SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.00 AM IST

സുരേഷ് ഗോപി മുരളീ മന്ദിരത്തിൽ, കെ കരുണാകരൻ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

suresh-gopi

തൃശൂർ: കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്.

സന്ദർശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 'ലീഡർ കരുണാകരനെ കേരളത്തിൽ കോൺഗ്രസിന്റെ പിതാവായാണ് ഞാൻ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ. അദ്ദേഹത്തിന്റെ മുൻഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്.'

'അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോട് അതുകൊണ്ടു തന്നെ ചെറിയ ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രൻ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനു മര്യാദയായാണ് രാഷ്ട്രീയമില്ലാതെ തന്നെ ഇവിടെ എത്തിയത്. അതിനുള്ള ചോദ്യങ്ങളൊന്നുമില്ല, അതിനുള്ള ഉത്തരങ്ങളും എന്റെ കയ്യിൽ ഇല്ല', സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി നായനാരുടെ വീട്ടിൽ; അനുഗ്രഹിച്ച് ശാരദ ടീച്ചർ

കണ്ണൂർ: സുരേഷേ വാ...കൈപിടിച്ച് സ്വീകരിച്ച് ശാരദ ടീച്ചർ. കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. കല്ല്യാശ്ശേരിയിലെ ശാരദാസിൽ വർഷങ്ങളായുള്ള സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങൾ...

മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ. നായനാരുടെ വീട്ടിൽ, കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുടെ ആദ്യ സന്ദർശനം. കൊണ്ടുവന്ന മധുരം പങ്കുവച്ചു. നായനാരെ കുറിച്ചുള്ള ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ 'പ്രിയ സഖാവ്' സുരേഷ് ഗോപിക്ക് നൽകി. പുസ്‌തകം വായിച്ച് അഭിപ്രായം അറിയിക്കണം - ടീച്ചർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചാണ് സുരേഷ് മടങ്ങിയത്.

നായനാരോട് ഏറെ അടുപ്പമായിരുന്നു സുരേഷ് ഗോപിക്ക്. പലപ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. ഇപ്പോൾ പഴയ സുരേഷല്ലല്ലോ. ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വന്നതിൽ വളരെ സന്തോഷം. രാഷ്ട്രീയം വേറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ് - ശാരദ ടീച്ചർ പറഞ്ഞു.

കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂർ പഴയങ്ങാടിയിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനത്തിന് ശേഷമാണ് ശാരദ ടീച്ചറെ കാണാനെത്തിയത്. പിന്നീട് പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപം സന്ദർശിച്ചു. വൈകിട്ട് കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, TRISSUR, MURALI MANDHIRAM, K KARUNAKARAN, FLORAL TRIBUTE, SMRITI MANDAPAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA