SignIn
Kerala Kaumudi Online
Thursday, 08 August 2024 2.37 PM IST

ഇതാ ഇന്നുമുതൽ യൂറോപ്പിൽ പന്തുരുളും

euro-cup

മ്യൂണിക്ക് : യൂറോപ്യൻ വൻകരയു‌ടെ ഫുട്ബാൾ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ജർമ്മനി ആതിഥ്യം വഹിക്കുന്ന 17-ാമത് യൂറോ കപ്പിന് ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ആതിഥേയരും സ്കോട്ട്‌ലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാകുന്നത്. വൻകരയിലെ 24 ടീമുകളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 2021ൽ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇറ്റലിയാണ്നിലവിലെ ചാമ്പ്യന്മാർ.

ഇത് മൂന്നാം തവണയാണ് ജർമ്മനി യൂറോ കപ്പിന് വേദിയാകുന്നത്. ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം രണ്ടാം തവണയും. 10 നഗരങ്ങളിലായാണ് ഇക്കുറി യൂറോ കപ്പിന് പന്തുരുളുന്നത്. ഇതിൽ ഒൻപത് നഗരങ്ങളും 2006 ഫിഫ ലോകകപ്പിന്റെ മത്സരവേദികളായിരുന്നു. മ്യൂണിക്ക്,ബെർലിൻ,ഡോർട്ട്മുണ്ട്, കൊളോൺ,സ്റ്റുട്ട്ഗർട്ട്, ഹാംബർഗ്,ലെയ്പ്സിഗ്, ഫ്രാങ്ക്ഫുർട്ട്,ജെൽസൻകിർഷൻ എന്നീ 2006 ലോകകപ്പ് വേദികൾക്ക് പുറമേ ഡസൽഡോർഫിലുമായാണ് ഇക്കുറി യൂറോ കപ്പ് നടക്കുന്നത്.

ആതിഥേയരെക്കൂടാതെ യോഗ്യതാ റൗണ്ട് കടന്നുവന്ന ടീമുകളെയും ചേർത്ത് 24 രാജ്യങ്ങളാണ് യൂറോ കപ്പിന്റെ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. നാലുടീമുകൾ വീതമുള്ള ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പുകളിൽ നിന്നുമായി നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും.പ്രീ ക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളാണ്. എട്ടുടീമുകൾ ക്വാർട്ടറിലും നാലുടീമുകൾ സെമിയിലുമെത്തും. ജൂലായ് 14ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

ഗ്രൂപ്പുകളും ടീമുകളും

ഗ്രൂപ്പ് എ

ജർമ്മനി

സ്കോട്ട്‌ലാൻഡ്

ഹംഗറി

സ്വിറ്റ്സർലാൻഡ്

ഗ്രൂപ്പ് ബി

സ്പെയ്ൻ

ക്രൊയേഷ്യ

ഇറ്റലി

അൽബേനിയ

ഗ്രൂപ്പ് സി

ഇംഗണ്ട്

സ്ളൊവേനിയ

ഡെന്മാർക്ക്

സെർബിയ

ഗ്രൂപ്പ് ഡി

ഫ്രാൻസ്

പോളണ്ട്

ഹോളണ്ട്

ആസ്ട്രിയ

ഗ്രൂപ്പ് ഇ

ബെൽജിയം

സ്ളൊവാക്യ

യുക്രെയ്ൻ

റൊമേനിയ

ഗ്രൂപ്പ് എഫ്

പോർച്ചുഗൽ

തുർക്കി

ജോർജിയ

ചെക്ക് റിപ്പബ്ളിക്ക്

ബി അത്ര പോസിറ്റീവ് അല്ല

ഈ യൂറോകപ്പിന്റെ പ്രാഥമിക റൗണ്ടിൽ ഏറ്റവും അധികം ആവേശം ഉയർത്തുന്നത് ബി ഗ്രൂപ്പിലെ മത്സരങ്ങളാകും. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും മുൻ ചാമ്പ്യന്മാരായ സ്പെയ്നും മുൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും അണിരിക്കുന്ന ഗ്രൂപ്പാണിത്. അൽബേനിയയാണ് ഗ്രൂപ്പിലെ നാലാമൻ.

എ ഗ്രൂപ്പിൽ ആതിഥേയരായ ജർമ്മനിക്ക് കടുത്ത വെല്ലുവിളി ഉണ്ടാകാനിടയില്ല. സ്കോട്ട്ലാൻഡും ഹംഗറിയും സ്വിറ്റ്സർലാൻഡുമാണ് മറ്റ് എതിരാളികൾ.

സി ഗ്രൂപ്പിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ളണ്ടാണ് കൊമ്പന്മാർ. ഡെന്മാർക്കും സെർബിയയും സ്ളൊവേനിയയും വലിയ വെല്ലുവിളി ആകാനിടയില്ല. ഗ്രൂപ്പ് ഡിയിൽ പക്ഷേ തീപാറുന്ന പോരാട്ടങ്ങളാകും നടക്കുക.കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച ഫ്രാൻസ് 24 വർഷത്തിന് ശേഷം യൂറോകപ്പ് സ്വന്തമാക്കാനിറങ്ങുകയാണ്. കടുത്ത വെല്ലുവിളിയുമായി പോളണ്ടും ഹോളണ്ടും ഓസ്ട്രിയയുമുണ്ട് ഗ്രൂപ്പിൽ ഒപ്പം. ഗ്രൂപ്പ് ഇയിൽ ബെൽജിയം,സ്ളൊവാക്യ,യുക്രെയ്ൻ, റൊമേനിയ എന്നിവരാണുള്ളത്. ഗ്രൂപ്പ് എഫിലാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇറങ്ങുന്നത്. 2016ൽ ചാമ്പ്യന്മാരായ പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോകപ്പിൽ കിരീടത്തോടെ യാത്ര അയപ്പ് നൽകാൻ ആഗ്രഹിക്കുന്നു. തുർക്കിയും ജോർജിയയും ചെക് റിപ്പ്ബളിക്കുമാണ് എഫ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

മദ്ധ്യനിരക്കരുത്തുമായി

ആതിഥേയർ

ബാഴ്സലോണ താരം ഇക്കേയ് ഗുണ്ടോഗൻ, റയൽ മാഡ്രിഡിന്റെ ടോണി ക്രൂസ്,ബയേൺ മ്യൂണിക്ക് താരങ്ങളായ ലെറോയ് സാനേ,ജമാൽ മുസൈല തുടങ്ങിയവരുടെ കരുത്തിലാണ് ആതിഥേയരായ ജർമ്മനി യൂറോകപ്പിനിറങ്ങുന്നത്. ഗുണ്ടോഗനാണ് ക്യാപ്ടൻ. പരിചയസമ്പന്നനായ തോമസ് മുള്ളർ മുന്നേറ്റത്തിലുണ്ട്.ആഴ്സനലിന്റെ കായ് ഹാവെർട്സ്, ബൊറൂഷ്യയുടെ നിക്ളാസ് ഫുൾക്രൂഗ് എന്നിവരാണ് മുന്നേറ്റത്തിലെ യുവശക്തി. രാജ്യത്തിനായി 117 മത്സരങ്ങൾ കളിച്ചിട്ടുള്ള 38കാരനായ ലോകകപ്പ് ജേതാവ് മാനുവൽ ന്യൂയറാണ് ഒന്നാം നമ്പർ ഗോളി. ബാഴ്സയുടെ കാവൽക്കാരൻ മാർക് ആന്ദ്രേ ടെർസ്റ്റെഗനും സംഘത്തിലുണ്ട്. പ്രതിരോധത്തിലെ സൂപ്പർ താരങ്ങൾ ബയേണിന്റെ ജോഷ്വ കിമ്മിഷും റയലിന്റെ അന്റോണിയോ റൂഡിഗറുമാണ്.യൂലിയൻ നഗേൽസ്മാനാണ് പരിശീലകൻ.

യൂറോ കപ്പ് ജേതാക്കൾ

ഇതുവരെ

1960 സോവിയറ്റ് യൂണിയൻ

1964 സ്പെയ്ൻ

1968 ഇറ്റലി

1972 ജർമ്മനി

1976 ചെക്കോസ്ളൊവാക്യ

1980 ജർമ്മനി

1984 ഫ്രാൻസ്

1988 ഹോളണ്ട്

1992 ഡെന്മാർക്ക്

1996 ജർമ്മനി

2000 ഫ്രാൻസ്

2004 ഗ്രീസ്

2008 സ്പെയ്ൻ

2012 സ്പെയ്ൻ

2016 പോർച്ചുഗൽ

2020 ഇറ്റലി

കളമൊഴിയുന്ന

കരുത്തർ

ഈ യൂറോകപ്പിന് ശേഷം വിരമിക്കാൻ തയ്യാറെ‌ടുക്കുന്നത് ഒരുപിടി മുൻനിര താരങ്ങളാണ്. റയൽ മാഡ്രിഡിന്റേയും ജർമ്മനിയുടേയും മിഡ് ഫീൽഡർ ടോണി ക്രൂസ് ടൂർണമെന്റിന് ശേഷം വിരമിക്കുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. രാജ്യത്തിനായി 108 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ടോണിക്ക് 34 വയസാണ്. പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. 39കാരനായ ക്രിസ്റ്റ്യാനോയ്ക്ക് അടുത്ത ലോകകപ്പിൽകൂടി കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഈ യൂറോയിൽ മികച്ച പ്രകടനം നടത്തുകയെന്ന കടമ്പ കടക്കേണ്ടതുണ്ട്. തന്റെ ആറാം യൂറോകപ്പിനാണ് ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്. ഏറ്റവും കൂടുതൽ യൂറോ കപ്പുകളിൽ കളിച്ച താരമെന്ന റെക്കാഡ് കഴിഞ്ഞ തവണത്തോടെ ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണയും ക്രിസ്റ്റ്യാനോ തന്നെയാണ് പോർച്ചുഗൽ നായകൻ.

ക്രൊയേഷ്യൻ നായകൻ ലൂക്കാ മൊഡ്രിച്ചിന്റേയും അവസാന യൂറോകപ്പ് ആയിരിക്കുമിത്. 38 വയസിലെത്തി നിൽക്കുകയാണ് മൊഡ്രിച്ച്. ജർമ്മനിയുട‌െ തോമസ് മുള്ളറും വിരമിക്കൽ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.