കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസിൽ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 60പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ട്രെയിനിന്റെ മൂന്ന് കമ്പാർട്ട്‌മെന്റുകൾ പാളം തെറ്റിയെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോക്‌ടർമാരും ആംബുലൻസും ഉൾപ്പെടെ വൻ രക്ഷാ സന്നാഹം തന്നെ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.
അപകടത്തിൽ സിഗ്‌നൽ തെറ്റിച്ച് വന്ന ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ ഗാർഡും മരിച്ചു. അഗർത്തല -സീൽദാ റൂട്ടിലുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ്മ സിൻഹ പറഞ്ഞു രക്ഷാപ്രവർത്തനം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |