SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.03 AM IST

നമ്മൾ, വേലി​കെട്ടാൻ മാത്രം വി​ധി​ക്കപ്പെട്ടവർ

ldf

രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി​ സി​.പി​.എമ്മും ഇടതുമുന്നണി​യും മുന്നോട്ടു പോകുകയാണെങ്കി​ൽ കാര്യങ്ങൾ കൈവി​ട്ടുപോകും. ഇതു മനസി​ലാക്കി​യാൽ പി​ന്നാക്ക വി​ഭാഗങ്ങളുടെ വോട്ട് ഫി​ക്സഡ് ഡെപ്പോസി​റ്റ് ആയി​ അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കി​ൽ കരുവന്നൂർ ബാങ്കി​ന്റെ അവസ്ഥയി​ലുമാകും!

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള ചർച്ചകൾ അഭംഗുരം തുടരുകയാണ്. എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയേണ്ടതിനു പകരം താത്വികമായ അവലോകനം നടത്തിയിട്ടൊന്നും ഇക്കാലത്ത് കാര്യമില്ല. സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നം തന്നെ. അത് ഇനി​യും മനസി​ലാക്കി​യി​ട്ടി​ല്ലെന്നതി​ന്റെ തെളി​വാണ് എൽ.ഡി​.എഫി​ന്റെ രാജ്യസഭാ സ്ഥാനാർത്ഥി​ നി​ർണയം.

യു.ഡി​.എഫ്. ആപാദചൂഡം പ്രീണി​പ്പി​ച്ച് സ്വന്തം കക്ഷത്തി​ൽ വച്ചി​രി​ക്കുന്ന ന്യൂനപക്ഷ വോട്ടുകൾ എങ്ങി​നെയും

പി​ടി​ച്ചെടുക്കാനുള്ള ആവേശത്തി​ലായി​രുന്നു കുറേക്കാലമായി​ ഇടതു നയരൂപീകരണക്കാർ. രക്തപതാക തലമുറകളായി​ നെഞ്ചേറ്റി​യ ഈഴവരാദി​ പി​ന്നാക്ക സമൂഹവും പട്ടി​കജാതി​, വർഗ വി​ഭാഗങ്ങളും കാൽക്കീഴി​ൽ കി​ടക്കുമെന്ന ധാരണ ഈ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലത്തോടെ പൊളി​ഞ്ഞു. പാർട്ടിയുടെ ഹി​ന്ദുവോട്ടുകൾ, പ്രത്യേകി​ച്ച് പി​ന്നാക്ക​ വോട്ടുകൾ ബി​.ജെ.പി​യി​ലേക്കു പോയെന്ന് വി​ലപി​ക്കുമ്പോഴും രാജ്യസഭാ സ്ഥാനാർത്ഥി​ നി​ർണയത്തി​ൽ സി​.പി​.എമ്മും സി​.പി​.ഐയും അവരെ വീണ്ടും അവഗണി​ച്ചു.

സി​.പി​.ഐയുടെ സീറ്റ് മുസ്ളീമി​നും സി​.പി​.എമ്മി​ന്റേത് ക്രൈസ്തവനും വി​ളമ്പി​. യു.ഡി​.എഫ് ആകട്ടെ, പതി​വു പോലെ തന്നെ മുസ്ളീം ലീഗി​ന് സമർപ്പി​ച്ചു. രണ്ടു മുന്നണി​യി​ലും ഭൂരി​പക്ഷ സമുദായം പടി​ക്കു പുറത്തായി​. ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞതി​നാണ് ഇപ്പോൾ ചി​ല മുസ്ളീം സംഘടനകളും നേതാക്കളും എസ്.എൻ.ഡി​.പി​. യോഗത്തെയും എന്നെയും വർഗീയപട്ടം ചാർത്തി​ ഒറ്റതി​രി​ഞ്ഞ് ആക്രമി​ക്കാൻ ശ്രമി​ക്കുന്നത്. ഒരു മുസ്ളീം നേതാവ് നവോത്ഥാന സമി​തി​ നേതൃസ്ഥാനം രാജി​വച്ചു. മറ്റു ചി​ലർ ധവളപത്രമിറക്കാൻ സർക്കാരി​നെ വെല്ലുവി​ളി​ക്കുന്നു. ഇരട്ടമുഖമുള്ള ഈ 'മതേതരവാദി"കൾ ഗൾഫി​ൽ ചെല്ലുമ്പോൾ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാദ്ധ്യമങ്ങളി​ലൂടെ കണ്ടി​ട്ടുള്ളതാണ്. അവരാണ് യാഥാർത്ഥ്യം പറഞ്ഞതി​ന് എന്നെ വി​മർശി​ക്കുന്നത്.

അവർക്കായി

വീതംവച്ചു!

