SignIn
Kerala Kaumudi Online
Sunday, 20 October 2024 10.26 AM IST

വീഴില്ല വീണമന്ത്രി!

Increase Font Size Decrease Font Size Print Page
opinion

വീണപൂവിന്റെ വേദനയറിയാൻ മഹാകവി കുമാരനാശാൻ ഉണ്ടായിരുന്നെങ്കിൽ വീണമന്ത്രിയുടെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ല. എന്തുചെയ്താലും പരിഹാസം മാത്രം. ആശാന്റെ വീണപൂവിനെ 'വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ" എന്നാണ് കവിയും ഗാനരചയിതാവുമായ വയലാർ വിശേഷിപ്പിച്ചത്. വീണമന്ത്രിയെക്കുറിച്ച് രണ്ടുവരി കവിതയെഴുതാൻ വിപ്ലവകവികൾ പോലുമില്ല. അറിവും ശുഷ്‌കാന്തിയും ദീർഘവീക്ഷണവും കാരുണ്യവും സമാസമം ചേർന്ന ആരോഗ്യമന്ത്രിയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ആർക്ക് എന്തപകടം ഉണ്ടായാലും കണ്ണുതുടച്ചുകൊണ്ട് പാഞ്ഞെത്തുന്നതാണ് ശീലം. മലയാളികളടക്കം ഒരുപാട് ഇന്ത്യക്കാർ അഗ്നിബാധയിൽ മരിച്ച കുവൈറ്റിൽ പോകാൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. പക്ഷേ, കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ അതിന് അനുമതി നൽകിയില്ലെന്നു മാത്രമല്ല മന്ത്രിയെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്തു. അവസാന നിമിഷം വിമാനത്താവളത്തിൽ ഓടിപ്പാഞ്ഞെത്തിയപ്പോഴേക്കും വിമാനം കുവൈത്തിലേക്ക് പറന്നിരുന്നു. അഞ്ചുമിനിറ്റ് മുമ്പേ വണ്ടി വിട്ടോളാൻ ഡൽഹിയിൽ നിന്ന് നിർദ്ദേശമെത്തിയെന്നാണ് വിവരം. വിദേശകാര്യ മന്ത്രിയടക്കം കുവൈറ്റിലേക്ക് പോയതിനാൽ കേരളത്തിലെ വീണമന്ത്രി വേണ്ടെന്നാണ് കേന്ദ്രൻമാരുടെ വിശദീകരണം. ആരോഗ്യകാര്യത്തിൽ ലോകത്തിന് മാതൃകയായ കേരളത്തെ മാറ്റിനിറുത്തിയതിലൂടെ എന്തെങ്കിലും മനസുഖം അവർക്കു കിട്ടിയെങ്കിൽ അങ്ങനെയാവട്ടെ എന്നുമാത്രം പ്രതികരിച്ച് വീണമന്ത്രി മാന്യതകാട്ടി. മന്ത്രിയായും എം.എൽ.എയായും ചെയ്ത കാര്യങ്ങൾവച്ചു നോക്കുമ്പോൾ വീണമന്ത്രിയെക്കുറിച്ച് മഹാകാവ്യമെഴുതാം. ഏതായാലും കേന്ദ്രസർക്കാരും വടക്കന്മാരുടെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനികളും തമ്മിലുള്ള ഒത്തുകളി സകലർക്കും മനസിലായി. കേരളത്തിന്റെ സ്വന്തം എയർകേരളയോ കെ-എയറോ ഉണ്ടായിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു.

യു.ഡി.എഫ് സർക്കാർ മുന്നോട്ടുവച്ച എയർ കേരള എന്ന ആശയം യാഥാർത്ഥ്യമാകാത്തതിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറെ പഴികേട്ടിരുന്നു. വിദേശത്തേക്ക് വിമാന സർവീസ് നടത്താൻ അഞ്ചുവർഷം ആഭ്യന്തര സർവീസ് നടത്തി പരിചയം ഉണ്ടായിരിക്കണമെന്നും 20 വിമാനങ്ങൾ വേണമെന്നുമുള്ള വ്യോമയാന നയമാണ് തടസമായത്. അതൊന്നും പ്രശ്നമല്ലെന്നും എല്ലാം ശരിയാക്കാമെന്നും ഹൃദയപക്ഷം ഉറപ്പുനൽകിയിട്ടുണ്ട്. എയർ കേരളയിൽ ചുരുങ്ങിയത് 100 കിലോ ലഗേജുമായി ചുരുങ്ങിയ നിരക്കിൽ യാത്രചെയ്യാം. തിരക്കുള്ള സീസണിൽ സ്പെഷ്യൽ സർവീസ് നടത്തുകയും സ്റ്റാൻഡിംഗ് അനുവദിക്കുകയും ചെയ്യും. മലയാളികളെ പറ്റിച്ചു കൊഴുക്കുന്ന വടക്കൻ കമ്പനികളുടെ ആപ്പീസ് പൂട്ടിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. ലേശം കാത്തിരിക്കണമെന്നു മാത്രം. ഭൂമിയിലൂടെ ഓടുന്ന കെ.എസ്.ആർ.ടി.സിയെ നന്നാക്കിയശേഷം ആകാശത്തെ കാര്യത്തിലേക്ക് കടക്കും.

കമ്മ്യൂണിസവും കമ്മ്യൂണലിസവും തമ്മിലുള്ള വ്യത്യാസം കണ്ട് അന്തംവിട്ട് ഉത്തമ സഖാവായി രൂപാന്തരം പ്രാപിച്ച വീണമന്ത്രിയുടെ ദുഃഖത്തിൽ മുഖ്യമന്ത്രിയും പങ്കുചേർന്നിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യമന്ത്രി അവിടെയുണ്ടായിരുന്നെങ്കിൽ മലയാളികൾക്ക് വലിയ ആശ്വാസമാകുകയും കുവൈറ്റ് സർക്കാർ കുറേക്കൂടി ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുവൈറ്റിലെ മലയാളി സംഘടനകളുടെയും സഹായത്തോടെ എല്ലാ നടപടികളും വേഗം പൂർത്തിയായെന്നും സംസ്ഥാനമന്ത്രിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചെങ്കിലും തൃപ്തികരമല്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മന്ത്രി പോയാൽ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഈ ആവശ്യം ഉന്നയിക്കുമെന്നും എല്ലാവരും കൂടി പോയാൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ പണികൂടുമെന്നുമുള്ള കേന്ദ്രൻമാരുടെ നിലപാട് ഫാസിസമാണ്. വികസനകാര്യങ്ങളിൽ ഒരുപാട് ശ്രദ്ധിക്കാനുള്ളതിനാൽ ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നാണ് വീണമന്ത്രിയുടെ നിലപാട്.

സത്യങ്ങൾ മുങ്ങിയ

മഴക്കുഴി പദ്ധതി

വീണമന്ത്രിയുടെ മണ്ഡലത്തിലെ ബസ് സ്റ്റാൻഡിൽ വെള്ളം കെട്ടിനിൽക്കുന്നുവെന്നു പറഞ്ഞ് കുറേനാൾ മുമ്പ് ചിലർ ബഹളമുണ്ടാക്കിയിരുന്നു. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയുന്നത് സ്വാഭാവികമാണെന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല. കുഴികൾ നികത്തണമെങ്കിൽ തോനെ കാശാകും. അതൊട്ടില്ലതാനും. അപ്പോൾ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പരമാവധി വെള്ളം കെട്ടിനിൽക്കാൻ സൗകര്യമൊരുക്കി. വെറുതേ കിട്ടിയ വെള്ളമല്ലേ! ഇതൊക്കെ അറിയാമായിരുന്നിട്ടും കോൺഗ്രസുകാർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. വെള്ളം കെട്ടിക്കിടന്നാൽ നേട്ടങ്ങൾ പലതാണ്. ഘട്ടംഘട്ടമായി വെള്ളം താഴ്ന്ന് ഭൂഗർഭ ജലനിരപ്പ് ഉയരും. ഭൂമിക്കടിയിലെ ജലശേഖരം കേരളത്തിന്റെ ഖജനാവ് പോലെയാകരുതെന്ന് മന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. ബസ് സ്റ്റാൻഡ് വഴി ബോട്ട് സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും മഴ മാറിയതിനാൽ പദ്ധതി പൊളിഞ്ഞു.
വീണമന്ത്രിയെ മാത്രമല്ല, ഭർത്താവിനെയും അപമാനിച്ചേ അടങ്ങൂ എന്ന വാശിയിലാണ് എതിരാളികൾ. എന്തൊരു കഷ്ടമാണ്. റൂട്ട് മാറ്റി ഓട നിർമ്മിച്ചെന്നാണ് ആരോപണം. വളവില്ലാതെ പണിയാൻ ഓട ദേശീയപാതയല്ല. കൊടുമണിലെ സ്വന്തം കെട്ടിടത്തിനായി ഏഴംകുളം-കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് പറഞ്ഞ് കോൺഗ്രസുകാർ ഹർത്താൽ നടത്തി. തോടല്ല, വെറുമൊരു ഓടയാണ് നിർമ്മിച്ചത്.

താക്കീത് നൽകി

ലോക കേരളസഭ

കുവൈറ്റ് ദുരന്തത്തിന്റെ ആഘാതത്തിനിടയിലും, നാലാം ലോക കേരളസഭ കൂടി പ്രവാസികളുടെ സകല പ്രശ്നങ്ങളും പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. പ്രവാസികൾക്കായി പ്രവാസികൾ തിരഞ്ഞെടുത്ത പ്രവാസികളുടെ സഭയുടെ പവർ എന്താണെന്ന് പലർക്കും അറിയില്ല. പാർലമെന്റിനേക്കാൾ അധികാരമുള്ള ഇന്റർനാഷണൽ സഭയാണിതെന്ന് പേരിൽനിന്ന് തന്നെ വ്യക്തമാണ്. പ്രവാസികൾ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനനുസരിച്ചുള്ള നന്ദി അവർക്കു കൊടുക്കുന്നില്ലെന്നു ലോക കേരളസഭയിൽ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചപ്പോൾ അതുകേട്ടിരുന്ന കോട്ടുധാരികൾ പൊട്ടിക്കരഞ്ഞു. മലയാളികൾ നാട്ടിൽവരുന്ന സമയംനോക്കി വിമാനടിക്കറ്റ് നിരക്ക് കൂട്ടുന്ന കേന്ദ്രസർക്കാരിനെയും അദ്ദേഹം വിമർശിച്ചു. ഈ വെല്ലുവിളിയെ കെ-എയർ തുടങ്ങി കേരളം നേരിടും. തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാരും ഇതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ.

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇനിയെങ്കിലും കണ്ടുപഠിക്കണം. കൊവിഡ് കാലത്ത് നാട്ടിലേക്കു മടങ്ങേണ്ടിവന്ന മലയാളികൾ സ്വന്തമായി സംരംഭങ്ങൾ തുടങ്ങി ഇന്ന് നല്ലനിലയിലാണ്. സകല മലയാളികളും മടങ്ങിവന്ന് സംരംഭങ്ങൾ തുടങ്ങി കേരളത്തെ ഗൾഫാക്കണമെന്നാണ് ആഗ്രഹം. നയാപൈസ പോലും കേരളത്തിനു പുറത്തുപോകില്ല. പ്രവാസികളെ ഊറ്റുന്ന കേന്ദ്രത്തെ ഒരുപാഠം പഠിപ്പിക്കാം. ഇതെല്ലാം കേട്ട് സഭാപ്രതിനിധികളിൽ പലരും തലയാട്ടുകയും ആട്ടം ഓവറായി ചിലരുടെ തല മേശപ്പുറത്ത് ക്രാഷ് ലാൻഡിംഗ് നടത്തുകയും ചെയ്തു. മലയാളികളുടെ സുരക്ഷാകാര്യത്തിൽ വീഴ്ചവരുത്തുന്ന വിദേശ സർക്കാരുകൾക്കെതിരെ ഹർത്താൽ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ വൈകാതെ പ്രഖ്യാപിക്കാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.