SignIn
Kerala Kaumudi Online
Friday, 12 July 2024 7.45 AM IST

എരിവ് കൂടി, കൊറിയൻ നൂഡിൽസിനെ പുറത്താക്കി ഡെൻമാർക്ക്

pic

കോപ്പൻഹേഗൻ : എരിവ് കൂടിയതിനെ തുടർന്ന് ദക്ഷിണ കൊറിയയിലെ ജനപ്രിയ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡിന്റെ വിവിധ ഫ്ലേവറുകൾക്ക് വിലക്കേർപ്പെടുത്തി ഡെൻമാർക്ക്. ഇവ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഉപഭോക്താക്കൾൾക്ക് നിർദ്ദേശവും നൽകി. സംയാംഗ് ഫുഡ്സ് എന്ന ബ്രാൻഡിന്റെ ചില നൂഡിൽസ് ഇനങ്ങളുടെ വില്‌പനയും വിതരണവും നിരോധിച്ചതായി ഡാനിഷ് വെറ്ററിനറി ആൻഡ് ഫുഡ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. തീവ്രമായ എരിവുള്ള ക്യാപ്സിക്കമാണ് കമ്പനിയുടെ നൂഡിൽസുകളിൽ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത് അമിത അളവിൽ ഉള്ളിലെത്തുന്നത് വിവിധ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നും അധികൃതർ പറയുന്നു. സംയാംഗ് ഫുഡ്സിന്റെ ഹോട്ട് ചിക്കൻ സ്റ്റൂ അടക്കം മൂന്ന് ഇനം ഇൻസ്റ്റന്റ് റാമൻ നൂഡിൽസുകൾ ഇനി മുതൽ ഡാനിഷ് കടകളിൽ വിൽക്കാൻ കഴിയില്ല. ഉത്പന്നങ്ങൾ വാങ്ങിയിട്ടുള്ളവർ അത് ഉപേക്ഷിക്കുകയോ വാങ്ങിയ ഇടത്ത് തിരിച്ചു നൽകുകയോ വേണമെന്നാണ് നിർദ്ദേശം. അമിത അളവിലെ എരിവ് കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും സുരക്ഷിതമല്ല. ഓക്കാനം, തലകറക്കം മുതൽ ഉയർന്ന രക്ത സമ്മർദ്ദത്തിന് വരെ ഇത് കാരണമാകാമെന്നും ഡാനിഷ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. അതേ സമയം, ഡെൻമാർക്കിന്റെ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. തങ്ങളുടെ ഉത്പന്നങ്ങളുടെ നിലവാരത്തിന് പ്രശ്നമൊന്നുമില്ലെന്നും ഡെൻമാർക്കിലുള്ളവർക്ക് എരിവുള്ള സുഗന്ധവ്യഞ്ജനങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും സോൾ ആസ്ഥാനമായുള്ള സംയാംഗ് ഫുഡ്സ് പ്രതികരിച്ചു. ആഗോളതലത്തിൽ തങ്ങളുടെ നൂഡിൽസ് വില്ക്കുന്നുണ്ടെന്നും ആദ്യമായാണ് എരിവിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇൻസ്‌റ്റന്റ് നൂഡിൽസ് കയറ്റുമതിക്ക് സമീപ വർഷങ്ങളിൽ വൻ വർദ്ധനവാണുണ്ടായത്. കൊറിയൻ സിനിമകൾക്കും സീരീസുകൾക്കും പോപ്പ് സംഗീതത്തിനും ആഗോളതലത്തിൽ ലഭിച്ച സ്വീകാര്യത ഒരു പരിധി വരെ ഇതിന് ആക്കം കൂട്ടി. നൂഡിൽസ് കയറ്റുമതിയുടെ നല്ലൊരു ഭാഗം വഹിക്കുന്നത് സംയാംഗ് ഫുഡ്സ് ആണ്. 2024ന്റെ ആദ്യ മൂന്ന് മാസം 270 മില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇവർ നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.