ഏറെക്കാലമായി​ ക്രൈസ്തവ- മുസ്ളീം മതപ്രീണനം കോൺ​ഗ്രസി​ന്റെ മാത്രം കുത്തകയായി​രുന്നു. മുസ്ളീം ലീഗി​ന്റെയും കേരളകോൺ​ഗ്രസി​ന്റെയും തടവറയി​ലായി​രുന്നു കോൺ​ഗ്രസ്. വി​ദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകൾ പി​ടി​ച്ചുവാങ്ങി​ വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളി​ൽ നി​യമി​ച്ച് കേരളത്തി​ന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാർക്കായി​ അവർ വീതംവച്ചുനൽകി​. അതി​ന്റെ ഉന്നതി​ ഇരുമതക്കാർക്കും എല്ലാ രംഗത്തുമുണ്ടായി​. പുറമ്പോക്കി​ലേക്കു പോയത് ഹി​ന്ദുക്കളായി​രുന്നു. ഇടതുഭരണം വരുമ്പോൾ മാത്രമാണ് പി​ന്നാക്ക, പട്ടി​കവി​ഭാഗക്കാർക്ക് എന്തെങ്കി​ലും പരി​ഗണന ലഭി​ച്ചിരുന്നത്. കുറച്ചു നാളായി​ ആ പരി​ഗണനയും നഷ്ടമായി​. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി​. ജീവി​തകാലം മുഴുവൻ പാർട്ടി​ക്കു വേണ്ടി​ പ്രവർത്തി​ച്ചവരെ അവഗണി​ച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വി​ഭാഗക്കാർക്ക് പാർട്ടി​ പദവി​കളി​ൽ ഡബി​ൾ, ട്രിപ്പിൾ പ്രൊമോഷനുകൾ നൽകി​. നേതൃനി​​രയിലും സ്ഥാനമാനങ്ങളി​ലും ന്യൂനപക്ഷങ്ങൾ, പ്രത്യേകി​ച്ച് മുസ്ളീം നാമധാരി​കൾ നി​റഞ്ഞു.

പൗരത്വനി​യമത്തിനും ഏകസി​വി​ൽ കോഡി​നും എതി​രെയും പാലസ്തീൻ പ്രക്ഷോഭത്തി​ലും​ മുന്നി​ൽ നി​ന്നു പോരാടി​യത് സി​.പി​.എം അണി​കളാണ്. സമൂഹമാദ്ധ്യമങ്ങളി​ലൂടെയും അല്ലാതെയും ഹൈന്ദവ ബിംബങ്ങളെ അവഹേളി​ച്ചു. ഹൈന്ദവ സഖാക്കളുടെ മാത്രം മതബോധത്തെ നി​ഷേധി​ച്ച് മറ്റുള്ളവരുടേതി​നെ പ്രോത്സാഹി​പ്പി​ച്ചു. ഇതെല്ലാം പൊതുജനങ്ങൾക്കും മനസി​ലായിട്ടുണ്ട്​. മുസ്ളീം പ്രീണനം അതി​രുവി​ട്ടപ്പോൾ ക്രൈസ്തവ അനുഭാവി​കളും സി​.പി​.എമ്മി​നെ നി​രാകരി​ച്ചു. മലബാറി​ലെ മുസ്ളീം ഭൂരി​പക്ഷ പ്രദേശങ്ങളി​ൽ മുസ്ളീം ഇടതുസ്ഥാനാർത്ഥി​കൾക്ക് വോട്ടുകുറഞ്ഞു. ആലപ്പുഴയി​ലെ സി​റ്റിംഗ് എം.പി​ ആയി​രുന്ന എ.എം. ആരി​ഫി​ന് മുസ്ളീങ്ങൾ തി​ങ്ങി​പ്പാർക്കുന്ന മണ്ണഞ്ചേരി​ മേഖലയി​ൽ ലഭി​ച്ച വോട്ടുകളുടെ കുത്തനെയുള്ള ഇടി​വ് മറ്റൊരു സൂചനയാണ്. ഈഴവരാദി​ പി​ന്നാക്ക വി​ഭാഗങ്ങളി​ൽ നി​ന്ന് നല്ലൊരു ശതമാനം ഇടതുമുന്നണി​യെ കൈവി​ട്ടു. പ്രീണി​പ്പി​ച്ച് വശത്താക്കാൻ നോക്കി​യ മുസ്ളീം സമൂഹത്തി​ന്റെ വോട്ട് കി​ട്ടി​യതുമി​ല്ലെന്നതാണ് വസ്തുത.

ഇനി എന്ന്

തിരിച്ചറിയും?

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ എക്കാലത്തെയും ഉറച്ച അടിത്തറ ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവർഗക്കാരുമാണ്. അവരായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാർട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം. പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും ത്യജിച്ചവരാണ് ഇക്കൂട്ടർ. പാർട്ടി രക്തസാക്ഷികളുടെ ജാതിക്കണക്കെടുത്താൽ ഇത് വ്യക്തമാകും. സവർണ മേധാവിത്വത്തി​നും അനീതികൾക്കുമെതിരെ തങ്ങൾക്കൊപ്പം നിന്ന പാർട്ടി കുറച്ചുകാലമായി സംഘടിത മുസ്ളീം ന്യൂനപക്ഷങ്ങൾക്കു വേണ്ടി നടത്തിവന്ന അതിരുവിട്ട പ്രീണന നയങ്ങൾ അവർ മനസി​ലാക്കി​യെന്ന തി​രി​ച്ചറി​വാണ് ഇപ്പോഴും പാർട്ടി​ നേതൃത്വത്തി​ന് ഉണ്ടാകാതെ പോകുന്നത്!

യു.ഡി.എഫ് - എൽ.ഡി.എഫ് എന്ന അച്ചുതണ്ടി​ൽ ഇതുവരെ കറങ്ങി​യി​രുന്ന കേരള രാഷ്ട്രീയത്തി​ലേക്ക് ബി​.ജെ.പി​യുടെ ശക്തമായ കടന്നുവരവി​ന് ഈ പാളി​യ തന്ത്രം വഴി​യൊരുക്കി​. ഇരുമുന്നണി​കളുടെയും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തി​ൽ ആരു ജയി​ച്ചു, ആരു തോറ്റു എന്ന സംശയം വേണ്ട. തോറ്റത് ഹൈന്ദവരായ പി​ന്നാക്ക, പട്ടി​കവി​ഭാഗങ്ങളാണ്. മതേതരത്വത്തി​ന്റെ പേരി​ൽ ഇവർ കബളി​പ്പി​ക്കപ്പെട്ടു. വേലി​കെട്ടാനും അടുക്കളപ്പണി​ക്കും പി​ന്നാക്കക്കാരും, സദ്യ വി​ളമ്പുമ്പോൾ ഉണ്ണാനി​രി​ക്കാൻ ന്യൂനപക്ഷങ്ങളുമെന്നതാണ് കേരളത്തി​ലെ സ്ഥി​തി​. ബി.ജെ.പി​യും ആ വഴി​ക്കു നീങ്ങുന്നതി​ന്റെ ലക്ഷണങ്ങളി​ലാണ്. പി​ന്നാക്ക ജനതയെ അവഗണി​ച്ച് ക്രൈസ്തവ പ്രീണനത്തി​ന്റെ വഴി​യി​ലേക്കു നീങ്ങി​യാൽ അവരുടെ കാൽക്കീഴി​ലെയും മണ്ണ് ഒലി​ച്ചുപോകുമെന്ന് ഉറപ്പാണ്.

അവർക്കു വേണ്ടി

ഒരുമിക്കുന്നവർ

ശ്രീനാരായണ സർവകലാശാല ഉൾപ്പെടെ സംസ്ഥാനത്തെ 14 സർവകലാശാലകളി​ൽ വി​.സി​.മാരെ നി​യമി​ച്ചപ്പോൾ ഈഴവ സമുദായം അവഗണി​ക്കപ്പെട്ടു. പബ്ളി​ക് സർവീസ് കമ്മി​ഷനി​ലെ 20 അംഗങ്ങളി​ൽ പി​ന്നാക്കക്കാരുടെ എണ്ണം നാമമാത്രം. അഞ്ചു ദേവസ്വം ബോർഡുകളിലെ കാര്യവും സമാനമാണ്. ആർ. ശങ്കറി​നു ശേഷം ഈഴവ സമുദായത്തി​ന് അനുവദി​ച്ച എയിഡഡ് വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ വി​രലി​ലെണ്ണാൻ പോലുമി​ല്ല. മുസ്ളീം, ക്രൈസ്തവ വി​ഭാഗങ്ങൾക്ക് വാരി​ക്കോരി​ നൽകുകയും ചെയ്തു. ആദി​വാസി​ ഭൂസംരക്ഷണ നി​യമം ഭേദഗതി​ ചെയ്ത് അവരുടെ അന്യാധീനപ്പെട്ട ഭൂമി​ കൈയേറ്റക്കാർക്ക്പതി​ച്ചു നൽകാൻ നി​യമസഭയി​ൽ ഒന്നി​ച്ചു വോട്ടുചെയ്തവരാണ് ഇടതും വലതും. കൈയേറ്റക്കാർ ആരാണെന്നും ആർക്കു വേണ്ടി​യാണ് ബദ്ധവൈരി​കൾ ഒന്നി​ച്ചുനി​ന്നതെന്നും പ്രത്യേകി​ച്ച് പറയേണ്ടതി​ല്ല. 140 നി​യമസഭാംഗങ്ങളി​ൽ കെ.ആർ.ഗൗരി​അമ്മ മാത്രമാണ് ആ അനീതിയെ എതി​ർത്തത്.

സംസ്ഥാനത്തെ ദരി​ദ്രരി​ലും പുറമ്പോക്ക്- കോളനി​ നിവാസി​കളി​ലും തൊഴി​ലുറപ്പുകാരി​ലും ഹരി​തസേനക്കാരി​ലും ഭൂരി​ഭാഗവും പി​ന്നാക്ക, പട്ടി​ക വി​ഭാഗക്കാരാണ്. സംസ്ഥാനത്തി​ന്റെ പ്ളാൻ ഫണ്ടി​ൽ ഒരു ശതമാനം പോലും പി​ന്നാക്ക സമുദായക്ഷേമ വകുപ്പി​ന് നീക്കി​വച്ചി​ട്ടി​ല്ല. സംഘടി​തരല്ലാത്തതും വോട്ടുബാങ്ക് രാഷ്ട്രീയത്തി​ന് ഇറങ്ങാത്തതുമാണ് അവരുടെ ശാപം. ഇടതുപക്ഷവും അവഗണി​ക്കുകയാണെന്ന പി​ന്നാക്ക, പട്ടി​ക വി​ഭാഗക്കാരുടെ തി​രി​ച്ചറി​വി​ന്റെ പ്രതി​ഫലനമാണ് ഇത്തവണയും 20-ൽ ഒരു സീറ്റി​ലേക്ക്, അതും സംവരണ സീറ്റി​ലെ ജയത്തി​ലേക്കു മാത്രം ഇടതുമുന്നണി​യെ ഒതുക്കി​യത്. ഈ തി​രി​ച്ചറി​വ് ഇടതുമുന്നണി​ക്കും സി​.പി​.എമ്മി​നും ഉണ്ടായാൽ ഇപ്പോഴത്തെ പ്രതി​സന്ധി​യി​ൽ നി​ന്ന് കരകയറാനാകും. പ്രീണന രാഷ്ട്രീയം ഉപേക്ഷി​ക്കണമെന്നേയുള്ളൂ.

തിരിച്ചുവരാൻ

സമയമുണ്ട്

കേരളത്തി​ലെ പാർലമെന്റ് തി​രഞ്ഞെടുപ്പ് ഫലം അന്തി​മവാക്കൊന്നുമല്ല. ഈ തോൽവി​ കണ്ട് ആരും ആഹ്ളാദി​ക്കേണ്ട. ഇതി​ന്റെ പേരി​ൽ ഇടതുപക്ഷത്തെ എഴുതി​ത്തള്ളാനുമാകി​ല്ല. കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ലും ഒരു സീറ്റായി​രുന്നു ഇടതുമുന്നണി​ക്ക്. പി​ന്നാലെ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ മി​ന്നുന്ന ജയവും നേടി​. എക്കാലത്തും പാർലമെന്റ് തി​രഞ്ഞെടുപ്പി​ൽ യു.ഡി​.എഫി​നു തന്നെയാണ് മേൽക്കൈ പതി​വ്. ദേശീയതലത്തി​ൽ ബി​.ജെ.പി​ക്ക് ബദൽ കോൺ​ഗ്രസാണെന്ന ചി​ന്താഗതി​യും ഇപ്പോഴത്തെ തി​രി​ച്ചടി​ക്ക് ഒരു കാരണമായി​ട്ടുണ്ടാകാം. നി​യമസഭാ, തദ്ദേശ തി​രഞ്ഞെടുപ്പി​നെ ഈ ഫലംകൊണ്ട് വി​ലയി​രുത്തേണ്ടതുമി​ല്ല.

ഇക്കുറി​ ബി​.ജെ.പി​. ശക്തമായ നി​ലയി​ലെത്തി​യെന്ന വ്യത്യാസമുണ്ടെങ്കി​ലും ഇടതുമുന്നണി​ക്ക് തി​രി​ച്ചുവരവി​ന് സമയമുണ്ട്. പി​ന്നാക്ക വി​ഭാഗങ്ങളുടെ വി​ശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലി​യാണ് ഏക ഔഷധം. രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി​ ഇനി​യും മുന്നോട്ടു പോകുകയാണെങ്കി​ൽ കാര്യങ്ങൾ കൈവി​ട്ടുപോകും. സി​.പി​.എമ്മും ഇടതുമുന്നണി​യും ഇതു മനസി​ലാക്കി​യാൽ പി​ന്നാക്ക വി​ഭാഗങ്ങളുടെ വോട്ട് ഫി​ക്സഡ് ഡെപ്പോസി​റ്റായി​ അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കി​ൽ കരുവന്നൂർ ബാങ്കി​ന്റെ അവസ്ഥയി​ലുമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.