കൊച്ചി: സാമൂഹ്യനീതിയുടെ സന്ദേശം സമൂഹത്തിന്റെ ചിന്താപദ്ധതിയാക്കിയ പത്രമാണ് 'കേരളകൗമുദി'യെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നവോത്ഥാന രംഗത്ത് കേരളകൗമുദി സൃഷ്ടിച്ച തരംഗം കേരളത്തിന് വിസ്മരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച '113 അമേസിംഗ് വിമൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും കോൺക്ലേവും പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന മൂല്യങ്ങൾ നഷ്ടമാകുമ്പോൾ സമത്വത്തിനായി കേരളകൗമുദി ചെയ്യുന്നത് വലിയ കാര്യങ്ങളാണ്. അതിന്റെ സാക്ഷ്യമാണ് ' 113 അമേസിംഗ് വിമൻ" എന്ന ബൃഹദ്പുസ്തകം. സ്ത്രീശാക്തീകരണത്തിനുള്ള ഇത്തരം ശ്രമങ്ങൾ മാതൃകയാണ്. അവശതയനുഭവിക്കുന്ന ഒരു ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി കേരളകൗമുദി തുടക്കം മുതൽ വിപ്ലവകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. അവർണർക്ക് ക്ഷേത്രപ്രവേശനം വേണമെന്ന് ചങ്കുറപ്പോടെ എഴുതിയ പത്രമാണിത്. പത്രാധിപർ എന്ന വാക്ക് കെ. സുകുമാരനിലേക്ക് എത്തുന്നത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു
പൊലീസ് സേനയിൽ 30ശതമാനം വനിതകളാകുന്ന കാലമാണ് സ്വപ്നങ്ങളിലുള്ളതെന്ന് പുസ്തകം ഏറ്റുവാങ്ങിയ കോസ്റ്റൽ പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി പറഞ്ഞു. നിലവിൽ എട്ടു ശതമാനമാണ്.
കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. കാലടി സായിശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ മാതൃവന്ദനം നടത്തി. കേരളകൗമുദി കോർപ്പറേറ്റ് ജനറൽ മാനേജർ അയ്യപ്പദാസ്, വിമൻ ആൻട്രപ്രണേഴ് നെറ്റ്വർക്ക് പ്രസിഡന്റ് ദിവ്യ തോമസ്, റോട്ടറി ഡിസ്ട്രിക്ട് 3201 അസിസ്റ്റന്റ് ഗവർണർ രോഷ്ന ഫിറോസ് എന്നിവർ സംസാരിച്ചു.
കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
'വനിതാശാക്തീകരണം: പുതിയസാദ്ധ്യതകൾ, അവസരങ്ങൾ" എന്ന വിഷയത്തിൽ നടന്ന കോൺക്ലേവിൽ വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സൺറൈസ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, പ്രിൻസി വേൾഡ് ട്രാവൽ ഡയറക്ടർ ഡോ. ദേവിക മേനോൻ, ബെസ്റ്റിനേഷൻ ഹോളിഡെയ്സ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ജീന ഫെർണാണ്ടസ്, പറക്കാട്ട് ജുവൽസ് ഡയറക്ടർ പ്രീതി പറക്കാട്ട്, തോട്ട് ഫാക്ടറി ഡിസൈൻ + വയ കേരള ഫൗണ്ടർ ഡയറക്ടർ തെരേസ ജോസഫ് ജോർജ്, മ്യൂറൽ ചിത്രകാരി അനു അമൃത എന്നിവർ പാനലിസ്റ്റുകളായിരുന്നു. വെൻ അംഗം തെരേസ്യ പി. ജോർജ് മോഡറേറ്ററായി.
ഇ.വി.എം സ്കോഡയും ബെസ്റ്റിനേഷൻ ഹോളിഡെയ്സുമായിരുന്നു പ്രായോജകർ. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രഗൽഭരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |