SignIn
Kerala Kaumudi Online
Sunday, 18 August 2024 3.46 AM IST

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

pinarayi

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്‌കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചു. ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും. രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും. രാജാജിനഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും.

മെറ്റൽ മെഷുകൾ മേജർ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്‌ക്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ഫയർ & റസ്‌ക്യു നേതൃത്വത്തിൽ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും. 40 എ ഐ ക്യാമറകൾ സ്ഥാപിക്കും. ഇവയെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കും.


രാജാജി നഗറിൽ നിലവിലുള്ള തുമ്പൂർമുഴി യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജൻസികൾക്ക് കൈമാറും അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എം.സി.എഫ്/കണ്ടയിനർ എം.സി.എഫ് സ്ഥാപിക്കും.

കെ.എസ്.ആർ.ടി.സി തമ്പാനൂർ ബസ് ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാൻ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്‌മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി.

പ്ലാമൂട്, കോസ്‌മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ കെ.ഡബ്ല്യു.എ.യുടെ പമ്പിങ് സ്റ്റേഷനുകളിൽ നിന്ന് ഓവർഫ്‌ളോ വെള്ളം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. മൃഗശാലയിൽ മലിനജല സംസ്‌കരണ പ്ലാന്റ് പ്രവർത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും നിർദ്ദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് പഠനത്തിൽ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാൻ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളും.കെഎസ്ആർടിസി, തകരപറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം മുതലായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. വെള്ളം കടലിൽ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സുഗമമാക്കും.

ഓൺലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PLASTIC, FINE, ACTION, CHIEF MINISTER, A, AYIZHANCHAN CANAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.