SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.13 PM IST

മുന്നറിയിപ്പുമായി ഹൈക്കോടതി:നിയമലംഘന വാഹനങ്ങൾക്ക് എതിരെ സ്വമേധയാ കേസെടുക്കും

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: രൂപമാറ്റം വരുത്തിയും, സർക്കാർ ചിഹ്നങ്ങൾ ദുരുപയോഗിച്ചും, സുരക്ഷാ നിയമം അവഗണിച്ചും നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ ജീപ്പോടിച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ആകാശ് വയനാട്ടിലൂടെ പുക തുപ്പുന്ന ജീപ്പിൽ പോകുന്നതിന്റെ ദൃശ്യവും തുറന്നകോടതിയിൽ കാണിച്ചു.

വണ്ടിയോടിച്ചത് ക്രിമിനൽ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദ്ദേശിച്ചു. ജനത്തിന് ഭീഷണിയാകുന്ന ഇത്തരം വാഹനങ്ങൾ പൊതുനിരത്തിൽ പാടില്ല.

കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാ ക്രോസിംഗിൽ മൂന്ന് വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ചതും പരിഗണിച്ചു. കാര്യേജ് വാഹനങ്ങൾക്ക് നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു.

എൽ.ഇ.ഡി ഡിസ്‌പ്ലേ ലൈറ്റുള്ള ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണം. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴയീടാക്കണം. അനധികൃതമായി സർക്കാർ ബോർഡുവച്ച് വാഹനങ്ങൾ ഓടുന്നതും മലബാർ ദേവസ്വത്തിന്റെ വാഹനം ഫുട്പാത്തിലൂടെ പായുന്നതും ശ്രദ്ധയിൽപ്പെട്ടു. അധികൃതർക്ക് ഇത് തടയാനാകില്ലെന്ന് വിലയിരുത്തിയാണ് സ്വമേധയാ കേസെടുക്കാൻ കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചത്.

കേസിൽ ഗതാഗത സെക്രട്ടറി, കേന്ദ്ര ധനമന്ത്രാലയം, ഉപരിതല ഗതാഗത മന്ത്രാലയം, സംസ്ഥാന സർക്കാർ, ഗതാഗത കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കും. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ബീക്കൺ ലൈറ്റിട്ട വണ്ടി കുടുക്കി ജഡ്ജിമാർ

സ‌‌ർക്കാർ ബോർഡുവച്ച് ബീക്കൺ ലൈറ്റിട്ട് ഹൈക്കോടതി ജഡ്‌ജിമാരുടെ വാഹനത്തിന് മുന്നിലൂടെ പാഞ്ഞ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് എം.ഡിയുടെ കാറിന്റെ ചിത്രം ഇന്നലെ ഡിവിഷൻ ബെഞ്ച് തുറന്നകോടതിയിൽ ഹാജരാക്കി. ഞായറാഴ്ച ആലുവ ഫ്ലൈഓവറിലായിരുന്നു സംഭവം. കെ.എൽ 23 പി 8383 നമ്പർ വണ്ടി ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാൻ പൊലീസിനോടും മോട്ടോർവാഹന വകുപ്പിനോടും കോടതി നിർദ്ദേശിച്ചു. ഇതിന്റെ റിപ്പോർട്ടും ചിത്രങ്ങളും സമർപ്പിക്കണം. പൊതുമേഖലാ സ്ഥാപന എം.ഡിക്ക് സർക്കാർ ബോർഡോ ബീക്കൺ ലൈറ്റോ വയ്ക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY