കവിയും ഫൗണ്ടേഷൻ പ്രസിഡന്റുമായ പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. പിന്നാലെയുള്ള തലമുറയ്ക്കും സ്വീകാര്യനാകുകയെന്ന അപൂർവനേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് എൻ.രാമചന്ദ്രനെന്ന് അദ്ദേഹം അനുസ്മരിച്ചു.

മുൻനിയമസഭാ സ്‌പീക്കർ എം.വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും എൻ.രാമചന്ദ്രന്റെ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പി.എസ്.സി അംഗം തുടങ്ങിയ നിലകളിലും മികവ് കാട്ടാൻ എൻ.രാമചന്ദ്രന് കഴിഞ്ഞെന്നും വിജയകുമാർ ചൂണ്ടിക്കാട്ടി.

ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ചാറ്റ് ജി.പി.ടിയെയും വെല്ലുന്ന അഗാധമായ അറിവായിരുന്നു എൻ.രാമചന്ദ്രന്റെ മുഖമുദ്രയെന്ന് മുൻമന്ത്രി പന്തളം സുധാകരൻ അനുസ്മരിച്ചു.

ഫൗണ്ടേഷൻ വൈസ് പ്രസിഡന്റുമാരായ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മുൻമന്ത്രി ബാബു ദിവാകരൻ,

സെക്രട്ടറി എസ്.മഹാദേവൻ തമ്പി, ജോയിന്റ് സെക്രട്ടറി പി.ആർ.ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി.പി.ജെയിംസ് സ്വാഗതവും ശാലിനി.എം.ദേവൻ നന്ദിയും പറഞ്ഞു.

ബി.ആർ.പിയ്ക്കും ആദരം

എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളും ഫൗണ്ടേഷന്റെ അദ്ധ്യക്ഷനുമായിരുന്ന വിടപറഞ്ഞ വിഖ്യാത മാദ്ധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്ക്കറിനെയും അനുസ്മരിച്ചു. ബി.ആർ.പിയുടെയും എൻ.രാമചന്ദ്രന്റെയും സ്മരണകൾക്ക് മുന്നിൽ മൗനപ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. രാമചന്ദ്രൻ അനുസ്മരണത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിരിക്കെയാണ് കഴിഞ്ഞ ആഴ്ച ബി.ആർ.പി വിടവാങ്ങിയതെന്ന് പി.പി.ജെയിംസ് പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി, പ്രഭാവർമ്മ,എം.വിജയകുമാർ,പന്തളം സുധാകരൻ തുടങ്ങിയവരും ബി.ആർ.പിയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.