SignIn
Kerala Kaumudi Online
Sunday, 20 October 2024 3.56 AM IST

അൺ ഫിറ്റ് യന്തിരൻ!

Increase Font Size Decrease Font Size Print Page
ksrtc

മനുഷ്യന് തെറ്റു പറ്റിയാൽ തിരുത്താം. പക്ഷേ യന്ത്രത്തിന് തെറ്റുപറ്റിയാൽ സ്വന്തം നിലയിൽ അത് തിരുത്താറില്ല. പകരം,​ തെറ്റ് ആവർത്തിച്ചുകൊണ്ടിരിക്കും. ഇന്നത്തെ കാലത്ത് യന്ത്രങ്ങളെ ആശ്രയിക്കാതെ മനുഷ്യജീവിതം സാദ്ധ്യമല്ല. മനുഷ്യർ ഏറ്റവും കൂടുതൽ യന്ത്രസഹായത്തോടെ നടത്തുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ടെസ്റ്റുകളാണ്. ഏതു യന്ത്രത്തിനും സമയാസമയങ്ങളിൽ സർവീസും,​ അതിന്റെ കൃത്യത സംബന്ധിച്ച മറ്റ് പരിശോധനകളും ആവശ്യമാണ്. അതൊന്നും നടത്താതെയിരുന്നാൽ യന്ത്രങ്ങൾ ചിലപ്പോൾ തെറ്റായ ഫലങ്ങളായിരിക്കും നൽകുക. ഇതിന് അടുത്തിടെ നടന്ന ഏറ്റവും വലിയ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നതാണ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് കെ.എസ്.ആർ.ടി.സി ഉപയോഗിച്ച ബ്രത്ത് അനലൈസർ നൽകിയ തെറ്റായ റിസൽട്ട്.

കുറഞ്ഞ ക്വട്ടേഷന് കമ്മിഷൻ പറ്റി ആരോ വാങ്ങി മൂലയിലിട്ടിരുന്ന ബ്രത്ത് അനലൈസറുമെടുത്താണ് കോതമംഗലത്ത് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു ചെന്നതെന്ന് അനുമാനിക്കേണ്ടിവരുന്ന മട്ടിലാണ് സംഭവം. കാരണം,​ ഒരു ഘട്ടം കഴിഞ്ഞ് യന്ത്രത്തിൽ ഊതിയവരെയെല്ലാം യന്ത്രം മദ്യപാനികളായി മുദ്ര‌‌‌കുത്തുകയായിരുന്നു! കോതമംഗലം ഡിപ്പോയിലാണ് ഈ അൺഫിറ്റായ യന്ത്രം,​ ഊതിയവരുടെ ശ്വാസം പരിശോധിച്ച് ഫുൾ ഫിറ്റാണെന്ന് 'സർട്ടിഫിക്കറ്റ്" നൽകിയത്. ജീവിതത്തിൽ ഒരിക്കൽപ്പോലും മദ്യപിച്ചിട്ടില്ലാത്ത ചിലരും യന്ത്രത്തിൽ ഊതി നോക്കി. അപ്പോഴും,​ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ആളിനെ പിടിച്ചോളാനാണ് യന്ത്രം പറഞ്ഞത്. അപ്പോഴാണ്,​ ഇനി യന്ത്രം രാവിലെ അടിച്ചിട്ടാണോ വന്നതെന്ന സംശയം ചിലർക്കെങ്കിലും തോന്നിയത്. പരിശോധകരും ഊതണമെന്ന് ജീവനക്കാർ നിർബന്ധംപിടിച്ചതോടെ

അവരും യന്ത്രമുഖത്ത് ഊതി. കുറ്റം പറയരുതല്ലോ- യന്ത്രം കള്ളം പറഞ്ഞില്ല, തന്റെ യജമാനന്മാരും കുടിച്ചിട്ടാണ് വന്നതെന്നാണ് 'നീതിമാനായ" യന്ത്രം ബോദ്ധ്യപ്പെടുത്തിയത്.

കോതമംഗലം ഡിപ്പോയിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ തൊടുപുഴയിലെ ഇൻസ്പെക്ടർമാരായ രവി, സാംസൺ എന്നിവർ ബുധനാഴ്ച പുലർച്ചെ 3.50-നാണ് ഡിപ്പോയിലെത്തിയത്. പ്രവർത്തിക്കാത്തതു കൊണ്ടാകാം ആദ്യമൊന്നും യന്ത്രം ആരെയും പിടിച്ചില്ല. രാവിലെ 8.50-ന് പാലക്കാട് സർവീസ് പോകാനൊരുങ്ങിയ കണ്ടക്ടർ പി.വി. ബിജു ഊതിയപ്പോൾ 39 ശതമാനം മദ്യാംശമുണ്ടെന്ന് യന്ത്രം സൂചിപ്പിച്ചു. മദ്യപിച്ചില്ലെന്ന് ഉത്തമബോദ്ധ്യമുള്ള ബിജു തർക്കിച്ചു. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനും ബിജുവിനെ പിന്തുണച്ചു. അപ്പോൾ ഷാജു ഊതണമെന്നായി ഇൻസ്പെക്ടർമാർ. മദ്യപിച്ചിട്ടില്ലാത്ത ഷാജു ഊതിയപ്പോൾ ശ്വാസത്തിൽ 40 ശതമാനം മദ്യസാന്ദ്രതയുണ്ടെന്നാണ് കണ്ടത്. തുടർന്നാണ് വനിതാ ജീവനക്കാരെ പരിശോധിക്കാൻ തീരുമാനിച്ചത്. ഓഫീസ് ജീവനക്കാരി റഷീദയ്ക്ക് 35 ശതമാനവും,​ സ്റ്റോർ കീപ്പർ അമ്പിളിക്ക് 40 ശതമാനവും ആൽക്കഹോൾ കാണിച്ച് 'യന്തിരൻ" കുലുങ്ങാതെ നിന്നു. ജീവനക്കാർ ഇളകിയതോടെ ഈ 'പിണ്ണാക്ക് യന്ത്ര"വുമായി വന്നവർ ക്ഷമ പറഞ്ഞ് തടിയൂരുകയായിരുന്നു.

മദ്യപിച്ചിട്ട് കെ.എസ്.ആർ.ടി.സി എന്നല്ല ഒരു വാഹനവും ഓടിക്കാൻ പാടില്ല. അങ്ങനെയുള്ളവരെ പരിശോധിച്ച് പിടികൂടുന്നതും നല്ല കാര്യമാണ്. പരിശോധന കർശനമാക്കിയപ്പോൾ അപകടനിരക്ക് ആഴ്ചയിൽ എട്ട് എന്നത് രണ്ടായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ നിയമസഭയിൽ പറയുകയും ചെയ്തു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സംവിധാനമൊരുക്കുമെന്ന് മന്ത്രി പറഞ്ഞതാണ് ഏറ്റവും സ്വാഗതം ചെയ്യേണ്ട കാര്യം. ഇത് സാദ്ധ്യമാക്കിയാൽ മുഴുവൻ ജീവനക്കാരുടെയും പിന്തുണ മന്ത്രിക്കു ലഭിക്കുകയും കോർപ്പറേഷൻ പോലും നഷ്ടത്തിന്റെ വാരിക്കുഴിയിൽ നിന്ന് കരകയറാൻ അതിടയാക്കുകയും ചെയ്യും. പുതിയ ബസുകൾ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്തായാലും അതിന്റെ കൂടെ ക്വാളിറ്റിയുള്ള കുറച്ച് ബ്രത്ത് അനലൈസറുകൾ കൂടി വാങ്ങണം. അതും പോരാ,​ അതുമായി ഇറങ്ങുന്ന ഉദ്യോഗസ്ഥർ ഒന്ന് ഊതിനോക്കി കൃത്യത ഉറപ്പാക്കിയിട്ടുവേണം പുറപ്പെടാനെന്നും നിർദ്ദേശം നൽകിയാൽ ഇത്തരം അപഹാസ്യ നാടകങ്ങൾ ഒഴിവാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.