SignIn
Kerala Kaumudi Online
Sunday, 30 June 2024 12.51 PM IST

എൻ.കെ. ദാമോദരൻ വിടവാങ്ങിയിട്ട് ഇന്ന് 28 വർഷം ജീവിതത്തെ അർത്ഥപൂർണമാക്കിയ ഗുരു

nk-dhamodharan

ദസ്തയേവ്സ്കിയെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞത് ദാമോദരൻ സാറായിരുന്നു. ദസ്തയേവ്സ്കിയുടെ നോവലുകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ എൻ.കെ.ദാമോദരൻ! തിരുവനന്തപുരത്ത് കണ്ണമ്മൂല പാലത്തിനടുത്തായിരുന്നു അന്ന് അദ്ദേഹം താമസം. പിന്നീട് വീടുവച്ച് കൈതമുക്കിലെ ശീവേലി മുടുക്കിലേക്കു മാറി. എന്റെ വീട്ടിനടുത്തായിരുന്നു. പ്രീ യൂണിവേഴ്സിറ്റി
പാസായി, യൂണിവേസിറ്റി കോളേജിൽ ചേർന്ന കാലത്താണ് ദാമോദരൻസാറിനെ പരിചയപ്പെട്ടത്. അദ്ദേഹം ആശാൻ അക്കാഡമിയുടെ സെക്രട്ടറിയായിരുന്നു. അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ദാമോദരൻ സാർ സാഹിത്യസമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. വി.ജെ.ടി ഹാളിൽ മിക്ക ദിവസങ്ങളിലും ഏതെങ്കിലും സമ്മേളനം നടക്കാറുണ്ടായിരുന്നു. ദാമോദരൻ സാർ കേൾവിക്കാരനായോ പ്രസംഗകനായോ ഇടയ്ക്കിടെ അതിലൊക്കെ പങ്കെടുത്തിരുന്നു.

സാഹിത്യസമ്മേളനങ്ങളിൽവച്ചാണ് ഞാൻ സാറിനെ കാണാറുണ്ടായിരുന്നത്. ആ പരിചയം നല്ല സൗഹൃദത്തിലായി. ഒരു ദിവസം ദാമോദരൻ സാർ എന്റെ വീട്ടിലേക്കു വന്നു. അദ്ദേഹം എന്നോട് സ്‌നേഹത്തോടെയും അരുമയോടെയും പെരുമാറി. എന്നോടു പറഞ്ഞു: 'ആശാൻ അക്കാഡമിയുടെ മീറ്റിംഗിനു വരണം." അക്കാഡമിയുടെ സമ്മേളനം തീരുമാനിച്ചു കഴിഞ്ഞാൽ ദാമോദരൻ സാർ എന്നെ കാണാൻ വരുമായിരുന്നു. ശീവേലി മുടുക്കിൽ നിന്ന് പേട്ട മുസ്ലിം പള്ളിക്കടുത്തുള്ള എന്റെ വീട്ടിലെത്താൻ പത്തു മിനിട്ട് മതിയായിരുന്നു. വിശ്വസാഹിത്യത്തിലെ മഹത്തായ കൃതികളെക്കുറിച്ച് സാർ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. ഓരോന്നായി എനിക്കു വായിക്കാൻ കൊണ്ടുത്തന്നു.

ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, തോമസ്‌മൻ, ബൽസാക്, ഫ്‌ളോബർ, മോപ്പസാംഗ്, ചെക്കോവ്,​ ചാൾസ് ഡിക്കൻസ്, ശ്രീനാരായണ ഗുരു, കുമാരനാശാൻ, കേരളവർമ്മ, എ.ആർ. രാജരാജവർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ.... വിശ്വസാഹിത്യത്തിലെയും മലയാളത്തിലെയും മഹാപ്രതിഭകളായ എഴുത്തുകാർ എനിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം സാർ പറഞ്ഞു: 'നാളെ നമുക്ക് തോന്നയ്ക്കൽ പോകാം. ആശാൻ സ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള ആശാന്റെ കൈയെഴുത്തു പ്രതികൾ കാണിച്ചുതരാം. അതിനെക്കുറിച്ച് ബഷീർ പഠിക്കണം." ഞങ്ങൾ തോന്നയ്ക്കൽ പോയി. കുമാരനാശാന്റെ ഇളയ മകൻ പ്രഭാകരൻ സാറിനെ എനിക്കു പരിചയപ്പെടുത്തി. ആശാന്റെ എല്ലാ കൈയെഴുത്തു പ്രതികളും സ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മദ്രാസിൽവച്ച് ബ്രിട്ടീഷ് രാജകുമാരൻ കുമാരനാശാനു നല്കിയ പട്ടും വളയും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു (അന്ന് കളവുപോയിരുന്നില്ല.)​

'ചിന്താവിഷ്ടയായ സീത"യുടെ കൈയെഴുത്തു നോട്ടുബുക്ക് ദാമോദരൻ സാർ എടുത്ത് അതിന്റെ പ്രത്യേകതകളെക്കുറിച്ച് എന്നോടു സംസാരിച്ചു. വെട്ടും തിരുത്തും കൂടുതൽ കാണുന്നത് ആ നോട്ടുബുക്കിലാണ്. എല്ലാ ശനി - ഞായർ ദിവസങ്ങളിലും ഞാൻ തോന്നയ്ക്കലിൽ പോയി ആശാന്റെ കൈയെഴുത്തു നോട്ടുബുക്കുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. സാർ ഒരുദിവസം പറഞ്ഞു: 'ആശാൻ അക്കാഡമിയുടെ ആശാൻ ദിനാചാരണം അടുത്ത മാസമാണ്. കുമാരനാശാന്റെ കൈയെഴുത്തു പ്രതികളെക്കുറിച്ച് ബഷീർ ഒരു പ്രബന്ധം അവതരിപ്പിക്കണം." അങ്ങനെയാണ് ആശാൻ ദിനത്തിൽ ഞാൻ 'കുമാരനാശാന്റെ കൈയെഴുത്തുപ്രതികൾ' എന്ന പ്രബന്ധം അവതരിപ്പിച്ചത്.

ഞാൻ എം.എ പാസായി,​ കൊല്ലം ടി.കെ.എം കോളേജിൽ ലക്ചററായി ജോലിനോക്കുമ്പോൾ പിഎച്ച്.ഡിക്കു പഠിക്കാൻ നല്കുന്ന ഒരു ഫെല്ലോഷിപ്പ് എനിക്കു കിട്ടി. ഗൈഡിനെ അന്വേഷിച്ചപ്പോൾ എന്റെ സുഹൃത്തായ ചുമ്മാർ ചൂണ്ടൽ പറഞ്ഞു: 'പി.കെ.നാരായണപിള്ള സാറിനെ ഞാൻ പരിചയപ്പെടിത്തിത്തരാം." പി.കെ സാറിനെ കാണാൻ പോകുന്നതിനുമുമ്പ് ഞാൻ ദാമോദരൻ സാറിനെ വീട്ടിൽ പോയി കണ്ടു. പിഎച്ച്.ഡി വിഷയത്തെക്കുറിച്ച് സാസാരിച്ചു. അദ്ദേഹം പറഞ്ഞു: 'കുമാരനാശാന്റെ കൈയെഴുത്തുപ്രതികൾ ഉണ്ടല്ലോ. വിഷയം അതുതന്നെ മതി!"വിഷയസ്വീകരണത്തിന്റെ കാര്യത്തിൽ സംശയമോ അന്വേഷണമോ വേണ്ടിവന്നില്ല. എന്റെ വിഷയം -'കുമാരനാശാന്റെ രചനാശില്പം: ഹസ്തലിഖിതങ്ങളെ ആധാരമാക്കി ഒരു പഠനം!"

ദാമോദരൻ സാർ എന്നും മഹാന്മാരായ എഴുത്തുകാരെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. മഹത്തായ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു. അടിത്തട്ടുകൾ, തമശ്ശക്തി (1955), കാരമസോവ് സഹോദരന്മാർ (1960), ഗാന്ധിയൻ അർത്ഥശാസ്ത്രം, വല്ലാത്ത പൊല്ലാപ്പ് (1963), സ്വാമി വിവേകാനന്ദൻ, മരിച്ചവീട് (1968), വീരേശലിംഗം (1970), സോക്രട്ടീസിന്റെ വിചാരണയും മരണവും (1973), നിന്ദിതരും പീഡിതരും (1974), ബുഡൻബ്രൂക്സ് (1978), കുടുംബസുഹൃത്ത് (1979), വിശ്വകഥാമഞ്ജുഷ, ഭൂതാവിഷ്ടർ (2006)- ഇവയാണ് ദാമോദരൻസാറിന്റെ പരിഭാഷകൾ. കുസുമാർച്ചന (1947) എന്ന കവിതാ സമാഹാരവുമായി സാഹിത്യത്തിലേക്കു കടന്നുവന്ന അദ്ദേഹം സാഹിത്യസംബന്ധമായ ലേഖനങ്ങൾ എഴുതുന്നതിലും സാഹിത്യപ്രവർത്തനങ്ങളിലും മുഴുകി.

