കോഴിക്കോട്: ജില്ലയിൽ നാലാംതവണയും പാർട്ടി നേരിടുന്ന കനത്ത തോൽവിയുടെ ആഴം അടിത്തട്ടിൽ നിന്ന് പഠിക്കാൻ ജില്ലാകമ്മിറ്റി. ജില്ലാസെക്രട്ടേറിയറ്റിലും പിന്നാലെ രണ്ടുദിവസം ചേർന്ന ജില്ലാകമ്മിറ്റിയിലുംപാർട്ടി സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും നേരെ വിമർശനമുയർന്നു.
ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിനായി സമയം നീക്കിവയ്ക്കുമ്പോൾ തീർത്തും ദുർബലരായ ഭൂരിപക്ഷ സമുദായത്തിലെ ഈഴവരാദി പിന്നാക്ക, പട്ടികവിഭാഗങ്ങളെയും മറന്നുപോയതും ക്ഷേമ പെൻഷനടക്കം മുടങ്ങുമ്പോഴും അത്തരം അടിസ്ഥാനപ്രശ്‌നങ്ങളിൽ നിന്ന് പാർട്ടി പിറകോട്ടുപോയതും പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് വിമർശനമുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അടിത്തട്ടിലെ ചോർച്ച കൃത്യമായി ഓരോ ബ്രാഞ്ചും ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളും പ്രത്യേകമായി പഠിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശമുണ്ടായത്.4500ഓളം ബ്രാഞ്ച് കമ്മറ്റികളും 275ഓളം ലോക്കൽ കമ്മറ്റികളും 16 ഏരിയാ കമ്മിറ്റികളുമാണ് കോഴിക്കോട്ടുള്ളത്. കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുചോർച്ചയുടെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അവതരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
വടകരയിൽ ഇത്തവണ അനുകൂലമായ സാഹചര്യമെല്ലാമുണ്ടായിട്ടും പാർട്ടി വോട്ടുകൾ പോലും പെട്ടിയിലാക്കാൻ കഴിഞ്ഞില്ല. കെ.കെ. ശൈലജയെന്ന മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ച വടകരയിൽ 1,14,506 വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ പി.ജയരാജൻ കെ.മുരളീധരനോട് പരാജയപ്പെട്ടത് 84,663 വോട്ടിനാണ്. എന്നും ചുവപ്പിനെ തുണച്ചിരുന്ന കൂത്തുപറമ്പും പേരാമ്പ്രയും കൊയിലാണ്ടിയുമെല്ലാം ഇക്കുറി കൈവിട്ടു. തലശ്ശേരിയിൽ മാത്രം നേരിയ ഭൂരിപക്ഷം. എഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും ലീഡുണ്ടാക്കാനായില്ല.
കോഴിക്കോട് മണ്ഡലത്തിൽ എവിടെ നിന്നൊക്കെ വോട്ട് ചോർന്നുവെന്നത് സംബന്ധിച്ച് ഗൗരവകരമായ വിശദീകരണം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരംകരീം യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരീമിനെ നാലാമൂഴത്തിൽ എം.കെ.രാഘവൻ പരാജയപ്പെടുത്തിയത് 1,46,176 വോട്ടിന്. കഴിഞ്ഞ തവണ എം.എൽ.എയായിരുന്ന എ.പ്രദീപ്കുമാർ മത്സരിച്ചപ്പോൾ രാഘവന് കിട്ടിയ ഭൂരിപക്ഷം 85,225 . കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയ എലത്തൂരും കോട്ടകളായ ബേപ്പൂരും ബാലുശ്ശേരിയുമെല്ലാം സി.പി.എമ്മിനെ കൈവിട്ടു.
തോൽവിക്ക് കാരണം
മുഖ്യമന്ത്രിയുടെ
നിലപാട് :ചാഴികാടൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്ന് ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയിൽ കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ. മുഖ്യന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന മൃദുസമീപനം ചെയർമാൻ ജോസ് കെ മാണി സ്വീകരിച്ചപ്പോഴാണിത്.
പാലായിൽ നവകേരളസദസിൽ റബർ വില കുറഞ്ഞതടക്കം ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വെളിപ്പെടുത്തിയ തനിക്കെതിരെ പൊതുവേദിയിൽ പരസ്യമായി മുഖ്യമന്ത്രി നടത്തിയ ശാസന തോല്വിക്ക്ആക്കംകൂട്ടിയെന്ന് ചാഴികാടൻ പറഞ്ഞു. 2019 ൽ വി.എന്‍.വാസവന് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോള്‍ ലഭിച്ച പരമ്പരാഗത വോട്ടുകൾ പോലും ഇത്തവണ ലഭിച്ചില്ലെന്ന് യോഗത്തിൽ വിമർശനമുണ്ടായി. ഇതോടെ ജോസ് ഇടപെട്ടു. എല്‍.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനാൽ തോല്‍വിയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. മലയോര കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കാത്തത് തിരിച്ചടിയായെന്ന് സി.പി.ഐ ഭരിക്കുന്ന റവന്യു വകുപ്പിനെതിരെ ഒളിയമ്പും ജോസ് തൊടുത്തു വിട്ടു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |