SignIn
Kerala Kaumudi Online
Sunday, 18 August 2024 5.03 AM IST

പുതുക്കിയ ശിക്ഷാനിയമം പ്രാബല്യത്തിൽ

ipc

രാജ്യത്ത് കഴിഞ്ഞ 164 വർഷമായി നിലനിന്നിരുന്ന ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) മാറി, പുതിയ ശിക്ഷാ നിയമം അടങ്ങിയ ' ദി ഭാരതീയ ന്യായസംഹിത" ഇന്ന് പ്രാബല്യത്തിൽ വരികയാണ്. അതോടൊപ്പം ഇന്ത്യൻ എവിഡൻസ് ആക്ടിന് (തെളിവു നിയമങ്ങൾ) പകരമായി 'ദി ഭാരതീയ സാക്ഷ്യ അധീനിയം",​ ദി​ കോഡ് ഒഫ് ക്രി​മി​നൽ പ്രൊസീജി​യറിനു (സിആർ.പി.സി) പകരം പുതിയ നിയമമായ 'ദി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത" എന്നിവയും ഇന്നുതന്നെ പ്രാബല്യത്തിലാകും. പുതിയ നിയമ സംഹിതകൾ രാജ്യത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ചും, ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ടും ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾ അടിസ്ഥാനപരമായി മനസിലാക്കിയുമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഭാരതത്തിൽ പ്രാചീനകാലം മുതൽ ഒരു നിയമശാസ്‌ത്രവും വ്യവഹാര ശാസ്ത്രവും അനുസരിച്ചുള്ള ശിക്ഷാസംവിധാനങ്ങൾ നിലനിന്നിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്റെ വൈകൃതങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, മനുസ്‌മൃതി അതിപ്രാചീന കാലം മുതൽ കുറ്റം ചെയ്‌തവർക്ക് ശിക്ഷ നൽകുവാനുള്ള ഒരു സംഹിതയായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് അധീനതയിലായ ഭാരതത്തിൽ, കുറ്റകൃത്യങ്ങളുടെ നിർവചനങ്ങളും ശിക്ഷകളും ക്രോഡീകരിച്ച് കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കുന്നത് 1837-ൽ ലോർഡ് മെക്കുലെയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ, അത് ഇന്ത്യൻ പീനൽ കോഡ് ആയി രൂപാന്തരം പ്രാപിച്ച് നിലവിൽ വന്നത് 1860-ലാണ്.

സ്വാതന്ത്ര്യാ‌നന്തരം ഗുണപരമായ നിരവധി ഭേദഗതികൾ ഐ.പി.സിയിൽ വരുത്തിയെങ്കിലും അടിസ്ഥാനപരമായി ഇന്നും നിലനിൽക്കുന്നത് 1860-ൽ ബ്രിട്ടീഷുകാർ പാസാക്കിയ ശിക്ഷാനിയമങ്ങൾ തന്നെ. കാലം കഴിഞ്ഞതോടെ ഐ.പി.സിയിൽ കാലാനുസരണമായ മാറ്റങ്ങൾ ആവശ്യമാണെന്ന് നിയമ പണ്ഡിതർ ആവർത്തിച്ച് ആവശ്യപ്പെട്ടു തുടങ്ങി. 1860-ലെ മനുഷ്യ ചിന്താഗതിക്ക് വലിയ മാറ്റം വന്നുവെന്നും, പുതിയ കാലഘട്ടത്തിനനുസരിച്ച് ഐ.പി.സിയിൽ മാറ്റം ആവശ്യമാണെന്നും ഭരണകർത്താക്കൾക്കും തോന്നിത്തുടങ്ങി. ദീർഘ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമമായ 'ഭാരതീയ ന്യായ സംഹിത" നിലവിൽ വരുന്നത്.

നിലവിലുള്ള ഐ.പി.സിയിൽ വിവിധ കുറ്റങ്ങൾക്കുള്ള നിർവചനങ്ങളെയും ശിക്ഷാവിധികളെയും പറ്റി പ്രതിപാദിക്കുന്ന 511 സെക്ഷനുകളാണ് ഉള്ളത്. എന്നാൽ മാറ്റങ്ങൾ വരുത്തി, പുതിയ നിർവചനങ്ങളും ശിക്ഷകളും ഉൾപ്പെടുത്തിയ ഭാരതീയ ന്യായ സംഹിതയിൽ സെക്ഷനുകളുടെ എണ്ണം 358 ആയി ചുരുക്കി. കുറ്റം ചെയ്‌തവർക്ക് തടവു ശിക്ഷയും പിഴയും യോജിച്ച വിധം വർദ്ധിപ്പിച്ചിരിക്കുന്നു. ഇതിനെല്ലാമുപരിയായി 'സാമൂഹ്യസേവനം" ഒരു ശിക്ഷയായി പുതിയ ശിക്ഷാ സംഹിതയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിർവചിക്കപ്പെട്ട വിവിധ തരം കുറ്റങ്ങൾക്ക് പുതിയ നിയമപ്രകാരം മരണശിക്ഷ, ജീവപര്യന്തം തടവ്, തടവു ശിക്ഷ, (കഠിന തടവ്, വെറും തടവ്), വസ്‌തു കണ്ടുകെട്ടൽ, പിഴ എന്നിവ കൂടാതെ ഇപ്പോൾ കൂട്ടിച്ചേർത്ത സാമൂഹ്യസേവനം എന്നിവയാണ് ശിക്ഷയായി വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിലവിലെ ഐ.പി.സിയിൽ പുരുഷനെയും സ്‌ത്രീയെയും നിർവചിക്കുമ്പോൾ, പുതിയ ന്യായസംഹിതയിൽ ചൈൽഡ് (കുട്ടി) എന്ന വാക്കു കൂടി ചേർത്തിട്ടുണ്ട്. പുതിയ സംഹിതയിലെ സെക്ഷൻ 2 (3) പ്രകാരം 18 വയസിൽ താഴെയുള്ള ഏതൊരാളും ചൈൽഡ് ആണ്. പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ചില പ്രധാന വകുപ്പുകൾ ചുവടെ:

1. സെക്ഷൻ 48: ഇന്ത്യയ്ക്കു പുറത്തുവച്ചുള്ള പ്രേരണയാൽ, ഇന്ത്യയ്ക്കകത്ത് കുറ്റം ചെയ്താൽ അങ്ങനെ പ്രേരിപ്പിക്കുന്ന ആൾ ഇന്ത്യയ്ക്കകത്ത് പ്രേരണാക്കുറ്റം ചെയ്തതായി കണക്കാക്കും.

2. സെക്ഷൻ 69: കബളിപ്പിക്കുന്ന മാർഗത്തിലൂടെയുള്ള ലൈംഗിക ബന്ധം. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി സ്‌ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം.

3. സെക്ഷൻ 95: ഒരു കുറ്റം ചെയ്യിപ്പിക്കുന്നതിനായി ഏതെങ്കിലും കുട്ടിയെ കൂലിക്ക് എടുപ്പിക്കുകയോ, പണി ചെയ്യിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും,​ കൂടാതെ പിഴയും ലഭിക്കാം.

4. സെക്ഷൻ 106 (2): കുറ്റകരമായ നരഹത്യ ആകാത്ത തരത്തിൽ അശ്രദ്ധയോടെ വാഹനമോടിച്ച് ഒരാൾ മറ്റൊരാളുടെ മരണത്തിന് കാരണക്കാരനാവുകയും,​ ഈ വിവരം ഉടൻതന്നെ ഒരു പൊലീസ് ഓഫീസറെയോ മജിസ്ട്രേട്ടിനെയോ അറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താൽ അയാൾക്ക് പത്തുവർഷം വരെ തടവും പിഴയും ശിക്ഷ.

5. സെക്ഷൻ 111: സംഘടിത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ,​ പിഴ കൂടിയോ ലഭിക്കാവുന്നതാണ്.

6. സെക്ഷൻ 112: ചെറിയ സംഘടിത കുറ്റങ്ങളായ മോഷണം, പോക്കറ്റടി, എ.ടി.എം വഴിയുള്ള മോഷണം എന്നിവ ചെയ്താൽ സംഘത്തിലെ ഓരോ വ്യക്തിക്കും ഏഴുവർഷം വരെ തടവും പിഴയും ശിക്ഷ.

7. സെക്ഷൻ 113: ഭീകരപ്രവർത്തനം: വിശാലമായ നിർവചനമാണ് ഭീകരപ്രവർത്തനത്തിന് ന്യായ സംഹിതയിൽ നൽകിയിരിക്കുന്നത്. ഭീകരപ്രവർത്തനം നടത്തുന്ന വ്യക്തിക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ,​ പിഴ കൂടിയോ ലഭിക്കും.

8. സെക്‌ഷൻ 117 (3) (4): കഠിനമായ ദേഹോപദ്രവം ചെയ്യൽ: അഞ്ചോ അതിലധികമോ പേർ ഒരു ഗ്രൂപ്പായി ചേർന്ന് ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മറ്റൊരു വ്യക്തിക്ക് കഠിന ദേഹോപദ്ര‌വം ഏല്പിച്ചാൽ, ആ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കാവുന്നതാണ്.

9. സെക്ഷൻ 152: ഇന്ത്യയുടെ അഖണ്ഡതയേയും പരമാധികാരത്തേയും അപകടത്തിലാക്കുന്ന പ്രവൃത്തി: ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവും പിഴയും ലഭിക്കാം.

10. സെക്ഷൻ 195 (2): പൊതുസേവകർക്ക് എതിരെയുള്ള ആക്രമണം, കൊള്ള, ലഹള മുതലായവ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന പൊതു സേവകനെ ആക്രമിക്കുകയോ തടസപ്പെടുത്തുകയോ ചെയ്താൽ, ആ വ്യക്തിക്ക് ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ.

11. സെക്ഷൻ 197 (i) d: രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്: അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് മൂന്നു വർഷം തടവും പിഴയും ശിക്ഷ.

12. സെക്ഷൻ 226: പൊതുസേവകനെ ആത്മഹത്യാശ്രമം കൊണ്ട് തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്: അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ഒരുവർഷം തടവും പിഴയുമാണ് ശിക്ഷ.

13. സെക്‌ഷൻ 304: ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തി പെട്ടെന്ന് ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ വസ്തുക്കൾ കൈക്കലാക്കുന്നത് (മാല പൊട്ടിക്കൽ മുതലായവ): മൂന്നുവർഷം തടവും പിഴയും ശിക്ഷ.

14. സെക്ഷൻ 341 (3) (4 ): വ്യാജ നിർമ്മാണം: വ്യാജ മുദ്ര‌കൾ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ പുതിയ തളികകൾ (സ്വർണം പൂശിയതു പോലെയുള്ളവ), വ്യാജമെന്ന് ബോദ്ധ്യമുള്ള മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കൈവശം വച്ചാൽ മൂന്നുവർഷം തടവും പിഴയുമാണ് ശിക്ഷ.

പ്രാചീന കാലത്തും ആധുനിക കാലത്തും നിയമശാസ്ത്രം ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചെയ്തവർക്ക് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജനങ്ങളെ കുറ്റങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുക, കുറ്റക്കാരെ പരിഷ്കരിച്ച് നന്നാക്കുക, കുറ്റകരമായ പ്രവൃത്തിക്ക് അനുസരണമായ ശിക്ഷ നൽകുക, കുറ്റങ്ങൾ നിവാരണം ചെയ്യുക, തെറ്റ് ചെയ്യുവാൻ മനസുള്ളവർക്ക് മുന്നറിയിപ്പ് നൽകുക എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാണ് ശിക്ഷകൊണ്ട് ലക്ഷ്യമിടുന്നത്. സിവിൽ നിയമങ്ങളായാലും ക്രിമിനൽ നിയമങ്ങളായാലും അവയുടെ യഥാർത്ഥ അർത്ഥത്തിൽ പ്രാവർത്തികമാകുന്നുണ്ടോ, നീതിക്കുള്ള കാലതാമസം നീതിയെത്തന്നെ ഇല്ലാതാക്കുന്നില്ലേ തുടങ്ങിയവയൊക്കെ ജനങ്ങളുടെ എക്കാലത്തെയും സംശയങ്ങളാണ്. തടവു ശിക്ഷ ലഭിക്കുന്ന ചില കുറ്റവാളികൾക്ക് ജയിലുകൾ ഉല്ലാസകേന്ദ്രമാകാതിരിക്കട്ടെ എന്നു കൂടി ഈ സന്ദർഭത്തിൽ ആഗ്രഹിക്കാം!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.