തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മംഗളൂരുവിനടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്തമഴയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മരിച്ചവർ ഉറങ്ങിക്കിടക്കുകയായിരുന്നു. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതിൽ തകന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി പോസറ്റുകളടക്കം നിലംപതിച്ചു. 15 മീറ്ററോളം ഉയരത്തിൽ നിന്നാണ് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സമീപത്ത് പലയിടങ്ങളിലും മണ്ണ് ഇളകിയിരിക്കുകയാണ്. മണ്ണിടിഞ്ഞതിന് തൊട്ടുമുകളിലെ ഒരു വീട് അപകടാവസ്ഥയിലാണ്. മഴ കുറയാത്ത സാഹചര്യത്തിൽ സ്ഥലത്ത് നിന്ന് മണ്ണ് വീഴാതിരിക്കാനുള്ള മാർഗം അധികൃതർ സ്വീകരിച്ചില്ലെങ്കിൽ വലിയ ആപത്ത് ഉണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൂന്നാർ ദേവികുളം കോളനിയിൽ വീടിന് മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ പതിച്ചത്. വിൽസനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എറണാകുളം പൂതൃകയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ്‌വേ വെള്ളത്തിൽ മുങ്ങി. 400ഓളം കുടുംബങ്ങൾക്ക് മറുകരയിലെത്താനുള്ള ഏക മാർഗമാണിത്. പമ്പയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോന്നി അടവി ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ച് സവാരി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തൃശൂർ പെരിങ്ങൽക്കൂത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിനാൽ, ചാലക്കുടി പുഴയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന് മാതാവിനും നാല് വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |