SignIn
Kerala Kaumudi Online
Sunday, 23 June 2024 7.02 AM IST

തോൽവിക്ക് കാരണം മുഖ്യമന്ത്രി; രൂക്ഷവിമർശനവുമായി സിപിഐ

pinarayi-vijayan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. എൽഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു.

മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലെെകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനം ഇരുയോഗങ്ങളിലും ഉയർന്നു.

എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എൽഡിഎഫിൽ നിന്ന് അകന്നു. എൽഡിഎഫിന് മേൽക്കെെയുണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടി. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം. എൽഡിഎഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമാണെന്നും ഫലം അവലോകനം ചെയ്ത ആലപ്പുഴ യോഗത്തിലെ വിമർശനം ഉണ്ടായി. ജില്ലാ സെക്രട്ടറി ടി ജെ ആലഞ്ചലോസ് അവതരിപ്പിച്ച റിപ്പോർട്ടിൽ ബിജെപിയെ 'ഭരണത്തിൽ നിന്നകറ്റാൻ കോൺഗ്രസ് ആണ് മികച്ചതെന്ന് ജനങ്ങൾ ചിന്തിച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു' എന്നായിരുന്നു ഉള്ളടക്കം.

മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മിൽ ആർക്കും ധെെര്യമില്ല. മോശം പ്രയോഗങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. കോൺഗ്രസ് വോട്ട് മാത്രമല്ല ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. തൃശൂരിലെ സിപിഐ സ്ഥാനാർത്ഥിയുടെ തോൽവിയിൽ ഇപ്പോഴും മാറാത്ത ചില സംശയങ്ങളുണ്ട്. മുതിർന്ന പൗരന്മാരുടെ ബാലറ്റ് പേപ്പർ വോട്ടുകളിൽ വന്ന വ്യതിയാനവും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇത് കണ്ട് സ‌ർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകൾക്ക് ശേഷം ചർച്ചകൾ തുടരാമെന്നും ജില്ലാ എക്സിക്യുട്ടീവ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരും. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം,​ തിരഞ്ഞെടുപ്പ് തോൽവിയിലെ സിപിഐ യോഗങ്ങളിലെ പരാമർശങ്ങളെക്കുറിച്ചുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.