SignIn
Kerala Kaumudi Online
Thursday, 08 August 2024 12.00 AM IST

എസ്എഫ്ഐ അദ്ധ്യാപകരെ തല്ലുന്നതിന് പിന്നിൽ രണ്ട് കാര്യങ്ങളേയുള്ളൂ

sfi

" മാതാ പിതാ ഗുരു ദൈവം" എന്നാണല്ലോ പറയുന്നത്. മാതാവും പിതാവും കഴിഞ്ഞാൽ പിന്നെയുള്ള സ്ഥാനം ഗുരുവിനാണ്. ഓരോരുത്തരും അക്ഷരം അഭ്യസിച്ചു തുടങ്ങുമ്പോഴേ കേട്ട് വളരുന്നതാണ് ഗുരു ദൈവം എന്നത്. ഓരോ വിദ്യാർത്ഥിയും ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഒരു വ്യക്തി പ്രഭാവമാണ് നമ്മുടെ ഗുരുനാഥന്മാർ. പുരാണകഥയിൽ ദ്രോണാചാര്യനെന്ന ഗുരുവിന് ശിഷ്യനായ ഏകലവ്യൻ ഗുരുദക്ഷിണയായി നൽകിയത് തന്റെ ഇടതു കയ്യിലെ പെരുവിരലാണ്. അത്രയ്ക്ക് പവിത്രവും ദൃഢവുമാണ് ഗുരു- ശിഷ്യബന്ധമെന്ന് ഭാരതീയ സംസ്ക്കാരം വിവക്ഷിച്ചിട്ടുണ്ട്. എന്നാൽ ആധുനിക കാലത്ത് ഗുരുനാഥന്റെ 'കരണക്കുറ്റി അടിച്ചുപൊട്ടിച്ചാ'ണ് ചില വിദ്യാർത്ഥികൾ ഗുരുദക്ഷിണ നൽകുന്നതെന്നത് കലികാലത്തിന്റെ സവിശേഷതയെന്ന് പറഞ്ഞ് തള്ളാവുന്നതല്ല. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയാണിപ്പോൾ ഗുരു-ശിഷ്യ ബന്ധത്തിൽ പുതിയ നിർവചനം രചിക്കുന്നത്. കുറെക്കാലമായി സംഘടനയുടെ വഴിവിട്ട പോക്ക് തുടങ്ങിയിട്ടെങ്കിലും നിയന്ത്രിക്കേണ്ടവർ തന്നെ എന്തിനുമുള്ള സ്വാതന്ത്ര്യം തീറെഴുതി നൽകി സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. വിദ്യാർത്ഥി സംഘടനയുടെ ഗുരുദക്ഷിണ ഏറ്റവുമൊടുവിൽ നൽകിയത് കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്ക്കരന്റെ കരണക്കുറ്റിക്കാണ്. കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയനു കീഴിലുള്ള സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനത്തിലും എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്കാണ് അപ്രമാദിത്വം. മറ്റു സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന അൺ എയ്ഡഡ് കോളേജുകളിലൊന്നും കാട്ടാത്ത ശൗര്യവും ധാർഷ്ട്യവുമാണ് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളോട് കാട്ടുന്നതെന്ന യാഥാർത്ഥ്യം കുറെക്കാലമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ബിരുദ കോഴ്സ് തുടക്കദിനത്തിൽ അടി

ജൂലായ് 1 ന് സംസ്ഥാനത്ത് 4 വർഷ ബിരുദ കോഴ്സിന്റെ ഉദ്ഘാടന സമയത്ത് ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിനു പുറത്ത് വിദ്യാർത്ഥികളെ സഹായിക്കാനെന്ന പേരിൽ സ്ഥാപിച്ച ഹെൽപ് ഡസ്ക്കിന് അനുമതി നൽകാത്തതാണ് കുട്ടിനേതാക്കളെ പ്രകോപിപ്പിച്ചത്. പുറത്തു നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ നടപടി ചോദ്യം ചെയ്തതോടെ സംഘർഷമായി. ഇതിനിടെയാണ് പ്രിൻസിപ്പലിന് മുഖത്തടിയേറ്റത്. സ്റ്റാഫ് സെക്രട്ടറിയായ അദ്ധ്യാപകൻ കെ.പി രമേശനും പരിക്കേറ്റു. മുഖത്തടിച്ചതിനു പുറമെ പ്രിൻസിപ്പലിന്റെ കൈപിടിച്ച് തിരിക്കുകയും ചെയ്തു. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ കൊണ്ടുപോകാനും അക്രമികൾ അനുവദിച്ചില്ല. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ബി.ആർ അഭിനവിനെ പ്രിൻസിപ്പൽ മർദ്ദിച്ചെന്നും മർദ്ദനത്തിൽ കർണ്ണപുടം തകർന്നുവെന്നും എസ്.എഫ്.ഐ നേതാക്കൾ പറയുന്നുണ്ടെങ്കിലും പുറത്തുവന്ന സി.സി ടി.വി ദൃശ്യങ്ങളിൽ പ്രിൻസിപ്പലിന്റെ ചെകിട്ടത്തടിയ്ക്കുന്നത് മാത്രമാണുള്ളത്. സംഭവത്തിനു പിന്നാലെ ഓഫീസിനുള്ളിലെ സി.സി ടി.വി ദൃശ്യം കൈക്കലാക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചെങ്കിലും നടന്നില്ല.

'രണ്ട്കാലിൽ കോളേജിൽ കയറില്ല'

' ഈ അദ്ധ്യാപകൻ രണ്ടു കാലിൽ ഇനി ഈ കോളേജിനകത്ത് കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യാനുള്ള കഴിവും എസ്.എഫ്.ഐ ക്കുണ്ടെന്ന് മനസിലാക്കിക്കോ' 20 വയസ് മാത്രമുള്ള ഒരു എസ്.എഫ്.ഐ നേതാവ് പിതാവിനെക്കാൾ പ്രായമുള്ള പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് കോളേജിനു മുന്നിൽ നടത്തിയ ഭീഷണി പ്രസംഗത്തിലെ വാക്കുകളാണിത്. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റിനെ കോളേജ് പ്രിൻസിപ്പൽ മർദ്ദിച്ചുവെന്നാരോപിച്ച് നടത്തിയ മാർച്ചിൽ ഏരിയ സെക്രട്ടറി നവതേജ് എസ്.മോഹൻ നടത്തിയ ഭീഷണി പ്രസംഗത്തിലെ വാചകങ്ങൾ കേട്ട് കേരളത്തിലെ പൊതുസമൂഹം മൂക്കത്ത് വിരൽ വയ്ക്കുകയാണ്. ആ പ്രസംഗത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്: 'ഈ അദ്ധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്.എഫ്.ഐ ക്കറിയാം. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന അദ്ധ്യാപകൻ പഠിപ്പിക്കാൻ യോഗ്യനല്ല. ആ അദ്ധ്യാപകനെ പുറത്താക്കണം. ക്യാമ്പസിൽ സംഘടനാ പ്രവർത്തനം നടത്തിയ സഖാവിനെ അകാരണമായി അടിക്കുകയായിരുന്നു. കൊയിലാണ്ടിയിലെ പൊലീസിന് എസ്.എഫ്.ഐയെ നന്നായറിയാം. ഞങ്ങൾ കയറാൻ തീരുമാനിച്ചത് രമേശന്റെ മുറിക്കകത്തും പ്രിൻസിപ്പലിന്റെ മുറിക്കകത്തുമാണെങ്കിൽ തടയാൻ ഈ പൊലീസ് മതിയാകില്ല, അവർ രണ്ടാളെയും കൊണ്ടുപോകാൻ രണ്ട് ആംബുലൻസ് കൂടി പൊലീസ് വിളിച്ചുവരേണ്ടി വരും'

പ്രിൻസിപ്പലിനെതിരെ സഭ്യമല്ലാത്ത വിധം ആക്ഷേപിക്കാൻ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. വേണ്ടിവന്നാൽ പ്രിൻസിപ്പലിന്റെ 'നെഞ്ചത്ത് അടുപ്പ്കൂട്ടു'മെന്നായിരുന്നു ഡി.വൈ.എഫ്.ഐ വക ഭീഷണി.

അടികൊണ്ട പ്രിൻസിപ്പലിനെതിരെ നടപടി !

എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്ക്കരനെതിരെ പൊലീസ് സ്വീകരിച്ച നടപടിയാണ് അടിയേറ്റതിനെക്കാൾ വിചിത്രമായത്. എസ്.എഫ്.ഐ നേതാവ് ബി.ആർ അഭിനവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ അറസ്റ്റിനു മുന്നോടിയായുള്ള നോട്ടീസ് നൽകി. 'താങ്കൾ മൂന്ന് വർഷത്തിൽ താഴെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിരിക്കുന്നു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞത്. ഇത്പ്രകാരം വേണമെങ്കിൽ പൊലീസിന് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാം. അതേസമയം പ്രിൻസിപ്പലിനെ മർദ്ദിച്ചുവെന്ന പരാതിയിലെ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ദിവസങ്ങൾക്ക് ശേഷം പേരിനൊരു കേസെടുത്തുവെന്നല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടായില്ല. 4 വിദ്യാർത്ഥികളടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് പ്രിൻസിപ്പലിന്റെ പരാതി. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ നേതാക്കൾക്കെതിരെയും നടപടിയില്ല. പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോളേജിൽ പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടു. പൊലീസ് അകമ്പടിയിൽ കോളേജിലെത്തുന്ന പ്രിൻസിപ്പലിന്റെ ചിത്രം വച്ച് അദ്ദേഹം അറസ്റ്റിലായതായി വാർത്ത പ്രചരിപ്പിച്ചു. ഇതിനെതിരെ പ്രിൻസിപ്പൽ സൈബർ പൊലീസിൽ പരാതി നൽകി. 'നൂറോളം വിദ്യാർത്ഥികളും അത്രതന്നെ പൊലീസുകാരും നോക്കിനിൽക്കെ തന്റെ കാൽവെട്ടിയെടുക്കുമെന്നും നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നും മൈക്ക് കെട്ടി പ്രസംഗിച്ച വിദ്യാർത്ഥി, യുവജന നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് സ്റ്റേറ്റിന്റെ വീഴ്ചയാണെന്ന് പറഞ്ഞ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്ക്കർ, 'എന്റെ കാൽ ആരെങ്കിലും വെട്ടിയെടുക്കുന്നെങ്കിൽ എടുക്കട്ടെ' എന്നാണ് ആർജ്ജവത്തോടെ പറഞ്ഞത്.

ജനങ്ങളിൽ നിന്നകന്നു, എന്നിട്ടും...

ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങിയപ്പോൾ ഏവരും കരുതിയതാണ് അൽപ്പമെങ്കിലും തിരുത്തലുകൾ ഉണ്ടാകുമെന്ന്. പൂക്കോട് വെറ്രറിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിനുപിന്നിലെ എസ്.എഫ്.ഐ ക്രൂരതയിൽ വിറങ്ങലിച്ച കേരളം അതിനെതിരെകൂടി നടത്തിയ വിധിയെഴുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നത് ഏവരും അംഗീകരിച്ചതാണ്. വൻ തോൽവിയുടെ ഞെട്ടലിന്റെ തുടർച്ചയായെങ്കിലും കുട്ടിസഖാക്കളെ നിലയ്ക്ക് നിറുത്തുമെന്ന് തെറ്റിദ്ധരിച്ചവർക്കേറ്റ പ്രഹരമാണ് കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഭവം. എസ്.എഫ്.ഐ നടത്തിയ ഗുരുനിന്ദയുടെ എത്രയെങ്കിലും ഉദാഹരണങ്ങൾക്ക് മുമ്പ് സാക്ഷരകേരളം സാക്ഷിയായിട്ടുള്ളതാണ്. പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലിന് വിരമിക്കുന്ന ദിനത്തിൽ കുഴിമാടം ഒരുക്കിയും എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചും കാസർകോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വനിതാ പ്രിൻസിപ്പലിന് യാത്രഅയപ്പ് ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചും നടത്തിയ ഗുരുനിന്ദയുടെ തുടർച്ചയാണ് കൊയിലാണ്ടിയിലും ഉണ്ടായത്. ഇത്തരം സംഭവങ്ങളിൽ നേതാക്കൾക്ക് പോലും അത് തെറ്റാണെന്ന് തോന്നാത്തിടത്തോളം ഗുരുനിന്ദ ആവർത്തിക്കുമെന്നതിൽ സംശയമില്ല. വിവരമോ വിദ്യാഭ്യാസമോ ഉണ്ടെന്നതല്ല, വിവേകബുദ്ധിയും വകതിരിവും ഉണ്ടെങ്കിലേ ഗുരുനിന്ദ തെറ്റാണെന്ന ബോദ്ധ്യം ഉണ്ടാകുകയുള്ളു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.