ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഡീൻ കൂര്യാക്കോസ് എംപിയാണ് നോട്ടീസ് നൽകിയത്. മുല്ലപ്പെരിയാർ ഡാമിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണം. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭാ നടപടിക്രമങ്ങൾ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണം. വയനാട് ഉരുൾപൊട്ടൽ 500ഓളം പേരുടെ ജീവനാണ് കവർന്നത്. ഒരു ഗ്രാമത്തെ ഇല്ലാതാക്കി. കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ആണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം ചർച്ച ചെയ്യണം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അതേസമയം, വയനാട് മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ആയി ഉയർന്നിരിക്കുകയാണ്. 400ൽ അധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകളിൽ വ്യക്തമാക്കുന്നത്. 181 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 154 പേരെ കാണാതായി. 88 പേർ ആശുപത്രികളിലാണ്. ചൂരൽമല ഭാഗത്ത് ഒൻപത് ക്യാമ്പുകളിലായി 1381 പേർ കഴിയുന്നു. തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |