പാരീസ്: ഫ്രാൻസിലെ പാരീസിന് സമീപമുള്ള ആനിമൽ പാർക്കിൽ നടക്കാനിറങ്ങിയ 36കാരിക്ക് ചെന്നായകളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഇന്നലെ പുലർച്ചെ ത്വാറി സൂ - സവാരി പാർക്കിലായിരുന്നു സംഭവം. പാരീസിൽ നിന്ന് 40 കിലോമീറ്റർ അകലെ പടിഞ്ഞാറായുള്ള ഇവിടം ഫ്രാൻസിലെ ഏറ്റവും ജനപ്രിയ വൈൽലൈഫ് പാർക്കുകളിൽ ഒന്നാണ്.
പാർക്കിനുള്ളിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു യുവതി. നടക്കുന്നതിനിടെ പാർക്കിലെ പ്രധാന സഫാരി സോണിലേക്ക് യുവതി കടന്നു. എന്നാൽ കാറിലൂടെ മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള മേഖലയായിരുന്നു ഇത്. മേഖലയിലൂടെ നടന്ന യുവതിയെ മൂന്ന് ആർട്ടിക് ചെന്നായകൾ ചേർന്ന് കടിച്ചുകീറി.
യുവതിയുടെ കഴുത്തിനും കാലിനും ഗുരുതര പരിക്കേറ്റു. നിലവിളി കേട്ടെത്തിയ പാർക്ക് ജീവനക്കാർ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏകദേശം 800 ഓളം ജീവികൾ പാർക്കിലുണ്ട്. സ്വതന്ത്രമായി ജീവിക്കുന്ന ഇവയെ പ്രത്യേക വാഹനങ്ങളിലൂടെയാണ് സഞ്ചാരികൾക്ക് കാണാനാവുക.
കിടങ്ങുകളും വൈദ്യുത വേലിയാലും സംരക്ഷിക്കപ്പെട്ട പ്രത്യേക സുരക്ഷാ മേഖലയിലാണ് സഞ്ചാരികൾക്കായുള്ള ലോഡ്ജുകൾ സ്ഥിതി ചെയ്യുന്നത്. അതേ സമയം, കാൽനട യാത്ര വിലക്കിയിട്ടുള്ള സഫാരി സോണിനുള്ളിലേക്ക് യുവതി കടന്നത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |