SignIn
Kerala Kaumudi Online
Monday, 14 October 2024 2.22 PM IST

ആദ്യ കുടിയേറ്റം പാലായിൽ നിന്ന്

Increase Font Size Decrease Font Size Print Page
mathew

പാലാക്കാരനായ കുടക്കച്ചിറ മത്തായി എന്ന കെ.പി. മാത്യുവാണ് വയനാട്ടിലെ ആദ്യ കുടിയേറ്റക്കാരൻ.ഇദ്ദേഹം വിദ്യാ സമ്പന്നനും സഞ്ചാരപ്രിയനുമായിരുന്നു. പാലായ്ക്കടുത്ത് അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്ത് നിന്ന് 34ാമത്തെ വയസ്സിലാണ് മലബാറിലേക്ക് വരുന്നത്. കോളയാട് ഫാ. ഫെർണാണ്ടസ് അച്ചന്റെയടുക്കൽ എത്തിയ മത്തായിച്ചൻ അവിടെ പള്ളിയ്ക്ക് അടുത്തായി തന്നെ മുപ്പത് ഏക്കർ സ്ഥലം വാങ്ങി. 1929ൽ ആയിരുന്നു ഇത്.ഇതോടെയാണ് വടക്കെ മലബാറിലേക്ക് മദ്ധ്യ തിരുവിതാംകൂറിൽ നിന്നും കുടിയേറ്റം ആരംഭിക്കുന്നത്. അക്കാലത്ത് കരഭൂമിയേക്കാൾ ആകർഷണം നെൽവയലുകൾക്കായിരുന്നു. ഒരിക്കൽ യാത്രാ മദ്ധ്യേ പരിചയപ്പെട്ട പ്ലാക്കണ്ടി മൊയ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ കെ.പി. മാത്യു വയനാട്ടിലെ പയ്യംപള്ളിയിൽ 1930 ൽ 400 ഏക്കർ സ്ഥലം വാങ്ങി. 300 ഏക്കർ കരഭൂമിയും 100 ഏക്കർ വയലും. ഒപ്പം ഉഴവ് ആവശ്യത്തിനുള്ള മാടും ഉപകരണങ്ങളും കറവ പശുക്കളും എല്ലാം ചേർത്ത് 5000 രൂപ വില. അഞ്ഞൂറ്റിമംഗലത്ത് മുപ്പത് ഏക്കർ തെങ്ങിൻ പുരയിടം വിറ്റു കിട്ടിയ വിലക്ക് പയ്യംപള്ളിയിൽ കെ.പി. മാത്യുവും സഹോദരന്മാരായ ജോസഫ്, ദേവസ്യ എന്നിവരും ചേർന്ന് ആരംഭിക്കുന്നതാണ് വയനാട്ടിലെ ആദ്യ കുടിയേറ്റം.ഇദ്ദേഹത്തിന്റെ
പുത്രനാണ് മാനന്തവാടിയിലെ പ്രശസ്തനായ അദ്ധ്യാപകൻ കെ.എം.ഫിലിപ്പ്.

കെ.എം. മാത്യുവിന്റെ വരവോടെയാണ് വയനാട്ടിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. തിരുവിതാംകൂറിൽ നിന്ന് വൻ തോതിൽ ജനങ്ങൾ വയനാട്ടിലേക്ക് പ്രവഹിച്ചു,വയനാട്ടിലെ മണ്ണ് വളക്കൂറുളളതായിരുന്നു.കാപ്പി, കുരുമുളക്, തെങ്ങ്, റബർ തുടങ്ങിവയാണ് പ്രധാന കൃഷികൾ.റബറിിൽ നിന്ന് ഉൽപ്പാദനം കിട്ടാൻ താമസം നേരിട്ടപ്പോൾ റബറിന്റെ ശിഖരം വെട്ടിമാറ്റി കുരുമുളക് വളളികൾ വച്ച് പിടിപ്പിക്കാനും ചിലർ ശ്രമം ആരംഭിച്ചു.മലമ്പനി കാരണം ഈ കാലഘട്ടത്തിൽ നിരവധി പേർ മരണപ്പെട്ടു.പത്തോളം പേരെ ആദ്യ ഘട്ടത്തിൽ തന്നെ മാനന്തവാടിയിലെ സെമിത്തേരിയിൽ സംസ്ക്കരിച്ചതായി പളളിയിലെ മരണ രജിസ്ട്രറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനം ഇല്ലായിരുന്നു. ഇക്കാലത്ത് പതിനഞ്ചിൽ താഴെ പേർ മാത്രമെ പയ്യമ്പളളിയിൽ ഉണ്ടായിരുന്നുളളു.പളളിയും പളളിക്കൂടവും അന്ന് ഒന്ന് തന്നെയായിരുന്നു.തലശ്ശേരി രൂപത ഉണ്ടായതോടെ കുടിയേറ്റ പ്രദേശങ്ങളെല്ലാം ആ രൂപതയുടെ കീഴിലായി.1957ൽ തലശ്ശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വളേളാപ്പിളളി പയ്യമ്പളളിയെ ഇടവകയായി ഉയർത്തി.ഇതോടെ തിരുവിതാംകൂറിൽ നിന്ന് കുടിയേറ്റം വയനാട്ടിലേക്ക് വർദ്ധിച്ചു. പുൽപ്പളളിയിലും വൻ തോതിൽ കുടിയേറ്റക്കാരെത്തി.പുൽപ്പളളിയിലെ കറുത്ത മണ്ണ് ഏറെ വളക്കൂറുളളതായിരുന്നു. കുരുമുളകാണ് പുൽപ്പളളിയിൽ അന്ന് തഴച്ച് വളരാൻ തുടങ്ങിയത്. അതേ പോലെ കൽപ്പറ്റ ഭാഗങ്ങളിൽ കാപ്പിയും.എല്ലാം കൊണ്ടും വയനാട് കാർഷിക ഭൂമിയായി മാറാൻ തുടങ്ങി. ഇതോടെ വയനാട്ടിലേക്ക് പുറത്ത് നിന്നുളളവരുടെ ശ്രദ്ധ പതിഞ്ഞു..കാർഷിക വിളകളിൽ നിന്ന് വൻ ലാഭവും ലഭിക്കാൻ തുടങ്ങി.ആളുകൾ വർദ്ധിക്കാൻ തുടങ്ങിയതോടെ റോഡുകളും യാത്രാസൗകര്യങ്ങളും ഉണ്ടായി.ജില്ലയിലെ ആദ്യത്തെ വിദ്യാലയം കൽപ്പറ്റയിൽ എസ്.കെ.എം.ജെ ആയിരുന്നു. ഇതോടെ വിദ്യാഭ്യാസ രംഗത്തും ഒരു കുതിച്ച് ചാട്ടത്തിലേക്ക് തുടക്കം കുറിച്ചു. പുൽപ്പളളി കറുത്ത പൊന്നിന്റെ നാടെന്നാണ് അറിയപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കുരുമുളക് കൃഷി പുൽപ്പളളിയിലായിരുന്നു. കുരുമുളകിന് വില കിട്ടിയതോടെ പുൽപ്പളളിയുടെ മുഖച്ഛായ തന്നെ മാറി. ഒരു വീട്ടിൽ മൂന്നും നാലും മഹീന്ദ്രവണ്ടികൾ.മഹീന്ദ്ര കമ്പനിക്കാർ അക്കാലത്ത് ഏറ്റവും കൂടുതൽ വാഹനം വിറ്റഴിച്ചത് വയനാട്ടിലായിരുന്നു. പുൽപ്പളളിയെ വികസന പാതയിലേക്ക് നയിക്കാൻ തിരുവിതാംകൂറിൽ നിന്നെത്തിയ ജനത കഠിനാദ്ധ്വാനം തന്നെ നടത്തി. കർണ്ണാടക സംസ്ഥാനത്തിന് അതിര് പങ്കിടുന്ന പ്രദേശം. കിഴക്കോട്ടൊഴുകുന്ന കബനി നദിയുടെ നീരൊഴുക്ക് പുൽപ്പളളിയുടെ ഐശ്വര്യമായി. സ്വാതന്ത്ര്യാനന്തരം വയനാട് കാർഷിക പരമായി ഉന്നതയിലെത്തി. വയനാട് വയൽനാട് എന്നറിയപ്പെട്ടു.തിരുനെല്ലിയിലും ചേകാടിയിലും വിശാലമായ നെൽവയലുകൾ പച്ച ചാലിച്ചു. വികസനം അങ്ങനെ നാനാ മേഖലകളിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ വയനാട് പുറം ലോകത്തേക്ക് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.വയനാടിന്റെ വരദാനമായിരുന്നു കാട്. പശ്ചിമ ഘട്ട മലനിരകൾ അത്രയ്ക്കും മനോഹരമായിരുന്നു.കഴുകൻ കണ്ണുമായാണ് പലരും വയനാട്ടിലേക്ക് ചുരം കയറിയത്. പ്രകൃതിയെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്നായിരുന്നു പലരുടെയും ചിന്ത.മരം മുറി തകൃതിയായി നടന്നു.പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങുമ്പോൾ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് എത്ര പേർക്കറിയാമായിരുന്നു?.

അതെക്കുറിച്ച് നാളെ...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.