SignIn
Kerala Kaumudi Online
Thursday, 18 July 2024 8.31 PM IST

തിരു- കൊച്ചി ലയനത്തിന് ഇന്ന് 75 .............................................................. കേരളത്തിനും മുമ്പേ പിറന്ന തലസ്ഥാനം

state

രണ്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ലയിച്ച് (1949 ജൂലൈയ് 01)​ തിരുവനന്തപുരം തലസ്ഥാനമായ ഒറ്റരാജ്യമായിത്തീർന്നതിന്റെ എഴുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന്. തിരുവിതാംകൂർ,​ കൊച്ചി,​ മലബാർ എന്നിങ്ങനെ കേരളം ഒരു കാലത്ത് മൂന്നായി വിഭജിക്കപ്പെട്ടിരുന്നുവെന്നു പോലും ഇന്നത്തെ തലമുറയിൽപ്പെട്ടവരിൽ അധികം പേർ ഓർക്കുന്നുണ്ടാവില്ല! പ്രത്യേകം പ്രത്യേകം രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു,​ തിരുവിതാംകൂറും കൊച്ചിയും. മുൻപ് സാമൂതിരിയെയും കോലത്തിരിയെയും മൈസൂർ ഭരണാധികാരികളെയും അപ്രസക്തരാക്കിയാണ്,​ ബ്രിട്ടീഷുകാർ മലബാർ നേരിട്ടു ഭരിച്ചിരുന്നത്. 1947 ആഗസ്റ്റ് പതിനഞ്ചോടെ മലബാർ ആദ്യം സ്വതന്ത്രമാവുകയും,​ പിന്നീട് മദ്രാസ് പ്രവിശ്യയുടെ ഭാഗമാവുകയും ചെയ്തു.

കൊച്ചിയും തിരുവിതാംകൂറും അപ്പോഴും സ്വതന്ത്ര രാജ്യങ്ങളായി തുടർന്നു. കേരളത്തിന്റെ ഭാഗമാകാൻ കൊച്ചി എന്നും താത്പര്യം കാണിച്ചിരുന്നു. എന്റെ ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഞാനെന്നായിരുന്നു പരീക്ഷിത്തു തമ്പുരാൻ എന്ന് അറിയപ്പെട്ടിരുന്ന കൊച്ചിയിലെ രാമവർമ്മ തമ്പുരാന്റെ നിലപാട്. ഐക്യകേരള കൺവൻഷനിൽ പങ്കെടുക്കുവാൻ അദ്ദേഹം തയ്യാറായി. ജനങ്ങൾ അദ്ദേഹത്തെ ഐക്യ കേരള തമ്പുരാൻ എന്നാണ് സംബോധന ചെയ്തിരുന്നത്.

സ്വതന്ത്ര തിരുവിതാംകൂറിൽ നിലനില്ക്കുവാൻ കഴിയുമോ എന്ന പരീക്ഷണത്തിലായിരുന്നു അപ്പോഴും തിരുവിതാംകൂർ. മകന് അതായത് ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് ചെങ്കോലും കിരീടവും നഷ്ടപ്പെടുന്നത് സേതു പാർവതിബായിയ്ക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സമർത്ഥനായ അഭിഭാഷകൻ കൂടിയായ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാതിരിക്കുവാനുള്ള കരുനീക്കങ്ങൾ തയ്യാറാക്കിക്കൊണ്ടിരുന്നു.

പാകിസ്ഥാനിലേക്കും ആസ്ട്രേലിയയിലേക്കും പ്രതിനിധികളെ അയയ്ക്കുവാൻ അന്നത്തെ തിരുവിതാംകൂർ സർക്കാർ തയ്യാറായി. മണവാളകുറിച്ചിയിലും ചവറയിലും സുലഭമായിരുന്ന മോണോസൈറ്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രിട്ടീഷുകാരും തിരുവിതാംകൂർ സർക്കാരിന് കപട വാഗ്‌ദാനങ്ങൾ നല്കി. തിരുവിതാംകൂറിന്റെ തന്ത്രങ്ങൾ പൊളിക്കാൻ വി.പി. മേനോനെ സർദാർ പട്ടേൽ തിരുവനന്തപുരത്തേക്ക് അയച്ചു.

ശ്രീപത്മനാഭന്റെ അനുമതിയില്ലാതെ തനിക്ക് ലയന പ്രമാണത്തിൽ ഒപ്പു വയ്ക്കാൻ കഴിയില്ലെന്നായിരുന്നു ചിത്തിര തിരുനാൾ ബാലരാമവർമ്മ വി.പി. മേനോനോടു പറഞ്ഞു നേക്കിയത്.

ശ്രീപത്മനാഭന്റെ അനുമതിയെല്ലാം ഇക്കാര്യത്തിൽ തനിക്കു നേരത്തെ ലഭിച്ചു കഴിഞ്ഞുവെന്നായിരുന്നു വി.പി. മേനോന്റെ പരിഹാസം. ചർച്ചകൾക്കായി ഡൽഹിയിലേയക്ക് സി.പി. രാമസ്വാമി അയ്യരെ ക്ഷണിക്കാനും സർദാർ പട്ടേൽ മറന്നില്ല. ഡൽഹിയിലെത്തിയ സി.പി. രാമസ്വാമി അയ്യരെ പ്രലോഭിപ്പിക്കുവാനും ഭീഷണിപ്പെടുത്തുവാനും സർദാർ പട്ടേൽ മടിച്ചില്ല. കാര്യങ്ങൾ പന്തിയല്ലെന്നു തിരിച്ചറിഞ്ഞ സി.പി കർക്കശമായ നിലപാടുകൾ ഉപേക്ഷിക്കുവാൻ രാജകുടുംബത്തോട് ആവശ്യപ്പെട്ടു.

സൈന്യം,​ കമ്മ്യൂണിക്കേഷൻസ്,​ റെയിൽവേ എന്നിവ ഒഴിവാക്കിയുള്ള അർദ്ധ സ്വാതന്ത്ര്യപദവിയെങ്കിലും തങ്ങൾക്കുവേണം എന്നായി തിരുവിതാംകൂറിന്റെ നിലപാട്. ഈ സന്ദർഭത്തിലാണ് സി.പിയെ വധിക്കുവാനുള്ള ശ്രമം തിരുവനന്തപുരത്തു നടന്നത്. സ്വാതിതിരുനാൾ മ്യൂസിക് അക്കാഡമിയിൽ നടന്ന ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സി.പി. രാമസ്വാമി അയ്യരെ വധിക്കുവാൻ ശ്രമിച്ചത് കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ എൻ. ശ്രീകണ്ഠൻ നായരുടെ അനുയായി കെ.സി.എസ്. മണി ആയിരുന്നു. വധോദ്യമവേളയിൽ വിളക്കുകൾ ആരോ അണച്ചു. ആരാണ് വിളക്കണച്ചതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇനിയും ലഭിച്ചിട്ടില്ല! കേന്ദ്ര ആഭ്യന്തര വകുപ്പിന് ഇതിൽ പങ്കുണ്ടെന്നാണ് പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരൻ നായർ കരുതുന്നത്.

വധശ്രമം വിജയിച്ചില്ലെങ്കിലും സി.പി കവിളിൽ വെട്ടേറ്റ് നിലത്തു വീണു. ജനറൽ ആശുപത്രിയിൽ വച്ച് തന്നെ കാണാൻ വന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മയോട് ലയന കരാർ അല്പം പോലും താമസിക്കരുതെന്ന് അ ദ്ദേഹം പറഞ്ഞു. തന്റെ സഹോദരനും കൂടുതൽ കർക്കശക്കാരനുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയെ ഭരണം ഏല്പിക്കുവാനുള്ള ചർച്ചയിലായിരുന്നു അപ്പോൾ. ചിത്തിര തിരുനാൾ ബാലരാമ വർമ്മ ബുദ്ധിശൂന്യമായ പ്രഹസനങ്ങളിൽ നിന്ന് ഇനിയെങ്കിലും പിന്തിരിയണമെന്നായിരുന്നു സേതു പാർവ്വതി ബായിയോടും ചിത്തിര തിരുനാളിനോടും സി.പിക്ക് പയാനുണ്ടായിരുന്നത്.

ലയനപ്രമാണത്തിൽ ചിത്തിര തിരുനാൾ തുടർന്ന് ഒപ്പുവച്ചു. പാരിതോഷികമായി രാജപ്രമുഖ സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. ഉപരാജപ്രമുഖ പദം തനിക്ക് ആവശ്യമില്ലെന്ന് കൊച്ചിയിലെ രാജാവായ രാമവർമ്മ വി.പി. മേനോനെ അറിയിച്ചു. ലയന പ്രമാണം ഒപ്പുവയ്ക്കാൻ താൻ തിരുവിതാംകൂറിൽ എത്തിക്കൊള്ളാമെന്നും ശുദ്ധഗതിക്കാരനായ കൊച്ചി തമ്പുരാൻ സമ്മതിച്ചു. തലസ്ഥാനം തിരുവനന്തപുരത്ത് നിലനിറുത്തുകയാണെങ്കിൽ ​ ഹൈക്കോടതി കൊച്ചിക്കു വേണമെന്ന് രാഷ്ട്രീയ ചാണക്യനായ പനമ്പിള്ളി ഗോവിന്ദമേനോൻ ആവശ്യപ്പെട്ടു. കൊച്ചി സിവിൽ സർവീസിലുള്ള ഉദ്യോഗസ്ഥന്മാർക്കു സീനിയോറിട്ടി നഷ്ടപ്പെടാതിരിക്കാനും പനമ്പിള്ളി ഗോവിന്ദമേനോൻ ശ്രദ്ധിച്ചു.

തിരുവിതാംകൂറിന്റെ അവസാനത്തെ പ്രധാനമന്ത്രിയായ പറവൂ‌ർ ടി.കെ. നാരായണപിള്ള,​ ആദ്യത്തെ തിരു- കൊച്ചി മുഖ്യമന്ത്രി ആകുവാൻ പോകുന്ന സന്തോഷത്തിലായിരുന്നു. തിരുവിതാംകൂറിലെ ഉദ്യോഗസ്ഥരിൽ പലരുടെയും സീനിയോറിട്ടി നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും പറവൂർ ടി.കെയ്ക്ക് അസ്വസ്ഥതയുണ്ടായില്ല. പനമ്പിള്ളി ഗോവിന്ദമേനോന്റെ ലക്ഷ്യങ്ങൾക്ക് തിരുകൊച്ചി സംയോജനം ഒരുവിധത്തിലും തടസമായില്ല. തിരുവിതാംകൂർ,​ കൊച്ചി ലയനം കഴിഞ്ഞ് പിന്നെയും ഏഴു വർഷം കഴിഞ്ഞായിരുന്നു,​ ഐക്യകേരളപ്പിറവി (1956 നവംബർ 01)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.