SignIn
Kerala Kaumudi Online
Thursday, 05 September 2024 5.06 AM IST

സ്‌കൂളുകളുടെ പിന്മാറ്റം ബാധിക്കുന്നത് കുട്ടികളെ, രക്ഷിതാക്കൾ ശ്രദ്ധിക്കുക

Increase Font Size Decrease Font Size Print Page
students

കലിതുള്ളി കാലവർഷം എത്തിയതോടെ ജനങ്ങളുടെ മനസിലെ ഭീതിയും വർദ്ധിക്കുകയാണ്. ജലാശയങ്ങളിലെ അപ്രതീക്ഷിത അപകടങ്ങളിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. സമീപകാലങ്ങളിൽ ആവർത്തിക്കുന്ന ജല മരണങ്ങൾ നാടിനെ കണ്ണീർക്കയത്തിലാക്കുകയാണ്. കണ്ണൂരിൽ ഇതുവരെ മുങ്ങിമരിച്ചത് എട്ടുപേരാണ്. ജില്ലയുടെ സമീപപ്രദേശമായ ചീമേനിയിലുണ്ടായ ഇരട്ടക്കുട്ടികളുടെ മരണവും നാടിനെ സങ്കടത്തിലാക്കി. കണക്കുകൾ പ്രകാരം കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മുങ്ങി മരിച്ചത് 11,947 പേരാണ്. ഇതിൽ 2687 പേർ ആത്മഹത്യ ചെയ്തവരാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 5247 പേർ മരിച്ചു. ഇതിൽ ആത്മഹത്യ 1272. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മുങ്ങി മരണങ്ങളും ആത്മഹത്യകളും. ഏറെയും നദികളിലും തോടുകളിലും വീണുള്ള മരണമാണ്. കഴിഞ്ഞ വർഷം മാത്രം ആകെ 1851 പേർ മരിച്ചു. അസ്വാഭാവിക മരണങ്ങളും റോഡ് അപകടങ്ങളും കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണത്തിന് ഇരയാകുന്നത്.

കരയ്ക്കടുക്കാതെ നീന്തൽ പഠനം
കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി സ്കൂളുകളിലും മറ്റും നീന്തൽ പരിശീലനം നൽകിയിരുന്നെങ്കിലും ഇപ്പോൾ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ഇതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മുങ്ങിമരണങ്ങൾ തുടർക്കഥയാവുമ്പോഴും നീന്തൽ പഠനത്തോട് സ്‌കൂളുകളും വിമുഖത കാട്ടുകയാണ്. ബി.ആർ.സി, എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിൽ വിരലിൽ എണ്ണാവുന്ന സ്‌കൂളുകളിലാണ് പരിശീലനങ്ങൾ നടന്നിരുന്നത്. അധികചെലവും നീന്തൽ പരിശീലകരെ ലഭിക്കാത്തതുമാണ് പല സ്‌കൂളുകളും പിന്തിരിയാൻ കാരണം. സർക്കാർ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പല വിദ്യാലയങ്ങൾക്കും ലഭിച്ചിരുന്നുമില്ല. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നീന്തൽ പരിശീലനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂർണ്ണമായി നടപ്പിലായതുമില്ല. 12 വയസു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നായിരുന്നു പറഞ്ഞിരുന്നത്. 2022 വരെ സ്കൂളുകളിൽ നീന്തലിന് രണ്ട് ശതമാനം ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇത് നിർത്തലാക്കിയതോടെ നീന്തൽ പഠനവും അവസാനിച്ചമട്ടാണ്. രണ്ട് വർഷമായി ഇപ്പോൾ നീന്തലിന് ഗ്രേസ് മാർക്ക് ലഭിക്കാറില്ല. ഗ്രേസ് മാർക്ക് തിരികെ കൊണ്ടുവരാനായില്ലെങ്കിലും വിദ്യാലയങ്ങളിൽ കുട്ടികളുടെ ജീവൻ രക്ഷാ ഉപാധിയെന്ന നിലയിൽ നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കളടക്കമുള്ളവർ ഇക്കാര്യം പല വിദ്യാലയ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവും നിലവിലുണ്ട്. ക്ഷേത്രക്കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്. രക്ഷിതാക്കൾ അറിയാതെയാണ് കുട്ടികൾ പുഴകളിലും മറ്റും കുളിക്കാനായി ഇറങ്ങുന്നത്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടങ്ങളിലേക്കെത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.


മഴക്കാലത്ത് കരുതൽ വേണം

പരിചയമില്ലാത്ത സ്ഥലങ്ങളിലെ പുഴയിലും കടവുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടം വിളിച്ചുവരുത്തുകയാണ്. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബന്ധുവീടുകളിലെത്തി സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപ്പെട്ട മുപ്പതോളം കുട്ടികളാണ് എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് മുങ്ങി മരിച്ചത്. ഒപ്പമുള്ള കുട്ടികൾ ബഹളം വച്ച് രക്ഷിതാക്കളും നാട്ടുകാരും എത്തുമ്പോഴേക്കും വൈകിയിരിക്കും. മഴക്കാലത്ത് നീന്തലറിയാമെങ്കിൽ പോലും ആഴങ്ങളിലെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനാവണമെന്നില്ല. മഴക്കാലത്ത് കുട്ടികളെയും കൂട്ടി ജലാശയങ്ങൾ കാണാനുള്ള യാത്ര ഒഴിവാക്കണം. അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം എന്നിവയുള്ളവരും ലഹരി ഉപയോഗിച്ചും നീന്താനിറങ്ങരുത്. പുറമേനിന്ന് ശാന്തമെന്ന് തോന്നുന്ന പുഴകളിൽ അടിയൊഴുക്കോ ചുഴികളോ ആഴമേറിയ സ്ഥലങ്ങളോ ഉണ്ടാകാം. ഇതിൽപ്പെട്ടാൽ നീന്തലറിഞ്ഞാൽ പോലും രക്ഷപ്പെടാനാകണമെന്നില്ല. മുന്നറിയിപ്പ് ബോർഡുകളിലെ നിർദേശങ്ങളും പ്രദേശവാസികളുടെ മുന്നറിയിപ്പും അവഗണിക്കാതിരിക്കുക.


ആത്മവിശ്വാസവും അപകടം

കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരും ഇന്ന് കൂടുതലാണ്. കൂട്ടുകാരുമൊത്തുള്ള യാത്രയിൽ കടൽ കാണാനെത്തുകയും പിന്നീട് നീന്തൽ അറിയാത്തവർ പോലും കുളിയ്ക്കാൻ ഇറങ്ങുകയും ചെയ്യുന്നു. അപ്രതീക്ഷിതമായെത്തുന്ന തിരകളിൽ അകപ്പെട്ട് അപകടം സംഭവിക്കുകയുമാണ്. നീന്തൽ പഠിച്ച ആത്മവിശ്വാസത്തിൽ ആഴങ്ങളിലേക്ക് പോകുന്നതും അപകടം വരുത്തിവയ്ക്കുന്നുണ്ട്. 10 മിനിട്ടെങ്കിലും തുടർച്ചയായി നീന്താൻ കഴിയുന്നവരായിരിക്കണം കടലിൽ കുളിക്കാനിറങ്ങുന്നവർ. കടലിൽ ഏതാണ്ട് 15 മീറ്റർ മാത്രമേ ആഴം കുറഞ്ഞ പ്രദേശമുള്ളൂ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തേ അതും ലഭ്യമാകൂ. ചിലയിടങ്ങളിൽ ചെറിയ മൺതിട്ടകളും കുഴികളുമുണ്ടാകാം.

രക്ഷകർക്കും വേണം കരുതൽ

വെള്ളത്തിലകപ്പെട്ടവരെ നേരിട്ട് വെള്ളത്തിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിടെ അപകടം സംഭവിക്കുന്നതും നിരവധി പേർക്കാണ്,​ നീന്തൽ അറിയാത്തവർ ഒരു കാരണവശ്ചാലും രക്ഷിക്കാൻ ഇറങ്ങറുത്. കമ്പോ കയറോ ഓലയോ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സാധനങ്ങളോ എറിഞ്ഞുകൊടുക്കണം. അല്ലെങ്കിൽ പ്രദേശവാസികളെ ഉടൻ വിവരമറിയിക്കണം. ഒരാളെ രക്ഷപ്പെടുത്താൻ നീന്തലറിയുന്ന രണ്ടുപേരെങ്കിലും വേണം.

ജലസ്രോതസ്സുകൾ മലിനം
സ്വകാര്യ സ്വിമ്മിംഗ് പൂളുകളിൽ സാധാരണക്കാരൻ അപ്രാപ്യമാണ്. നീന്തൽ പരിശീലനത്തിന് ആശ്രയിക്കാവുന്നത് നഗരപ്രദേശത്തെയും നാട്ടിൻ പുറത്തെയും തോടുകളും പുഴകളും, കുളങ്ങളുമാണ്. എന്നാൽ ജല സ്രോതസുകളും ഒരേ പോലെ മലിനപ്പെട്ടിരിക്കയാണ്. ജലജന്യരോഗങ്ങൾക്ക് പുറമെ അമീബിക്ക് ജ്വരം പോലുള്ള രോഗങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ട സാഹചര്യത്തിൽ കൊച്ചുകുട്ടികളെയടക്കം നീന്താൻ അയക്കാൻ രക്ഷിതാക്കൾക്കും ഭയമാണ്. ഇതോടെ നീന്തൽ പരിശീലിക്കാത്ത കുട്ടികളാണ് ഏറെയും. സ്കൂൾ തലത്തിൽ സ്വയ രക്ഷക്കുള്ള കരുതൽ മാർഗങ്ങൾ അഭ്യസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഏറുകയാണ്.


ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

 ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക.

 ചെറുപ്പം മുതലേ കുട്ടികളെ നീന്തൽ പഠിപ്പിക്കുക

 വിനോദസഞ്ചാര വേളകളിൽ സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റ്, കരുതുക.

 രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ചവർ മാത്രംഇറങ്ങുക

 വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുക

 പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക.

 പരിചിതമല്ലാത്ത സ്ഥലങ്ങളിലെ പ്രദേശവാസികളുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

 മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SWIMMING LEARNING IN SCHOOL, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.