SignIn
Kerala Kaumudi Online
Friday, 12 July 2024 2.08 AM IST

ഗൾഫ് പോലും ഉപേക്ഷിച്ച് അവർ കേരളത്തിലേക്ക് വരും, പെൻഷൻ അടക്കമുള്ള ആനുകൂല്യ പെരുമഴയാണ് സർക്കാ‌ർ പ്രഖ്യാപിക്കാൻ പോകുന്നത്

home

അസംഘടിത മേഖലയിൽ,​ വീട്ടുജോലി ഉൾപ്പെടെ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ,​ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്കുള്ള സർക്കാരിന്റെ കരുതൽ വാഗ്ദാനമാണ്. 'കേരള ഗാർഹിക തൊഴിലാളികളുടെ (നിയന്ത്രണവും ക്ഷേമവും) ബിൽ 2021" ഈ നിയമസഭാ സമ്മേളനത്തിൽ നിയമമാകുന്നതോടെ യാഥാർത്ഥ്യമാകും.

നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും ഏജൻസി, ബ്യൂറോ, കോൺട്രാക്ടർ, വ്യക്തി,​ അസോസിയേഷൻ എന്നിവർ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ലംഘിക്കുകയോ ചെയ്താൽ ഒരു വർഷംവരെ നീളുന്ന തടവോ,​ പതിനായിരം രൂപ വരെ പിഴയോ,​ രണ്ടും കൂടിയോ ശിക്ഷ ചുമത്താവുന്നതാണ് നിർദ്ദിഷ്ട നിയമം. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് തൊഴിലുടമയുമായി ഏതെങ്കിലും ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കും ഏജൻസികൾക്കും ഇതു ബാധകമാണ്.

സ്ത്രീകളായ വീട്ടുജോലിക്കാരും ഹോം നഴ്സുമാരും അടങ്ങുന്ന അസംഖ്യം തൊഴിലാളികൾക്ക് രക്ഷാകവചമാകുന്നതാണ് പുതിയ നിയമം. അസംഘടിത മേഖലയിലെ ഇത്തരക്കാർക്ക് വിലപേശൽ ശേഷിയോ യൂണിയനുകളോ ഇല്ലാത്തതിനാൽ ഇവരെ വീട്ടുടമകളും ഏജൻസികളും മറ്റും പല വിധത്തിൽ ചൂഷണം ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. അർഹമായ ശമ്പളം ഉറപ്പാക്കുന്നതിനോ സേവനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും തരം നിയന്ത്രണത്തിനോ പ്രത്യേക നിയമവുമില്ല. തൊഴിൽ നിയമങ്ങൾ, വ്യാവസായിക തർക്ക നിയമം തുടങ്ങി നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകൾ ഇവരുടെ പരാതികൾക്ക് പരിഹാരം കാണാൻ പര്യാപ്തവുമല്ല.

ക്ഷേമനിധി ബോർഡ്

ഉപജീവനത്തിനുള്ള അവകാശം, മിനിമം വേതനം, തൊഴിൽ മാനദണ്ഡങ്ങൾ, സുരക്ഷാ നടപടികൾ, തർക്ക പരിഹാര സംവിധാനം, ഗാർഹിക തൊഴിലാളികളുടെയും അവകാശികളുടെയും ക്ഷേമവും ആനുകൂല്യങ്ങളും, റിക്രൂട്ടിംഗ് ഏജൻസി രജിസ്‌ട്രേഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ സംയോജിപ്പിക്കാൻ സർക്കാർ ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ,​ അതിന്റെ 13-ാം വകുപ്പ് അനുസരിച്ചുള്ള സംസ്ഥാന ഗാർഹിക തൊഴിലാളി ക്ഷേമനിധി ബോർഡും പ്രവർത്തനക്ഷമമാകും. ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സെക്ഷൻ 3-ലാണ് അവകാശങ്ങൾ വിശദമാക്കുന്നത്. സെക്ഷൻ 3 (2) പ്രകാരം ഗാർഹിക തൊഴിലാളിക്ക് മാന്യമായ ജോലിയും ജീവിതസാഹചര്യങ്ങളും തൊഴിൽ സുരക്ഷയും ആരോഗ്യരക്ഷയും നൽകണം. ഇവരുടെ ജോലി സമയവും അവധിയും തൊഴിൽ നിബന്ധനകൾ അനുസരിച്ചായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിലാകുന്ന തീയതി മുതൽ വീട്ടുജോലിക്കാരുടെ പ്ലെയ്സ്‌മെന്റിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഏജൻസികളും ബോർഡിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. ബോർഡ് സെക്രട്ടറിക്കാണ് ഏജൻസിയുടെ ഉടമസ്ഥനോ ചുമതലയുള്ള വ്യക്തിയോ രജിസ്ട്രേഷന് അപേക്ഷ നൽകേണ്ടത്. ഏജൻസിയുടെ രജിസ്ട്രേഷൻ അഞ്ചു വർഷത്തെ കാലയളവിലേക്കായിരിക്കും. അതു കഴിഞ്ഞ് നിർദ്ദിഷ്ട ഫീസടച്ച് രജിസ്ട്രേഷൻ പുതുക്കാം.

ഏജൻസിയുടെ സേവന നിരക്ക്

നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞ ശേഷം,​ നിയമാനുസൃത രജിസ്‌ട്രേഷൻ കൂടാതെ ഒരു ഏജൻസിയും വീട്ടുജോലിക്കാരെ നിയമിക്കാൻ പാടില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർച്ചുവെന്ന കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ ലഭിക്കും. നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ ഓരോ ഏജൻസിയും,​ ആ ഏജൻസിയുമായി എംപാനൽ ചെയ്തിട്ടുള്ള ഗാർഹിക തൊഴിലാളികളുടെ രജിസ്റ്റർ പരിപാലക്കേണ്ടതുണ്ട്. ഒരു ഗാർഹിക തൊഴിലാളിയെ ഏർപ്പാടാക്കുന്നതിന് ഏജൻസി ചുമത്തുന്ന സേവന നിരക്ക്,​ തൊഴിലുടമ നൽകുന്ന മൊത്തം പ്രതിഫലത്തിന്റെ പത്തു ശതമാനത്തിൽ കൂടുവാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു (സെക്ഷൻ 5-5).


ഓരോ തൊഴിലുടമയും വീട്ടുജോലിക്കാർക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. തൊഴിൽ നിബന്ധന അനുസരിച്ചുള്ള പ്രതിഫലവും അലവൻസുകളും അവധിക്കുള്ള പ്രതിഫലവും മറ്റും നൽകണം. വിശ്രമത്തിന് മതിയായ സൗകര്യങ്ങളൊരുക്കണം. വീട്ടുജോലിക്കാരെ അവരുടെ സമ്മതമില്ലാതെ ഒരു ജോലിക്കും സമ്മർദ്ദം ചെലുത്താൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകില്ല. ഈ വ്യവസ്ഥ ലംഘിക്കുന്ന തൊഴിലുടമ പതിനായിരം രൂപ വരെയുള്ള തുക പിഴയോടെ ശിക്ഷിക്കപ്പെടും.

കുറഞ്ഞ പ്രായം 15 വയസ്

പതിനഞ്ചു വയസിൽ താഴെയുള്ള ആരും വീട്ടുജോലിയിൽ ഏ‍ർപ്പെടാൻ പാടില്ലെന്ന് നിയമം പറയുന്നു (സെക്ഷൻ 7)​. അതേസമയം,​ പതിനഞ്ചു വയസ് പൂർത്തിയാവുകയും പതിനെട്ട് തികയാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് രക്ഷിതാവിന്റെയോ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെയോ സ്വന്തം ആരോഗ്യത്തിനും സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ഹാനികരമല്ലാത്ത വീട്ടുജോലികളിൽ ഏർപ്പെടാം. പതിനെട്ടു വയസ് പൂർത്തിയായതും 62 വയസ് തികയാത്തവരുമായ വീട്ടുജോലിക്കാർക്കാണ് നിയമത്തിനു കീഴിൽ ഗുണഭോക്താവായി രജിസ്‌ട്രേഷന് അർഹതയുള്ളത്. രജിസ്‌ട്രേഷനു ശേഷം, അത്തരം വീട്ടുജോലിക്കാർക്ക് രജിസ്‌ട്രേഷൻ നമ്പറും ഐഡന്റിറ്റി കാർഡും ലഭിക്കും. ഇത് ഓരോ അഞ്ചു വർഷം കഴിയുമ്പോഴും പുതുക്കേണ്ടതുണ്ട്.

പിരിയുമ്പോഴും വ്യവസ്ഥകൾ
ഒരു തൊഴിലുടമയ്ക്കു കീഴിലെ വീട്ടുജോലി നിയമാനുസൃതം അവസാനിപ്പിക്കുന്നത്,​ അതിന് ഏഴുദിവസം മുമ്പ് വീട്ടുജോലിക്കാരനോ തൊഴിലുടമയോ രേഖാമൂലം അറിയിക്കുന്നതിന് വിധേയമായിരിക്കും. എന്നാൽ, വീട്ടുജോലിക്കാരൻ തുടരുന്നത് തൊഴിലുടമയുടെ താത്പര്യത്തിന് അപകടകരമാകുമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടെങ്കിൽ പ്രതിഫലവും മറ്റ് അലവൻസുകളും നൽകുന്നതിനു വിധേയമായി വീട്ടുജോലിക്കാരന്റെ തൊഴിൽ അവസാനിപ്പിക്കാം. ഇങ്ങനെ ജോലി അവസാനിപ്പിക്കുമ്പോൾ ജോലിക്കാരന്റേതായി തൊഴിലുടമയുടെ പക്കൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ സ്വകാര്യവസ്തുക്കളും രേഖകളും മറ്റും തിരികെ നൽകണം. അല്ലാത്ത പക്ഷം തർക്ക പരിഹാര കൗൺസിലിനു മുമ്പാകെ അപേക്ഷ നല്കാനാകും.

നിയമത്തിന്റെ സെക്ഷൻ 11 പ്രകാരമാണ് സർക്കാർ ഒരു തർക്ക പരിഹാര കൗൺസിലിനെ നിയമിക്കുക. നിയമത്തിനു കീഴിൽ പരാമർശിച്ചിരിക്കുന്ന തർക്കങ്ങൾ കേൾക്കാനും തീർപ്പു കൽപ്പിക്കാനും നിർദ്ദേശിക്കപ്പെടുന്ന ഒന്നോ അതിലധികമോ അംഗങ്ങൾ അടങ്ങുന്നതാകും ഈ കൗൺസിൽ. അസി. ലേബർ ഓഫീസർ റാങ്കിൽ കുറയാത്ത ലേബർ ഓഫീസർമാരെ ബന്ധപ്പെട്ട അധികാരപരിധിയിലെ ഇൻസ്‌പെക്ടിംഗ് ഓഫീസർമാരായി നിയമിക്കും. ഗാർഹിക തൊഴിലാളി ക്ഷേമത്തിനായുള്ള ക്ഷേമപദ്ധതി, സർക്കാരിന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പിലാക്കാം. 65 വയസ്സ് പൂർത്തിയായ, ക്ഷേമനിധി ബോർഡ് അംഗങ്ങളായ വീട്ടുജോലിക്കാർക്കാണ് പെൻഷന് അർഹതയുണ്ടാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOME MAIDEN JOB, KERALA, LAW
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.