SignIn
Kerala Kaumudi Online
Wednesday, 26 June 2024 11.36 PM IST

ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം, ഇന്ത്യക്കാരും സൂക്ഷിക്കണം; ഇത്‌ അടുത്ത മഹാമാരിയുടെ സൂചനയോ?

stss

ടോക്കിയോ: കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് മൂന്ന് വർഷം കനത്ത നിയന്ത്രണങ്ങളായിരുന്നു ലോകമെമ്പാടും ഏർപ്പെടുത്തിയിരുന്നത്. ലോക്‌ഡൗൺ അടക്കമുള്ള പല നിയന്ത്രണങ്ങളും വന്നു. മാസ്‌ക് ജീവിതത്തിന്റെ ഭാഗമായതോടെ മറ്റ് പല രോഗങ്ങളും കുറഞ്ഞിരുന്നു.എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് പിന്നാലെ ജപ്പാനിൽ അത്യപൂർവവും മാരകവുമായ രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ബാ‌ക്‌‌ടീരിയ മൂലമാണ്‌ ഈ രോഗം ഉണ്ടാകുന്നത്. ഈ ബാക്‌ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്നു, നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ മരണം വരെ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്‌ടിഎസ്എസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.


ഈ വർഷം രാജ്യത്ത് ഇതിനോടകം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും തൊള്ളായിരത്തിലധികം പേർക്ക് ഈ രോഗം ബാധിച്ചിരുന്നു.

എന്താണ് എസ്‌ടിഎസ്എസ്


ഗ്രൂപ്പ് എ സ്‌ട്രെപ്‌ടോകോക്കസ് (GAS) ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് എസ്‌ടിഎസ്‌‌എസ്. ശരീരത്തെ മോശമായി ബാധിക്കുന്നവിഷവസ്തുക്കളെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു. ഇത് സന്ധി വേദന അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ബാക്ടീരിയകൾ വളരെ പെട്ടെന്ന് തന്നെ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ പല അവയവങ്ങളും തകരാറിലാക്കുന്നു.

stss

ആദ്യലക്ഷണങ്ങൾ

പനി, പേശി വേദന, ഛർദ്ദി തുടങ്ങിയവയാണ് എസ്ടിഎസ്എസിന്റെ പ്രാരംഭം ലക്ഷണങ്ങൾ. തുടർന്ന് രക്തസമ്മർദ്ദം, വീക്കം, ഒന്നിലധികം അവയവങ്ങളുടെ പരാജയം തുടങ്ങിയവയും ഒടുവിൽ മരണംവരെ സംഭവിക്കുന്നു.

തുടക്കത്തിൽ തന്നെ ചികിത്സ നൽകിയാൽപ്പോലും ഈ രോഗം മാരകമാകാൻ സാദ്ധ്യതയുണ്ടെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് പേർക്ക് രോഗം ബാധിച്ചാൽ മൂന്ന് പേർ മരിക്കുമെന്ന സ്ഥിതിയാണത്രേ.


രോഗം കണ്ടെത്താനായി രക്ത പരിശോധന ഉൾപ്പെടെയുള്ളവ നടത്തുന്നു. ബാക്ടീരിയയെ കൊല്ലാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നു. രോഗം ഗുരുതരമായാൽ ബാക്ടീരിയ ബാധിച്ച ടിഷ്യു നീക്കം ചെയ്യാനും കൂടുതൽ പ്രശ്നങ്ങൾ തടയാനും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ജപ്പാനിലെ കണക്കുകൾ


ജപ്പാനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ രണ്ട് വരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.30 ശതമാനം വരെയാണ് മരണനിരക്ക്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 77 പേർ രോഗം ബാധിച്ച് മരിച്ചു.


കഴിഞ്ഞ വർഷം ജപ്പാനിൽ ആകെ 947 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം പകുതിയായപ്പോഴേക്ക് ആ കണക്കുകൾ മറികടന്നു. കഴിഞ്ഞ വർഷം 97 മരണങ്ങളാണ് റിപ്പോർട്ട് ചെയ‌്‌തത്.


'മരണങ്ങളിൽ ഭൂരിഭാഗവും പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട് 48 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു. കൊവിഡിന് ശേഷമുള്ള ആളുകളുടെ ദുർബലമായ രോഗപ്രതിരോധ ശേഷിയായിരിക്കാം മരണനിരക്ക് ഉയരാൻ കാരണം' ടോക്കിയോ വിമൺസ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെൻ കികുച്ചി പറഞ്ഞു.

മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ?

നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജപ്പാനിലാണെങ്കിലും ആഗോള വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര യാത്രകളൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. ചൈനയിലെ ചെറിയൊരു മാർക്കറ്റിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് എത്ര പെട്ടെന്നാണ് ലോകം മുഴുവൻ ബാധിച്ചത്. അതുപോലെ എസ്‌ടിഎസ്എസ് വ്യാപിക്കാൻ സാദ്ധ്യക കൂടുതലാണ്. ഇന്ത്യയിൽ നിന്നടക്കം നിരവധി പേർ ജപ്പാനിൽ ജോലി ചെയ്യുന്നുണ്ട്.

stss

ശ്രദ്ധിക്കേണ്ടത്


ശുചിത്വം തന്നെയാണ് ബാക്‌ടീരിയ ശരീരത്തിൽ കയറാതിരിക്കാനുള്ള മാർഗം. ഇടയ്ക്കിടെ കൈകഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. മുറിവേറ്റാൽ ഉടനടി ചികിത്സ തേടുക. കഠിനമായ വേദന, പനി, മുറിവേറ്റ സ്ഥലത്ത് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. ഈ മാരകമായ അണുബാധയുടെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതും പ്രധാനമാണ്.

ജപ്പാൻ സ്വീകരിച്ച നടപടികൾ

ജപ്പാനീസ് ആരോഗ്യ പ്രവർത്തകർ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയും രോഗവ്യാപനം തടയാൻ കഠിനമായി ശ്രമിക്കയുമാണ്. ഇതിനായി ജനങ്ങൾക്ക് ബോധവത്കരണം നൽകുകയാണ്. എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ എന്ന് വിശദമായി പറഞ്ഞുകൊടുക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടാൻ പ്രോത്സാഹിപ്പിക്കുന്നു.

സമാനമായ രോഗം മറ്റ് രാജ്യങ്ങളിലും

മറ്റ് രാജ്യങ്ങളിലും സമാനമായ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ഡിസംബറിൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രൂപ്പ് എ സ്‌ട്രെപ്‌ടോകോക്കസ് (iGAS) കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. 10 വയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAPAN, STREPTOCOCCAL TOXIC SHOCK SYNDROME, STSS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.