SignIn
Kerala Kaumudi Online
Tuesday, 16 July 2024 11.28 AM IST

കളിയിക്കാവിള കൊലപാതകം; പ്രതിയുടെ മൊഴിയിൽ കുഴഞ്ഞ് പൊലീസ്, അന്വേഷണം മൊബൈൽഫോൺ കേന്ദ്രീകരിച്ച്

murder-case

തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് പോയ ക്രഷർ ഉടമ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതി അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈൽഫോൺ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഇവരുമായി ബന്ധപ്പെട്ടവരെയും വിശദമായി ചോദ്യം ചെയ്യുമെന്നും അന്വഷണസംഘം അറിയിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

ചില സൂചനകൾ സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് വിവരം. പ്രതിയുടെ വീട്ടിലും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൊല നടത്തിയ കളിയിക്കാവിള ഒറ്റാമരത്തും പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ്.

ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് നൽകിയ ചില സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം സ്വദേശി കൂടിയായ അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്. ഇയാൾ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അമ്പത്തൊമ്പതുകാരനായ ഇയാൾ ഇപ്പോൾ സ്പിരിറ്റ്, ക്വാറി, മണ്ണുമാഫിയകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ കടുത്ത വൃക്കരോഗത്തിന് ചികിത്സയിലാണ്.

ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്ന് ദീപു പറഞ്ഞിരുന്നു. പണം നൽകാതായപ്പോൾ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛൻ രണ്ടുമാസം മുൻപ് ഇക്കാര്യങ്ങൾ തന്നോടും പറഞ്ഞിരുന്നെന്ന് മകൻ മാധവ് പറഞ്ഞു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തർക്കത്തെ തുടർന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവർ വ്യക്തമാക്കി. കൊലപാതകത്തിൽ ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു.

തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെ(45) ചൊവ്വാഴ്ചയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നിരുന്നു.

12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, INVESTIGATION, MURDERCASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.