'കാരമസോവ് സഹോദരന്മാർ" പ്രസിദ്ധപ്പെടുത്തിയതോടെ പരിഭാഷകൻ എന്ന നിലയിൽ വ്യാപകമായ ആദരം ലഭിച്ചപ്പോഴാണ് തന്റെ സാഹിത്യരൂപം പരിഭാഷയാണെന്ന് ദാമോദരൻ സാറിനു ബോദ്ധ്യമായത്. പരിഭാഷ എല്ലാവർക്കും ചേരുന്ന പണിയല്ല. അസാധാരണമായ ക്ഷമ വേണം. മൂലകൃതി ഏതു ഭാഷയിലാണോ,​ ആ ഭാഷയിലും (മൂലഭാഷ),​ ഏതു ഭാഷയിലേക്കാണോ പരിഭാഷപ്പെടുത്തേണ്ടത് (ലക്ഷ്യഭാഷ) ആ ഭാഷയിലും പരിഭാഷകന് നല്ല ജ്ഞാനം വേണം. ദസ്തയേവ്‌സ്കിയെപ്പോലുള്ള ഒരെഴുത്തുകാരന്റെ മാനസിക ലോകം അസാധാരണവും അപ്രാപ്യവുമാണ്. മനുഷ്യമനസും അതിന്റെ ചുഴികളും മലരികളും സങ്കീർണതകളുമുള്ള നാടകീയ സന്ദർഭങ്ങൾ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. ആത്മസമർപ്പണത്തോടുകൂടിയാണ് ദാമോദരൻ സാർ ദസ്തയേവ്സ്കിയുടെ കൃതികളുടെ പരിഭാഷ നിർവഹിച്ചിട്ടുള്ളത്. സ്വന്തമായ പുസ്തകരചനയിൽ സാർ വേണ്ടത്ര താല്പര്യം കാട്ടിയില്ലെന്ന് ഞാൻ പരാതിപ്പെട്ടപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു: 'മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ വായിച്ചാൽ സ്വന്തമായി എഴുതാൻ തോന്നുകയില്ല. സർഗാത്മകരായ ചില വലിയ എഴുത്തുകാർ വായന ഒഴിവാക്കുന്നത് അതുകൊണ്ടാണ്."

തിരുവിതാംകൂർ മഹാരാജാവ് സ്ഥാപിച്ച, പണം അടിച്ചിറക്കുന്ന കമ്മട്ടത്തിലായിരുന്നു ദാമോദരൻസാർ ഉദ്യോഗം വഹിച്ചത്. റിട്ടയർ ചെയ്തശേഷം എൻസൈക്‌ളോപ്പീഡിയയിലും എസ്.പി.സി.എസിലും കലാകൗമുദിയിലും പ്രവർത്തിച്ചു. എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം; മനുഷ്യജന്മം പ്രവൃത്തിക്കാനുള്ളതാണ് എന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരുന്നു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് സോവിയറ്റ്ലാന്റ് നെഹ്റു അവാർഡും കേരള സാഹിത്യ അക്കാഡമി അവാർഡും നല്കി ആദരിച്ചു എന്നത് വലിയകാര്യം തന്നെ. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വർഷംതോറും അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണങ്ങൾ നടത്താറുണ്ട്. അതല്ലാതെ, അദ്ദേഹത്തിനായി ഒരു സ്മരണികപോലും പ്രസിദ്ധപ്പെടുത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കൃതികൾ മാർക്കറ്റിൽ കിട്ടാനുള്ള ഏർപ്പാടുകൾ വേണ്ടപ്പെട്ടവർ ചെയ്താൽ മാത്രം മതിയാകും. ദാമോദരൻ സാറിന്റെ ദസ്തയേവസ്കി കൃതികളുടെ പരിഭാഷകൾ തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങൾ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.