മോസ്കോ: റഷ്യയുടെ ആക്രമണം തുടരുന്ന യുക്രെയിനിലേക്ക് ആയുധങ്ങൾ നൽകാനുള്ള തീരുമാനവുമായി ദക്ഷിണ കൊറിയ മുന്നോട്ടുപോയാൽ അത് വലിയ തെറ്റായി മാറുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഒരു ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ കഴിഞ്ഞ ദിവസം നടത്തിയ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും ഒപ്പിട്ടിരുന്നു.
ഇതാണ് ദക്ഷിണ കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുക്രെയിന് ആയുധങ്ങൾ നൽകാനുള്ള തീരുമാനം ആലോചിക്കുന്നുണ്ടെന്നാണ് ദക്ഷിണ കൊറിയ പ്രതികരിച്ചത്. ആയുധങ്ങൾ നൽകിയാൽ ദക്ഷിണ കൊറിയയുടെ നിലവിലെ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കുന്ന തീരുമാനങ്ങൾ റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പുട്ടിൻ വിയറ്റ്നാമിൽ വച്ച് വ്യക്തമാക്കി.
ഉത്തര കൊറിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം നേരെ എത്തിയത് വിയറ്റ്നാമിലേക്കാണ്. യു.എസും സഖ്യ കക്ഷികളും യുക്രെയിന് ആയുധങ്ങൾ നൽകി പ്രകോപനം തുടർന്നാൽ ഉത്തര കൊറിയയ്ക്ക് തങ്ങളും ആയുധങ്ങൾ കൈമാറുമെന്ന് പുട്ടിൻ പറഞ്ഞു. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സുരക്ഷാ കരാർ തങ്ങളെ ബാധിക്കുമെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തൽ.
ഉത്തര കൊറിയയുടെ പ്രധാന ശത്രുക്കളാണ് അയൽരാജ്യമായ ദക്ഷിണ കൊറിയയും യു.എസും ജപ്പാനും. ഇവരെ പ്രകോപിപ്പിക്കുന്ന തരത്തിലെ പ്രവർത്തനങ്ങളാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് തുടരുന്നത്. അടിക്കടിയുള്ള മിസൈൽ പരീക്ഷണം ഇതിൽപ്പെടുന്നു.
ഭീമൻ ബലൂണുകളിൽ മാലിന്യം നിറച്ച് ദക്ഷിണ കൊറിയയിൽ വ്യാപകമായി നിക്ഷേപിച്ചതും അടുത്തിടെ വിവാദമായിരുന്നു. സുരക്ഷാ കരാറിനോടുള്ള പ്രതിഷേധ സൂചകമായി രാജ്യത്തെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി ദക്ഷിണ കൊറിയ പ്രതിഷേധം രേഖപ്പെടുത്തി.
114 ഡ്രോണുകൾ തകർത്തു
യുക്രെയിനിൽ നിന്ന് തങ്ങൾക്ക് നേരെ വിക്ഷേപിച്ച 114 ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഒരാൾ കൊല്ലപ്പെട്ടു. 70 ഡ്രോണുകൾ ക്രൈമിയയ്ക്കും കരിങ്കടലിനും മുകളിൽ വച്ചാണ് തകർത്തത്. 43 എണ്ണം ക്രാസ്നോഡോറിനും ഒരെണ്ണം വോൾഗോഗ്രാഡിനും മുകളിൽ വച്ച് തകർത്തു.
കൊല്ലപ്പെട്ടയാൾ ക്രാസ്നോഡോറിലെ ഒരു ഹീറ്റിംഗ് സ്റ്റേഷനിലെ ജീവനക്കാരനാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ, യുക്രെയിനിലെ ഏഴ് ആയുധ ഡിപ്പോകൾ പ്രത്യാക്രമണത്തിൽ തകർത്തെന്ന് റഷ്യ അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി യുക്രെയിൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. കിഴക്കൻ പ്രദേശങ്ങളിൽ റഷ്യൻ കടന്നുകയറ്റം ശക്തമായതോടെ റഷ്യക്കുള്ളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയാണ് യുക്രെയിൻ പ്രതിരോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |