കൊച്ചി: ഇഷ്ടമുള്ളിടത്ത് പ്രതിഷേധിക്കാൻ ആർക്കും മൗലികാവകാശമില്ലെന്നും ന്യായമായ നിയന്ത്രണം ഇക്കാര്യത്തിൽ ഏർപ്പെടുത്താമെന്നും ഹൈക്കോടതി. ആലുവയിൽ ഫെഡറൽ ബാങ്കിന്റെ കേന്ദ്ര ഓഫിസിന്റെയും സമീപത്തെ ശാഖകളുടെയും പരിസരത്ത് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനെതിരെ ബാങ്ക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്കിലേക്കും പുറത്തേക്കുമുള്ള ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും സഞ്ചാരം അസോസിയേഷൻ തടയരുത്. ധർണ, പ്രകടനം, പ്രതിഷേധ യോഗം, പന്തൽ കെട്ടൽ, മുദ്രാവാക്യം വിളി തുടങ്ങിയവ കേന്ദ്ര ഓഫീസിന്റെയും സമീപത്തെ അനക്സ്, ശാഖകൾ എന്നിവയുടെയും 50 മീറ്റർ പരിധിയിൽ പാടില്ലെന്നും നിർദ്ദേശിച്ച് കോടതി ഹർജി തീർപ്പാക്കി.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല വിധികളുടെ അടിസ്ഥാനത്തിലാണു ഉത്തരവ്. ഹർജിക്കാരുടെയും എതിർകക്ഷികളായ അസോസിയേഷന്റെയും അവകാശങ്ങൾ സന്തുലനം ചെയ്യേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |