SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.26 AM IST

ബുദ്ധിയോടെ തിരിച്ചറിയണം, നിർമ്മിതബുദ്ധി

ai

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലം മുഴുവൻ മുത്തച്ഛൻ ഒരു മായാലോകത്തായിരുന്നു. തന്റെ ആരാദ്ധ്യപുരുഷനായ അന്തരിച്ച മുൻ മുഖ്യമന്ത്രി, സഖാവ് ഇ.കെ.നായനാർ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി വി. ജോയിയ്ക്ക് വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ കണ്ട് മുത്തച്ഛൻ അദ്ഭുതപ്പെട്ടു. ചുണ്ടനക്കവും കണ്ണൂർ സംസാരശൈലിയും വരെ കിറുകൃത്യം: 'ജോയ്, ഓൻ മ്മളെ ആളാ.... ഓനെ വോട്ട് കൊടുത്ത് ജയിപ്പിക്കണം..."

സഖാവിന്റെ വാക്കുകൾ കേട്ട് കോരിത്തരിച്ചിരിക്കുന്ന മുത്തച്ഛന് പിള്ളേര് പറഞ്ഞുകൊടുത്തു- 'അത് എ.ഐയാണ് മുത്തച്ഛാ...!" തിരഞ്ഞെടുപ്പു കാലത്ത് കൊടിതോരണങ്ങളും മൈക്ക് അനൗൺസ്‌മെന്റും മാത്രം കണ്ടും കേട്ടും ശീലിച്ച മുത്തച്ഛൻ കണ്ണുമിഴിച്ചു... പെട്ടെന്നൊരു ദിവസം നിർമ്മിതബുദ്ധി തരംഗമായപ്പോൾ കഥയെന്തെന്നറിയാതെ ഇത്തരത്തിൽ പകച്ചവർ അനേകം. തിരഞ്ഞെടുപ്പു കാലത്ത് എ.ഐയെ പി.ആർ ഏജൻസികൾ സമർത്ഥമായ രീതിയിൽ ഉപയോഗിച്ചു. നായനാർക്കു പുറമേ ഇന്ദിരാ ഗാന്ധിയും വാജ്‌പേയിയും ഉമ്മൻചാണ്ടിയും കരുണാനിധിയും തങ്ങൾക്കു പ്രിയപ്പെട്ടവർക്കായി വോട്ടഭ്യർത്ഥിച്ചെത്തി. വാസ്തവത്തിൽ എവിടെയായിരുന്നു സർവതിന്റെയും തുടക്കം? എന്താണ് ഈ എ.ഐ?​

മനുഷ്യരെപ്പോലെ ചിന്തിക്കാനുള്ള കഴിവ് യന്ത്രങ്ങൾക്കു നൽകുന്നതിനെയാണ് നിർമ്മിത ബുദ്ധിയെന്ന് പറയുന്നത്. 1950- 80 കാലഘട്ടത്തിലാണ് കംപ്യൂട്ടറുകൾക്ക് ബുദ്ധി നൽകുന്ന കണ്ടുപിടിത്തങ്ങൾക്ക് തുടക്കം കുറിച്ചത്. മനുഷ്യന്റെ അദ്ധ്വാനം ലഘൂകരിക്കുകയായിരുന്നു ലക്ഷ്യം. ആമസോൺ അലക്സയിൽ മുതൽ സ്മാർട്ട് വാച്ചുകളിൽ വരെ ഇന്ന് എ.ഐ പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും വന്നതോടെ നിർമ്മിത ബുദ്ധിയുടെ സേവനം വിരൽത്തുമ്പിലായി. സാങ്കേതിക പ്രാവീണ്യം ഇല്ലാത്തവർക്കും എ.ഐ വീഡിയോകൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും അവസരമൊരുങ്ങി. ഇതോടെ എ.ഐ ദുരുപയോഗം ചെയ്യപ്പെടാനും സൂക്ഷിച്ചില്ലെങ്കിൽ 'പണികൾ"കിട്ടാനും തുടങ്ങി.

പറയാത്ത കാര്യം,​

പാടാത്ത പാട്ട്

എ.ഐ നിർമ്മിത വീഡിയോകൾക്ക് ഏറ്റവുമധികം ഇരയായ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദി പാട്ടുപാടുന്ന, ഡാൻസ് കളിക്കുന്ന വീഡിയോകൾ ഞൊടിയിടയിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ന്യൂനപക്ഷങ്ങൾക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ നിറുത്തലാക്കുമെന്ന് അമിത് ഷായുടെ രൂപത്തിൽ വന്ന വീഡിയോ പലരെയും ആശങ്കയിലാഴ്ത്തി. ആദ്യം യഥാർത്ഥമാണെന്നു തോന്നിച്ച ആ വീഡിയോകൾ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സാധാരണക്കാർ എ.ഐയെ ശ്രദ്ധിച്ചുതുടങ്ങുന്നത്. മോദി ഭരണത്തെ വിമർശിക്കുന്ന ബോളിവുഡ് താരം രൺവീർ സിംഗിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. നടി രശ്മിക മന്ദാന, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും വ്യാജ ഫോട്ടോകളും വീഡിയോകളും ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പണം തട്ടൽ

ലിങ്ക് വഴി

ഓപ്പൺ എ.ഐ എന്ന കമ്പനി 2022-ൽ പുറത്തിറക്കിയ എ.ഐ ചാറ്റ് ബോട്ട് സംവിധാനമായ ചാറ്റ് ജി.പി.ടിയിലടക്കം ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. ജി- മെയിൽ അക്കൗണ്ടുള്ളവർക്ക് ചാറ്റ് ബോട്ട് വിൻഡോയിലൂടെ ചോദ്യങ്ങൾ ടൈപ്പ് ചെയ്തു ചോദിക്കാനും,​ അതിന് മനുഷ്യൻ ഉത്തരം പറയും പോലെ മറുപടി ലഭിക്കുന്നതിനുമാണ് ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത്. അതേസമയം, ഒരാളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും മനസിലാക്കാനുള്ള വ്യാജ മെയിലുകൾ ഉണ്ടാക്കുന്ന 'ഫിഷിംഗി"നായും ചാറ്റ് ജി.പി.ടിയെ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നുണ്ട്. ചാറ്റ് ജി.പി.ടിയുടെ അപരനായ വോം ജി.പി.ടിയിലാണ് കൂടുതൽ കുറ്റകൃത്യങ്ങളും നടക്കുന്നത്. ഫോണിൽ നിന്ന് എല്ലാ വിവരങ്ങളും ചോർത്താൻ ശേഷിയുള്ള മാൽവെയറുകൾ തട്ടിപ്പുകാർക്ക് ഉണ്ടാക്കാനാവും.

അപരിചിതരുമായി വീഡിയോ കാൾ ചെയ്യാനാവുന്ന ആപ്പുകളിലും എ.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു. കഴുത്തിൽ കത്തി കയറിയതായും ശരീരം രക്തത്തിൽ കുളിച്ചു കിടക്കുന്നതായും കാണിച്ച് അപ്പുറത്തിരിക്കുന്ന ആളെ ഭയപ്പെടുത്തുന്നതിനും ഇവ ഉപയോഗിക്കുന്നു. അശ്ലീല സംഭാഷണങ്ങൾക്കു ശേഷം പണം തട്ടുന്ന കബളിപ്പിക്കലിന്റെ ചതിക്കുഴികളിൽ മിക്കപ്പോഴും സ്ത്രീകളായിരിക്കും ഇരകൾ.

കുരുക്കുകൾ

തിരിച്ചറിയാം

 സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നതെല്ലാം അതേപടി വിശ്വസിക്കരുത്. പരിചിതരായ വ്യക്തികൾ പുതിയ നമ്പറുകളിൽ നിന്ന് വിളിച്ച് പണം ചോദിച്ചാൽ, അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ടു മാത്രം നൽകുക.

സമൂഹമാദ്ധ്യമങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന എഴുപത് ശതമാനം പാസ്‌വേർഡുകളും ഹാക്കർമാരുടെ കൈയിലുണ്ട്. ഇതുവഴി അക്കൗണ്ടുകളിലെ ഫോട്ടോകൾ ചോർത്തി വ്യാജ എ.ഐ വീഡിയോകൾക്ക് ഉപയോഗിക്കാം. അതിനാൽ ഇടയ്ക്കിടെ അക്കൗണ്ടുകളുടെ പാസ്‌വേർഡുകൾ മാറ്റണം

ഡീപ് ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ ചില ടൂളുകളുണ്ട്. സെന്റിനൽ, വി വെരിഫൈ, ഇന്റെൽസ് റിയൽ ടൈം ഡീപ് ഫേക്ക് ഡിറ്റക്ടർ എന്നീ എ.ഐ ടൂളുകൾക്ക് സംശയമുള്ള വീഡിയോ നൽകിയാൽ ഫേക്ക് ആണോ എന്ന് ഒരുപരിധി വരെ കണ്ടെത്താനാവും.

അതല്ല, ഇനി ഫേക്ക് ആണെങ്കിലും ചിലർക്ക് ഓക്കെയാണ്! മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ കുറയുമ്പോൾ എ.ഐയെ ഒപ്പം കൂട്ടുന്നവരുണ്ട്. സാമൂഹിക ജീവിയായ മനുഷ്യനു പകരക്കാരനാകുമോ എ.ഐ? ഏതു തരത്തിലാണ് മാനസികാരോഗ്യം എ.ഐ യുഗത്തിൽ ബാധിക്കപ്പെടുന്നത്?

നാളെ: ആൻഡ്രോയ്ഡ് കാലത്തെ ദിവ്യപ്രണയം

സൈബർ ഹെല്പ് നമ്പർ: 1930

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.