പയ്യന്നൂർ: പയ്യന്നൂരിൽ വീണ്ടും ക്ഷേത്ര കവർച്ച. ടൗണിനടുത്ത് ബൈപാസ് റോഡിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തോട് ചേർന്നുള്ള ഭണ്ഡാര പുരയിലെ സുരക്ഷിത മുറിയിൽ ചെറു ഭണ്ഡാരത്തിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ക്ഷേത്രത്തിൽ ശുചീകരണത്തിനെത്തിയവരാണ് ഭണ്ഡാര പുരയുടെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. മുറി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് പയ്യന്നൂർ പൊലീസ് എത്തി അന്വേഷണം തുടങ്ങി.
പയ്യന്നൂരിലും പരിസരങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്ഷേത്ര ഭണ്ഡാരങ്ങൾ വ്യാപകമായി കവർച്ച നടത്തിയിരുന്നു. എടാട്ട്, കൊഴുമ്മൽ വരീക്കര ക്ഷേത്രം, രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, താവൂരിയാട്ട് ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |